ദുരന്ത നിവാരണത്തിന്‌ സ്ഥിരം സംവിധാനം

Thursday 13 March 2014 9:25 pm IST

തിരുവനന്തപുരം: അടുത്ത മണ്ഡലകാലം മുതല്‍ ശബരിമലയില്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്‌ എമര്‍ജന്‍സി റെസ്പോണ്‍സ്‌ ഓപ്പറേഷന്‍ സ്ഥിരം സെന്റര്‍ ആരംഭിക്കും. സെന്റര്‍ സ്ഥാപിക്കാനുള്ള സ്ഥലം ശബരിമലയില്‍ കണ്ടെത്താന്‍ ജില്ലാകളക്ടറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ മകരവിളക്കു സമയത്ത്‌ ഇതിന്റെ പെയിലറ്റ്‌ പ്രോജക്ട്‌ ശബരിമലയില്‍ ചെയ്തിരുന്നു. കേരളം കര്‍ണാടക ആന്ധ്രാപ്രദേശ്‌ തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളുടെ പോലീസ്‌ ഫയര്‍ ഫോഴ്സ്‌ എന്നിവയുടെ സഹായത്തോടു കൂടിയാണ്‌ പെയിലറ്റ്‌ പ്രോജക്ട്‌ നടപ്പാക്കിയത്‌.
പമ്പ മുതല്‍ സന്നിധാനം വരെയായിരുന്നു പെയിലറ്റ്‌ പ്രോജക്ട്‌. എന്നാല്‍ ഇത്തവണ പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രദേശങ്ങളും പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ദുരന്തനിവാരണ വകുപ്പ്‌ അധികൃതര്‍ പറഞ്ഞു. റെസ്പോണ്‍സ്‌ ടീമില്‍ ദുരന്ത മുഖത്തു നിന്നും ആള്‍ക്കാരെ രക്ഷിക്കാന്‍ പ്രത്യേകം ട്രെയിനിംഗ്‌ ലഭിച്ച പോലീസുകാരെ തെരഞ്ഞെടുക്കും. ഇവര്‍ക്കു ശബരിമലയില്‍ തന്നെയായിരിക്കും പൂര്‍ണ സമയവും ഡ്യൂട്ടി. ആദ്യഘട്ടത്തില്‍ 50 പോലീസുകാരായിരിക്കും സംഘത്തില്‍. അഗ്നിബാധ, പൊട്ടിത്തെറി, കൊക്കയില്‍ വീഴ്ച, തിരക്ക്‌ തുടങ്ങി എല്ലാ അപകടങ്ങളെയും ഫലപ്രദമായി തടയുന്നതിനും അവയില്‍ നിന്നും അപകടം സംഭവിച്ചവരെ സംരക്ഷിക്കുന്നതിനും സേനയ്ക്കു കഴിയും.
അടുത്ത മണ്ഡലകാലത്തിനു മുമ്പേ സെന്ററിന്റെ താത്ക്കാലിക പ്രവര്‍ത്തനമെങ്കിലും ആരംഭിക്കേണ്ടതായുണ്ട്‌. ഒരു ഏക്കര്‍ സ്ഥലമാണ്‌ വേണ്ടത്‌. സെന്റര്‍ സ്ഥാപിക്കുന്നതിനും ഫോഴ്സിനെ നിയമിക്കുന്നതിനുമായി ഏകദേശം 20 കോടി രൂപയോളം ചെലവു വരും. ഇത്‌ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നല്‍കാനും ധാരണയായിക്കഴിഞ്ഞു.
പമ്പയില്‍ കുളിക്കാനിറങ്ങുന്ന ഭക്തര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി ആഴം കൂടിയ കടവുകളിലിറങ്ങുന്നത്‌ സീസണ്‍ സമയത്ത്‌ നിരോധിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതനുസരിച്ച്‌ കഴിഞ്ഞ മകരവിളക്കു സമയത്ത്‌ പമ്പയിലെ 30 കടവുകള്‍ നിരോധിച്ചിരുന്നു. കൂടാതെ 65 കടവുകളില്‍ അപകട സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ അപകട സാധ്യതയുള്ള കടവുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുമെന്നാണ്‌ ദുരന്ത നിവാരണ അധികൃതര്‍ വ്യക്തമാക്കുന്നത്‌.
തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നതോടെ ശബരിമലയില്‍ ആരംഭിക്കാനിരുന്ന റെസ്പോണ്‍ സെന്ററിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിട്ടുണ്ട്‌. എന്നാല്‍ അടുത്ത മാസം പകുതിയോടെ വീണ്ടും സജീവമായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുമെന്നു അധികൃതര്‍ പറയുന്നു.
എ.എസ്‌. ദേവ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.