സഭാതര്‍ക്കം: കോലഞ്ചേരിയില്‍ നിരോധനാജ്ഞ

Sunday 11 September 2011 10:51 pm IST

കൊച്ചി: കോലഞ്ചേരി പള്ളിയിലെ ആരാധന സംബന്ധിച്ച്‌ ഓര്‍ത്തഡോക്സ്‌ യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കോലഞ്ചേരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാല്‌ ദിവസത്തേക്കാണ്‌ മൂവാറ്റുപുഴ ആര്‍ഡിഒ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയിലും കോട്ടൂര്‍ ചാപ്പലിലും ആരാധന നടത്തുന്നതിന്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ പള്ളിക്ക്‌ മുന്നില്‍ സമരം നടത്തിയിരുന്നു. സമരത്തെത്തുടര്‍ന്ന്‌ ഇരുകൂട്ടരേയും ആരാധന നടത്താന്‍ പോലീസ്‌ അനുവദിച്ചില്ല. കോലഞ്ചേരി പള്ളി 1934 ലെ സഭ ഭരണഘടനാപ്രകാരം ഭരിക്കപ്പെടണമെന്ന ജില്ലാ കോടതിയുടെ വിധിയെത്തുടര്‍ന്നാണ്‌ സംഭവങ്ങള്‍ക്ക്‌ തുടക്കം. ഈ വിധിക്കെതിരെ സ്റ്റേയ്ക്കായി യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ്‌ കുര്‍ബാനക്ക്‌ അവസരം നല്‍കണമെന്നാവശ്യപ്പെട്ട്‌ യാക്കോബായ വിഭാഗം പള്ളിയിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌. നേരത്തെ ഇവിടെ നിലനിന്നിരുന്ന വ്യവസ്ഥയനുസരിച്ച്‌ മാസത്തില്‍ രണ്ട്‌ ഞായറാഴ്ച ഓര്‍ത്തഡോക്സ്‌ വിഭാഗത്തിനും ഒരു ഞായറാഴ്ച യാക്കോബായ വിഭാത്തിനുമായിരുന്നു പള്ളിയില്‍ കുര്‍ബാന നടത്താനുള്ള സമയക്രമം. എന്നാല്‍ ജില്ലാ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ യാക്കോബായ വിഭാഗത്തിന്‌ ആരാധന നടത്താന്‍ ഓര്‍ത്തഡോക്സ്‌ വിഭാഗം സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന്‌ ഇരുവിഭാഗവും ഇന്നലെ പള്ളിക്ക്‌ മുന്നില്‍ സംഘടിച്ചതിനെത്തുടര്‍ന്ന്‌ പോലീസ്‌ ഇടപെട്ട്‌ രംഗം ശാന്തമാക്കി. ഇതിനിടെ കോടതിവിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്സ്‌ സഭ പരമാധ്യക്ഷന്‍ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയും ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ യാക്കോബായ വിഭാഗത്തിലെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയും ഇന്നലെ വൈകിട്ട്‌ കോലഞ്ചേരിയില്‍ നിരാഹാരം ആരംഭിച്ചു. പള്ളിക്ക്‌ മുന്നിലും കോട്ടൂര്‍ ചാപ്പലിന്‌ മുന്നിലുമായിട്ടാണ്‌ ഉപവാസസമരം നടത്തുന്നത്‌. നൂറുകണക്കിന്‌ വിശ്വാസികളും ഇവര്‍ക്കൊപ്പമുണ്ട്‌. ഇതേസമയം കോലഞ്ചേരിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്‌. പല ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികളും ഇവിടേക്ക്‌ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. പോലീസ്‌ ഇരുകൂട്ടരെയും സമാധാനപരമായി പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മൂവാറ്റുപുഴ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്റെയും പുത്തന്‍കുരിശ്‌ സിഐ പുരുഷന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്ഥലത്ത്‌ നിലയുറപ്പിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.