ഹിന്ദു താത്പര്യം സംരക്ഷിക്കുന്നവര്‍ക്ക്‌ മാത്രം വോട്ട്‌: ഹിന്ദു ഐക്യവേദി

Friday 14 March 2014 9:00 pm IST

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈന്ദവതാത്പര്യം സംരക്ഷിക്കുന്ന മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും മാത്രമേ വോട്ട്‌ രേഖപ്പെടുത്തുവെന്ന്‌ ഹിന്ദു ഐക്യവേദി. രാഷ്ട്രസുരക്ഷയും സ്ഥിരതയുമുള്ള ഭരണവും ഉറപ്പ്‌ നല്‍കാന്‍ സാധിക്കുന്ന മുന്നണി അധികാരത്തിലെത്തണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തെ പ്രീണിപ്പിക്കുന്ന നടപടികളാണ്‌ മുന്‍ ഭരണാധികാരികള്‍ നടത്തിയത്‌. മതപരമായ വിവേചനം ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യമാണ്‌ ഇന്ത്യ. വിധവകളേയും കുട്ടികളേയും മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്ന ഏക രാജ്യവും ഇന്ത്യയാണെന്നും അവര്‍ പറഞ്ഞു.
ഭൂരിപക്ഷ ജനത രണ്ടാംതരം പൗരന്മാരാണെന്ന അവഹേളനാപരമായ നിലപാടാണ്‌ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിച്ച് ഇസ്ലാമാക മതഭീകരവാദത്തിന്‌ മറയിടാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. കാവിഭീകരത എന്ന പ്രയോഗത്തിലൂടെ പൈതൃകത്തേയും സംസ്കാരത്തേയും സര്‍ക്കാര്‍ അപകീര്‍ത്തിപ്പെടുത്തുകയാണ്‌. നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ ഹൈന്ദവതാത്പര്യം സംരക്ഷിക്കുമെന്ന്‌ പ്രതീക്ഷയുണ്ടെന്നും ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു.
സാമുദായിക സംഘടനകളുമായി കൂടിയാലോചിച്ച്‌ തയ്യാറാക്കിയ ഹിന്ദു അവകാശ പത്രികയും ആനുകാലിക വിഷയങ്ങള്‍ അടങ്ങിയ നിവേദനവും സംസ്ഥാനത്തെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ മുന്നണികളും സ്ഥാനാര്‍ത്ഥികളും തയ്യാറാവാണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
114 സംഘടനകള്‍ ആണ്‌ ഹിന്ദു ഐക്യവേദിയില്‍ ഉള്ളത്‌. ഹിന്ദു സമൂഹത്തിന്‌ അനുകൂലമായി ഒരു വാക്ക്‌ പോലും പറയാത്തവര്‍ക്ക്‌ അനുകൂലമായ നിലപാട്‌ എടുക്കേണ്ട ആവശ്യമില്ലെന്നും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍.വി.ബാബു, ഇ.എസ്‌.ബിജു, സംസ്ഥാന സമിതിയംഗം ക്യാപ്റ്റന്‍ സുന്ദരം, വേണു കെ.ജി.പിള്ള എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.