വിദ്യാഭ്യാസ വായ്പ പലിശ ഇളവ്‌ നടപ്പായില്ല: ബാങ്കുകള്‍ നിയമനടപടികളിലേക്ക്‌

Friday 14 March 2014 11:31 pm IST

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ പലിശയിളവ്‌ പ്രഖ്യാപനം ജലരേഖയായി. വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നിയമനടപടികള്‍ സ്വീകരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ വെട്ടിലായി.
2012-ല്‍ ഒരുവര്‍ഷം മുടക്കം വരുത്തിയ വിദ്യാഭ്യാസ വായ്പാ പലിശകുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. 2013 വരെയുള്ള പലിശകുടിശ്ശിക എഴുതിത്തള്ളുമെന്നായിരുന്നു കേന്ദ്രപ്രഖ്യാപനം. കുടിശ്ശികയുള്ളവര്‍ കഴിഞ്ഞ 28നു മുമ്പ്‌ കളക്ട്രേറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ച്‌ അപേക്ഷ സമര്‍പ്പിച്ച്‌ കാത്തിരുന്നവരാണ്‍ നിയമനടപടികള്‍ നേരിടുന്നത്‌.
വിദ്യാഭ്യാസ വായ്പാകുടിശ്ശിക ഇളവു സംബന്ധിച്ച യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ്‌ ബാങ്കുകള്‍ പറയുന്നത്‌. കൂടാതെ ഒരുതരം വായ്പക്ക്‌ രണ്ടു സര്‍ക്കാരുകളുടെ ആനുകൂല്യം ലഭിക്കില്ലെന്നും ബാങ്ക്‌ അധിക്യതര്‍ വ്യക്തമാക്കുന്നു. കാര്‍ഷിക വായ്പയുടെ പലിശയിളവാണ്‌ ഉദാഹരണം.കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പയുടെ പലിശ നാലുശതമാനയി കുറച്ചതിനുശേഷമാണ്‌ 2012-13ലെ സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ കാര്‍ഷിക വായ്പകളില്‍ പലിശ എഴുതിത്തള്ളുമെന്ന്‌ പ്രഖ്യാപിച്ചത്‌. പ്രഖ്യാപനം വന്ന്‌ രണ്ടു വര്‍ഷമായിട്ടും പലിശയിളവു സംബന്ധിച്ച യാതൊരു നടപടിയും ഉണ്ടായില്ല.
വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ജീവനക്കാര്‍ കുടിശ്ശികക്കാരുടെ വീടുകള്‍ കയറിയിറങ്ങുകയാണ്‌. കളക്ട്രേറ്റില്‍ അപേക്ഷ നല്‍കിയെന്നു പറഞ്ഞവരോട്‌ ഇതുസംബന്ധിച്ച ഉത്തരവ്‌ ലഭിച്ചിട്ടില്ലെന്നാണ്‌ മറുപടി. കളക്ട്രേറ്റില്‍ വിവരം തിരക്കിയപ്പോള്‍ അപേക്ഷ വാങ്ങാനേ ഉത്തരവ്‌ വന്നിട്ടുള്ളുവെന്നും തുടര്‍നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നുമാണ്മറുപടി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ്‌ ബാങ്കുകള്‍ മുന്നോട്ടു വയ്ക്കുന്നത്‌. നിയമനടപടികള്‍ ഭയന്ന്‌, ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയപ്പോള്‍ അവിടെയും ബാങ്കുകള്‍ കൊള്ളയടിക്കുകയാണ്‌. ഇരട്ടിയിലധികം പലിശയാണ്‌ ഈടാക്കുന്നത്‌.
തെരഞ്ഞെടുപ്പ പ്രഖ്യാപനം വന്നാല്‍ വായ്പകളുമായി ബന്ധപ്പെട്ട്‌ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ല. ഈ വിവരം ചൂണ്ടിക്കാട്ടിയവരോട്‌ നിയമ നടപടികളിലേക്കു പോയിട്ടില്ലെന്നും നിയമോപദേശകര്‍ക്കു ഫയലുകള്‍ കൈമാറിയിട്ടേയുള്ളുവെന്നുമാണ്‌ വിശദീകരണം. വിദ്യാര്‍ത്ഥിനികളെയാണ്‌ ബാങ്ക്‌ ജീവനക്കാര്‍ കൂടുതല്‍ ഭീഷണിപ്പെടുത്തുന്നത്‌. വായ്പാകുടിശികയുള്ളവരുടെ പേരില്‍ കേസ്ഫയല്‍ ചെയ്തെന്നും കോടതിയില്‍ പോയി ജാമ്യം എടുക്കേണ്ടി വരുമെന്നുമാണ്‍ഭീഷണി. ഇത്തരം നിയമനടപടികളില്‍പ്പെട്ടാലുള്ള പ്രത്യാഘാതങ്ങള്‍ ഭയന്ന്‌ കിടപ്പാടം വിറ്റും വായ്പാകുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള നീക്കത്തിലാണ്‌ വിദ്യാര്‍ത്ഥിനികള്‍.
തെരഞ്ഞെടുപ്പായതിനാല്‍ ഉത്തരവൊന്നും ഉടന്‍ നടപ്പിലാകില്ലെന്നതിനാല്‍ പരമാവധി തുക തിരിച്ചു പിടിക്കാനുള്ള അവസരം മുതലാക്കുകയാണ്‌ ബാങ്കുകള്‍.
അജി ബുധനൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.