ഗതാഗത പരിഷ്ക്കാരത്തില്‍ ആശങ്ക

Sunday 11 September 2011 11:24 pm IST

കൊച്ചി: നഗരത്തില്‍ ഇന്നുമുതല്‍ നടപ്പിലാക്കുന്ന നഗാഗതപരിഷ്ക്കാരത്തില്‍ വ്യാപാരസമൂഹത്തിനും നാട്ടുകാര്‍ക്കും ആശങ്കകളും പ്രതിഷേധവും. ഗതാഗത പരിഷ്ക്കാരത്തിന്‌ മുമ്പ്‌ ഈ മേഖലയിലെ നിരവധി റോഡുകള്‍ വീതികൂട്ടി കൂടുതല്‍ സൗകര്യമൊരുക്കുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ റോഡുകളെല്ലാം തകര്‍ന്ന്‌ കിടക്കുകയാണ്‌. പ്രധാനറോഡായ ചിറ്റൂര്‍ റോഡ്‌ പൂര്‍ണമായും തകര്‍ന്ന്‌ കിടക്കുകയാണ്‌. തകര്‍ന്നറോഡിന്റെ പലഭാഗത്തും അറ്റകുറ്റപ്പണികള്‍ക്കായി മെറ്റലും മറ്റ്‌ സാമഗ്രികളും കൂട്ടിയിട്ടിരിക്കുകയാണ്‌ സൗത്ത്‌ ഭാഗത്ത്‌ ഗതാഗതം തടഞ്ഞ്‌ അറ്റകുറ്റപ്പണി നടത്തുന്നത്‌ മൂലം എംജി റോഡില്‍ വന്‍ഗതാഗതക്കുരുക്കാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. പുല്ലേപ്പടി റോഡ്‌ വീതികൂട്ടി പണിതീര്‍ത്താല്‍ മാത്രമെ നോര്‍ത്ത്‌ പാലത്തിലൂടെയുള്ള വാഹനങ്ങള്‍ ഈ വഴിതിരിച്ച്‌ വിടുവാന്‍ കഴിയൂ. ഈ രണ്ട്‌ പ്രധാനറോഡുകള്‍ ഉള്‍പ്പെടെ വീതികൂട്ടുകയും പൊളിഞ്ഞ്‌ കിടക്കുന്ന റോഡുകള്‍ പൂര്‍ണമായും ഗതാഗതയോഗ്യമാക്കുകയും ചെയ്തശേഷം മാത്രമെ ഗതാഗതപരിഷ്ക്കാരം നടത്തുവാന്‍ പാടുള്ളുവെന്ന്‌ വ്യാപാരികള്‍ ആവശ്യപ്പെടുന്നു. പൊട്ടിപൊളിഞ്ഞറോഡുകളിലൂടെ ഗതാഗതം തിരിച്ച്‌ വിടുമ്പോള്‍ കടുത്ത ഗതാഗത സ്തംഭനത്തിലൂടെ ജനങ്ങള്‍ നരകയാതന അനുഭവിക്കേണ്ടിവരും. വര്‍ഷത്തില്‍ ഏറ്റവും തിരക്കേറിയ സമയമാണ്‌ ഓണം- റംസാന്‍ സമയം. ഈ സമയത്താണീ പരീക്ഷണം. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം നടത്തേണ്ടഗതാഗതപരീക്ഷണം തിടുക്കത്തില്‍ നടത്തുന്നത്‌ വലിയ പ്രശ്നങ്ങള്‍ക്ക്‌ ഇടയാക്കും. അശാസ്ത്രീയമായ ഈ പരീക്ഷണത്തെ ചെറുക്കാനുള്ള നീക്കത്തിലാണ്‌ വ്യാപാരി സമൂഹവും യാത്രക്കാരുടെ സംഘടനകളും. കഴിഞ്ഞമാസം രാത്രി 2 മണിക്കൂര്‍ നടത്തിയ ഗതാഗതപരിക്ഷണം കൊച്ചിനഗരത്തെ വീര്‍പ്പ്മുട്ടിച്ചിരുന്നു. മണിക്കൂറുകളോളമാണ്‌ ഗതാഗത സ്തംഭനമുണ്ടായത്‌. ഇന്നുമുതലുള്ള പരീക്ഷണത്തെ ഏറെ ആശങ്കയോടെയാണ്‌ ഏവരും വീക്ഷിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.