കോണ്‍ഗ്രസുകാര്‍ക്ക്‌ ജനങ്ങളെ പേടി

Sunday 21 September 2014 10:10 am IST

ന്യൂദല്‍ഹി: ധനമന്ത്രി ചിദംബരം ഒന്നുറപ്പാക്കി, ഇനി കേന്ദ്രഭരണത്തിന്‌ സാധ്യതയില്ല. അതുകൊണ്ട്‌ സുപ്രീംകോടതിയിലെ തന്റെ പഴയ വക്കീല്‍പണി തുടങ്ങാന്‍ ഒരുക്കങ്ങള്‍ ചെയ്യുന്നു. ന്യൂദല്‍ഹിയിലെ, ഏറെനാളായി അദ്ദേഹം ചെല്ലാത്ത വക്കീല്‍ ഓഫീസില്‍ പുതിയ ഇന്റീരിയര്‍ ഡക്കറേഷനുകള്‍ ചെയ്യുകയാണ്‌ ജോലിക്കാര്‍. അതുകൂടാതെ കോളം എഴുത്തിന്‌ ചില പ്രമുഖ വാരികകളുമായി കരാര്‍ ഉണ്ടാക്കിയെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്‌.
മത്സരിക്കാന്‍ തയ്യാറല്ലെന്ന്‌ പല വമ്പന്മാരും വ്യക്തമാക്കിയ സാഹചര്യത്തില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതരായവര്‍ മണ്ഡലം മാറാനുള്ള തിരക്കിലാണ്‌. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസിന്റെ പല സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ മടിക്കുകയാണ്‌. അഞ്ചുവര്‍ഷം എംപിയായിരുന്ന മണ്ഡലത്തില്‍ ഇനി ഒരിക്കല്‍ക്കൂടി വോട്ടു ചോദിക്കാന്‍ ഭയക്കുകയാണ്‌ പല കോണ്‍ഗ്രസ്‌ എംപിമാരും. മണ്ഡലം മാറാനുള്ള അപേക്ഷകള്‍ കുന്നുകൂടിയതിനെത്തുടര്‍ന്ന്‌ ഒരു അപേക്ഷയും പരിഗണിക്കേണ്ടെന്ന തീരുമാനത്തിലാണത്രെ കോണ്‍ഗ്രസ്‌ നേതൃത്വം.
കേന്ദ്ര സാംസ്കാരികവകുപ്പുമന്ത്രി ചന്ദ്രേഷ്‌ കുമാരി കടോച്ച്‌ രാജസ്ഥാനിലെ ബിജെപി മേല്‍ക്കൈ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ മണ്ഡലമായ ജോഥ്പൂരില്‍ മത്സരിക്കാന്‍ തയ്യാറല്ല. അയല്‍ സംസ്ഥാനമായ ഹിമാചലിലെ കാംഗ്രയിലേക്ക്‌ മാറാന്‍ പാര്‍ട്ടിക്ക്‌ അപേക്ഷ കൊടുത്തുകഴിഞ്ഞു. എന്നാല്‍ ഹിമാചലിലെ ബിജെപി അനുകൂല അന്തരീക്ഷത്തില്‍ മണ്ഡലം മാറിയിട്ടും കാര്യമില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം പറയുന്നത്‌. ഹൈക്കമാന്റാകട്ടെ മണ്ഡലം മാറ്റത്തെ പിന്തുണക്കുന്നുമില്ല. മറ്റൊരു കേന്ദ്രമന്ത്രി സി.പി. ജോഷി ഭില്‍വാര മണ്ഡലത്തില്‍നിന്ന്‌ ഗ്രാമീണ ജോഥ്പൂരിലേക്ക്‌ ചേക്കേറാന്‍ ശ്രമിക്കുകയാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ ആളാണ്‌ ഈ കോണ്‍ഗ്രസ്‌ നേതാവെന്ന്‌ ഓര്‍മ്മിക്കണം. മന്ത്രി സച്ചിന്‍ പെയിലറ്റാകട്ടെ അജ്മീര്‍ മണ്ഡലത്തില്‍നിന്ന്‌ സവായ്‌ മാധവ്പൂരിലേക്ക്‌ മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടു.
കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ ആകെ വിഷമത്തിലാണ്‌. ഇവരെല്ലാം മണ്ഡലം മാറിയാലും വിജയിക്കുമെന്നുറപ്പില്ല. പക്ഷേ കൂട്ടത്തോടെ മണ്ഡലം മാറ്റാനനുവദിച്ചാല്‍ തെരഞ്ഞെടുപ്പിന്‌ മുമ്പേ തോല്‍വി സമ്മതിച്ചതിന്‌ തുല്യമാകും. അതിനാല്‍ ആരുടെയും മാറ്റത്തിനുള്ള ആവശ്യം കേട്ടില്ലെന്ന്‌ കരുതാനാണ്‌ തീരുമാനം.
നഗൗര്‍ എംപി ജ്യോതി മിര്‍ഥയും രാജസ്ഥാനില്‍ ഒരു സുരക്ഷിത മണ്ഡലം തേടുകയാണ്‌. മുന്‍മുഖ്യമന്ത്രി നാഥുറാം മിര്‍ഥയുടെ ചെറുമക്കളായ ജ്യോതി, ജാട്ട്‌ സമുദായത്തിന്റെ പിന്തുണ ഏറെ അവകാശപ്പെടുന്നവരാണ്‌. പക്ഷേ ബിജെപിയുടെ പ്രഭാവത്തില്‍ ഇത്തവണ രാജസ്ഥാനില്‍ എവിടെനിന്നും കടന്നുകൂടാനിടയില്ലെന്നാണ്‌ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ സംസ്ഥാനം മാറാനുള്ള സാധ്യതയാണ്‌ അവര്‍ ആരായുന്നത്‌.
ഉത്തരാഖണ്ഡിലെ മുന്‍മുഖ്യമന്ത്രി വിജയ്‌ ബഹുഗുണയോട്‌ മത്സരിക്കാന്‍ ഹൈക്കമാന്റ്‌ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സുരക്ഷിത മണ്ഡലം സംസ്ഥാനത്തില്ലാത്തതിനാല്‍ മത്സരിക്കാനേ ഇല്ലെന്ന്‌ അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചുകഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.