പരാതിയുമായി മുന്നോട്ട് പോകും - പി.സി ജോര്‍ജ്

Monday 12 September 2011 5:02 pm IST

കൊച്ചി: പാമോയില്‍ കേസുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രപതിക്ക്‌ അയച്ച പരാതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌. ആരോടും അഭിപ്രായം ചോദിച്ചിട്ടല്ല പരാതി നല്‍കിയത്‌. പൗരന്റെ അവകാശം സംരക്ഷിക്കാന്‍ ആരുടേയും ഔദാര്യം തനിക്കാവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതിയില്‍ ജുഡീഷ്യറിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും പി.സി.ജോര്‍ജ്ജ്‌ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതിയോട്‌ എന്നും ബഹുമാനം മാത്രമാണുള്ളത്. കോടതിയെ അപമാനിക്കുന്ന എന്തെങ്കിലും പരാമര്‍ശമുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോടും അഭിപ്രായം ചോദിച്ചിട്ടല്ല പരാതി നല്‍കിയത്‌. പൗരന്റെ അവകാശം സംരക്ഷിക്കാന്‍ ആരുടേയും ഔദാര്യം തനിക്കാവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി റൂളിംഗ്‌ രാജ്യത്തിന്റെ നിയമമാണ്‌. ആ നിയമം അനുസരിച്ച്‌ പരാതികൊടുക്കുന്നയാള്‍ ആരാണ്‌, എന്താണ്‌ എന്ന്‌ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഇല്ലെങ്കില്‍ സത്യം മറച്ചുവച്ചതിന്‌ നടപടി ഉണ്ടാകും. അങ്ങനെ നടപടി ഉണ്ടാകാതിരിക്കാനാണ്‌ എം.എല്‍.എ എന്നും ചീഫ്‌ വിപ്പ്‌ എന്നും പരാതിയില്‍ വ്യക്തമാക്കിയത്‌. ഒരു പൗരനെന്ന നിലയില്‍ ഈ പരാതി സ്വീകരിക്കണം എന്ന്‌ കത്തിന്റെ തുടക്കത്തില്‍ തന്നെ എഴുതിയിട്ടുണ്ട്‌. അതുകൊണ്ട്‌ ചീഫ്‌ വിപ്പ്‌ സ്ഥാനവും പരാതിയും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ ആരും ശ്രമിക്കരുത്‌. എന്റെ പോരാട്ടത്തില്‍ ചീഫ്‌ വിപ്പ്‌ സ്ഥാനം ഭാരമായി മാറിയാല്‍ പാര്‍ട്ടി നേതാവായ മാണിസാറിന്റെ അനുവാദത്തോടെ ആ നിമിഷം സ്ഥാനം വലിച്ചെറിയും. വി.എസ്‌. അച്യുതാനന്ദന്‍ എനിക്ക്‌ ഒന്നും തന്നിട്ടുമില്ല, ഞാന്‍ വാങ്ങിയിട്ടുമില്ല. അതുകൊണ്ടുതന്നെ വി.എസ്‌. പറഞ്ഞാല്‍ രാജിവയ്ക്കാന്‍ എനിക്ക്‌ സൗകര്യമില്ല. അച്യുതാനന്ദന്‍ കാരണവരും, പിണറായി മുതലാളിയും പരാതി വായിക്കാതെ വിമര്‍ശനം ഉന്നയിക്കരുതെന്നും ജോര്‍ജ്ജ്‌ പറഞ്ഞു. ജഡ്ജിമാരെ ശുംഭനെന്നു വിളിച്ച ഒരാളെ ചുമന്നു കൊണ്ടു നടക്കുന്ന വി.എസിനും പിണറായിക്കും താന്‍ രാജിവയ്ക്കണമെന്നു പറയാന്‍ ഒരു അവകാശവുമില്ല. അവര്‍ ആദ്യം എം.വി. ജയരാജനെ പുറത്താക്കട്ടെ. അതിനു ശേഷം എന്റെ അടുത്തു വന്നാല്‍ മതി. പാമോയില്‍ കേസിലെ വിധിയെ ജസ്റ്റീസ്‌ കൃഷ്‌ണയ്യരും, അഡ്വക്കേറ്റ്‌ കാളീശ്വരം രാജും എതിര്‍ത്തിട്ടുണ്ടെന്നും പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.