അകന്നു പോയത്‌ പഞ്ചാരിയുടെ പൊലിമ

Saturday 15 March 2014 8:21 pm IST

അനുസ്മരണം ഉത്സവപ്പറമ്പുകളുടെ അധീശനായി പഞ്ചാരിയും പാണ്ടിയും വായിച്ചു നിറയ്ക്കാന്‍ ഇനി അച്ചുമ്മാനില്ല. നടപ്പുരകളെ വെല്ലുവിളിച്ചിരുന്ന തൃപ്പേക്കുളത്തിന്റെ മേളത്തിന്റെ കെട്ടുറപ്പ്‌ അതിഗംഭീരം. കയ്യും കോലും ഒരു പോലെ സ്വാധീനമായിരുന്ന ഇദ്ദേഹത്തിന്‌ മേളങ്ങളെല്ലാം ഒരുപോലെ വഴങ്ങുമായിരുന്നു. തകിലു വാദനക്കാരനായതിന്റെ കൊഴുപ്പ്‌ മേളത്തിലും നിഴലിച്ചിരുന്നു. തൃശൂര്‍ പൂരത്തിന്റെ പ്രസിദ്ധമായ മഠത്തില്‍ വരവില്‍ അന്നമനടക്കാര്‍ക്കൊപ്പം തിമിലനിരയില്‍ നിലകൊണ്ടിരുന്ന കാലമുണ്ടായിരുന്നു അദ്ദേഹത്തിന്‌. പിന്നീട്‌ അതിന്‌ മാറ്റം വന്നു. മേളത്തിന്റെ മേഖലയിലേക്ക്‌ ശ്രദ്ധ തിരിച്ചു. പെരുവനത്തിന്റെ മേളവഴിയില്‍ ഇടതടവില്ലതെ പ്രയോഗിച്ചതിന്റെ വഴക്കം തൃപ്പേക്കുളത്തിനെ മേള പ്രമാണിയാക്കി. ഭാവ ഗാംഭീര്യം നിറഞ്ഞ സവിശേഷമേളത്തിന്റെ വഴിയിലൂടെ സധൈര്യം കൊട്ടിക്കയറിയ കാലപ്രമാണം കൈവിടാത്ത അപൂര്‍വ പ്രതിഭയായിരുന്നു മാരാര്‍.
ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, പെരുവനം, ആറാട്ടുപുഴ തുടങ്ങിയ എണ്ണം പറഞ്ഞ മേളത്തിന്റെ നാഥന്‍കൂടിയാണ്‌ അച്യുതമാരാര്‍. കൊട്ടിതിമര്‍ക്കുന്ന നേരത്തും ഭാവമാറ്റം അദ്ദേഹത്തിന്റെ മുഖത്തു കാണില്ല. പൊക്കം കുറഞ്ഞ പ്രകൃതക്കാരന്‍ നിലയുറപ്പിച്ചത്‌ ഏറെ ഉയരത്തിലായിരുന്നു. അതുതിരിച്ചറിഞ്ഞത്‌ തൃപ്പേക്കുളം അച്ചുതമാരാണ്‌. പതികാലത്തിന്റെ നിലയും അഞ്ചാം കാലത്തിന്റെ വീറും കണിശത നിറഞ്ഞതായിരുന്നു. 1990 മുതല്‍ 14 വര്‍ഷക്കാലം തിരുവമ്പാടിയിലെ മേളത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന ഇദ്ദേഹം. (ഇലഞ്ഞിച്ചുവട്ടില്‍ മേളം പ്രകമ്പനം കൊള്ളുമ്പോള്‍ പടിഞ്ഞാറെ നടയില്‍ പാണ്ടി ഇരമ്പിയാര്‍ക്കുന്ന കാലം മുണ്ടായിരുന്നു.) പ്രവൃത്തിയില്‍ നിശ്ചയദാര്‍ഢ്യം പുലര്‍ത്തിയിരുന്നതിനാല്‍ തന്നെ ആസ്വാദകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അച്ചുമ്മാന്‍ പ്രിയങ്കരനായിരുന്നു.
ഊരകത്തമ്മയുടെ നടയില്‍ പൂജകൊട്ടി വളര്‍ന്ന അച്ചുതമാരാര്‍ കലാകാരനായതില്‍ അത്ഭുതപ്പെടാനില്ല. തൊണ്ണൂറ്റഞ്ച്‌ വയസ്സു നടപ്പുള്ള ഇരിങ്ങാലക്കുടയുടെ നാഥനായ കൂടല്‍മാണിക്യ സ്വാമിയുടെ നടയിലായിരുന്നു താമസം. വീരശൃംഖല, സര്‍ക്കാര്‍ പുരസ്ക്കാരം തുടങ്ങിയവ അച്യുതമാരാര്‍ക്കു അന്യമല്ല.മേളത്തിന്റെ മര്‍മ്മമറിഞ്ഞിരുന്ന ഒരുതലമുറയുടെ അവസാനകണ്ണിയും നമ്മില്‍ നിന്നകന്നു. അച്ചുമ്മാമന്റെ പിന്‍തലമുറ പ്രമാണിമാരായി ശീവേലിപ്പുരയില്‍ പതികാലം നിരത്തിവരുന്നുണ്ട്‌.
പാലേലി മോഹന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.