ഹിറ്റ്ലര്‍ ആരുടെ ആദര്‍ശപുരുഷന്‍?

Saturday 15 March 2014 9:28 pm IST

രാഹുല്‍ഗാന്ധി, ഗുജറാത്തില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോദിയെ അഡോള്‍ഫ്‌ ഹിറ്റ്ലറോട്‌ ഉപമിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അമ്മൂമ്മ ഇന്ദിരാഗാന്ധി രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975ല്‍ രാഹുല്‍ഗാന്ധി ഒരു കൊച്ചുകുട്ടിയായിരുന്നു. 19 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥക്കാലത്ത്‌ നടന്ന സംഭവങ്ങളെപ്പറ്റി അദ്ദേഹത്തിനൊന്നും അറിയില്ല. അന്നു ഞാന്‍ കോളേജ്‌ വിദ്യാര്‍ത്ഥിയായിരുന്നു. ഒരു വിദ്യാര്‍ത്ഥി നേതാവെന്ന നിലയിലും ജയപ്രകാശ്‌ നാരായണന്റെ പ്രസ്ഥാനത്തില്‍ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയിലും ആ 19 മാസക്കാലവും ഞാന്‍ ജയിലിലാണ്‌ കഴിഞ്ഞത്‌. 'രണ്ട്‌ അടിയന്തരാവസ്ഥാ കാലഘട്ടങ്ങളുടെ കഥ' എന്ന ശീര്‍ഷകത്തില്‍ അന്ന്‌ രഹസ്യമായി പ്രചാരത്തിലുണ്ടായിരുന്ന ഒരു രേഖ ഞാന്‍ വായിക്കാനിടയായി. അത്‌ രചിച്ചത്‌ ശ്രീ. എല്‍.കെ. അദ്വാനിയാണെന്ന്‌ പില്‍ക്കാലത്ത്‌ ഞാന്‍ അറിഞ്ഞു. അദ്വാനിജി തന്റെ ജയില്‍ ഓര്‍മ്മകള്‍ വിവരിച്ച്‌ രചിച്ച 'ഒരു തടവുകാരന്റെ പുസ്തകശകലം' എന്ന രചനയില്‍ ഈ രേഖ അനുബന്ധമായി നല്‍കിയിട്ടുണ്ട്‌. വില്യം ഷിറര്‍ രചിച്ച നാസി ജര്‍മ്മനിയുടെ ആധികാരിക ചരിത്രം ആധാരമാക്കിയുള്ളതാണ്‌ ഈ രേഖ. ഷിറററുടെ പുസ്തകത്തിന്റെ ശീര്‍ഷകം 'മൂന്നാം ജര്‍മ്മന്‍ റിപ്പബ്ലിക്കിന്റെ ഉയര്‍ച്ചയും പതനവും' എന്നായിരുന്നു. ജയിലില്‍ വച്ച്‌ ആ പുസ്തകത്തിന്റെ ഒരു പ്രതി ഞാന്‍ കരസ്ഥമാക്കി കുറേ ആഴ്ചകള്‍ അതു വായിച്ചു. അതു വായിച്ചപ്പോള്‍ അഡോള്‍ഫ്‌ ഹിറ്റ്ലറില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഒരേയൊരു നേതാവ്‌ ഇന്ദിരാഗാന്ധി ആയിരുന്നു എന്ന്‌ നിസ്സംശയം എനിക്ക്‌ ബോദ്ധ്യപ്പെട്ടു. ഹിറ്റ്ലറും ഇന്ദിരാഗാന്ധിയും തമ്മിലുള്ള താരതമ്യം ഞെട്ടിക്കുന്നതായിരുന്നു.
ഹിറ്റ്ലര്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആകുന്നത്‌ 1933 ജനുവരി മാസത്തിലായിരുന്നു. അധികാരമേറ്റെടുത്ത്‌ ഒരു മാസത്തിനകം രാജ്യത്തിന്റെയും ജനങ്ങളുടെയും സംരക്ഷണത്തിനായി അടിയന്തരാവസ്ഥപ്രകാരം അധികാരം ചെലുത്തി. അതിലൂടെ വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്ര സംഭാഷണം, മൗലികാവകാശങ്ങള്‍, സ്വകാര്യത എന്നിവയ്ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ചുട്ടെരിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ഗൂഢാലോചന നടത്തുന്നു എന്ന ന്യായമാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്‌ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ തലേദിവസം ജര്‍മ്മന്‍ സ്റ്റാഗില്‍ ഒരു തീപിടിത്തമുണ്ടായി എന്നതാണ്‌ അദ്ദേഹം കണ്ടെത്തിയ ഉപായം. എന്നാല്‍, പിന്നീട്‌ ന്യുറംബര്‍ഗില്‍ നടന്ന വിചാരണയില്‍ ഈ തീപിടിത്തം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന്‌ കണ്ടെത്തി. ഇന്ദിരാജിയും ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു - 1975 ജൂണ്‍ 26ന്‌. അന്യായമായ ഉത്തരവുകള്‍ ലംഘിക്കാന്‍ ഉദ്ബോധിപ്പിച്ച്‌ ജയപ്രകാശ്‌ നാരായണന്‍ രാജ്യത്തെ സൈന്യത്തെ ഇളക്കിവിട്ട്‌ പ്രക്ഷോഭം നയിക്കാനൊരുങ്ങുന്നു എന്നായിരുന്നു അവര്‍ കണ്ടെത്തിയ കാരണം. ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങള്‍ ഉള്‍പ്പെടെ എല്ലാ മൗലികാവകാശങ്ങളും അവര്‍ തടഞ്ഞു. അവര്‍ പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുകയും സ്വതന്ത്ര നീതിന്യായസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുകയും ചെയ്തു. പൗരന്റെ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ തടവുകാരന്‍ ജയിലില്‍ കൊല്ലപ്പെട്ടാല്‍ അവര്‍ക്ക്‌ മറ്റ്‌ അവലംബമൊന്നുമില്ലെന്ന്‌ ഇന്ദിരാഗാന്ധിയുടെ ഒരു അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി മുമ്പാകെ വാദിച്ചു. ആ സാഹചര്യവുമായി സന്ധിചെയ്ത്‌ സുപ്രീംകോടതി ആ വാദം അംഗീകരിക്കുകയാണുണ്ടായത്‌. ഇരുപതിന പരിപാടി പ്രഖ്യാപിച്ചുകൊണ്ട്‌ ഇന്ദിര പറഞ്ഞത്‌ അടിയന്തരാവസ്ഥ രാജ്യത്തിന്റെ അച്ചടക്കവും പുരോഗതിയും ലക്ഷ്യം വച്ചാണ്‌ എന്നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ നടപ്പാക്കാനായി ഹിറ്റ്ലറും ഒരു 25 ഇന പരിപാടിക്ക്‌ രൂപം നല്‍കിയിരുന്നു.
ഹിറ്റ്ലര്‍ക്ക്‌ ജര്‍മ്മന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം പ്രതിപക്ഷത്തെ 91 അംഗങ്ങളെ തടഞ്ഞുവച്ച്‌ പാര്‍ലമെന്റിലെ ആകെ വോട്ടുകളുടെ എണ്ണം കുറച്ചു. അതിലൂടെ ഭരണഘടന ഭേദഗതി ചെയ്ത്‌ സ്വയം സമ്പൂര്‍ണ്ണമായ അധികാരം കല്‍പിച്ചു കൊടുക്കുകയും ചെയ്തു. ഇന്ദിരയും ധാരാളം പ്രതിപക്ഷ എം.പി.മാരെ തടങ്കലിലാക്കുകയും ഭരണഘടനയ്ക്ക്‌ ഭീകരമായ 42-ാ‍ം ഭേദഗതി കൊണ്ടുവരികയും ചെയ്തു. ഈ ഭേദഗതികള്‍ മിക്കതും അടിയന്തരാവസ്ഥയ്ക്കുശേഷം റദ്ദു ചെയ്യപ്പെട്ടു. അവര്‍ ഒരു പടികൂടി മുന്നോട്ടു പോയി പാര്‍ലമെന്റ്‌ നടപടി ക്രമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്‌ മാധ്യമങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കുന്ന നിയമം റദ്ദു ചെയ്യപ്പെട്ടു.
മേല്‍വിവരിച്ച രണ്ട്‌ അടിയന്തരാവസ്ഥ ഭരണങ്ങളെ പിന്തുണച്ചവരുടെ പ്രസ്താവനയുടെ സ്വരം ഒന്നുതന്നെയാണ്‌. ഹിറ്റ്ലറുടെ പ്രചാരണവകുപ്പുമന്ത്രി ഗീബല്‍സ്‌ പ്രഖ്യാപിച്ചത്‌ 'ജര്‍മ്മന്‍ വിപ്ലവം ആരംഭിച്ചു' എന്നായിരുന്നു. ഇന്ത്യയിലെ അവകാശവാദം രാജ്യം 'വിപ്ലവസമാനമായ എന്തിലൂടെയോ കടന്നുപോകുന്നു' എന്നായിരുന്നു. മുന്‍കൂര്‍ സെന്‍സര്‍ഷിപ്പിനു വിധേയമാക്കിയല്ലാതെ ഒരു വാര്‍ത്തയും മാധ്യമങ്ങള്‍ക്ക്‌ പ്രസിദ്ധീകരിക്കാനാകുമായിരുന്നില്ല.
അടിയന്തരാവസ്ഥക്കാലത്ത്‌ മാധ്യമങ്ങളുടെ ദുരുപയോഗം ലക്ഷ്യമിട്ട്‌ അവയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള ധവളപത്രം അന്ന്‌ നിലനിന്നിരുന്ന സെന്‍സര്‍ഷിപ്പിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു. നെഹ്‌റു കുടുംബത്തിന്റെ ആഭിമുഖ്യത്തിലുള്ള 'ദ നാഷണല്‍ ഹെറാള്‍ഡ്‌' എന്ന പത്രം രാജ്യത്ത്‌ ഏകപാര്‍ട്ടി സംവിധാനമാണ്‌ അഭിലഷണീയം എന്ന്‌ ഉദ്ഘോഷിച്ചു. ആ സിദ്ധാന്തം അടിച്ചേല്‍പ്പിച്ചുകൊണ്ടാവരുത്‌, മറിച്ച്‌ സ്വാഭാവികമായി ആവിര്‍ഭവിക്കേണ്ടതാണ്‌. രാജ്യത്തെ എല്ലാ പ്രതിപക്ഷപ്രവര്‍ത്തകരെയും തടങ്കലിലാക്കി. ഇരുട്ടിന്റെ മറവില്‍ അവരെ അറസ്റ്റു ചെയ്തുകൊണ്ടുപോയി.
പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്തെ പ്രതിരോധനിയമങ്ങള്‍ പ്രകാരം വ്യാജ പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട്‌ ആവശ്യപ്പെട്ടു. ഇപ്രകാരം ലക്ഷക്കണക്കിന്‌ വ്യാജ പ്രഥമ വിവര റിപ്പോര്‍ട്ടുകളാണ്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌. ആഭ്യന്തര സുരക്ഷാ പരിപാലന നിയമപ്രകാരം ആയിരക്കണക്കിനാളുകള്‍ തടങ്കലിലാക്കപ്പെട്ടു. തടങ്കലിലാക്കപ്പെട്ടതിനുള്ള കാരണം ബോധിപ്പിക്കേണ്ടതില്ലെന്ന്‌ വരുത്തുന്നതിനായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്തു. എന്നാല്‍ തടങ്കലിലാക്കാനായി പുറപ്പെടുവിച്ച ഈ തെറ്റായ ഉത്തരവുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന്‌ വിവിധ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജികളില്‍ സുപ്രീംകോടതി ഉത്തരവായി.
പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെരഞ്ഞെടുപ്പ്‌ കുറ്റങ്ങള്‍ പോലും നീതീകരിക്കാനാവുന്നതല്ല എന്ന്‌ ഭരണഘടനയുടെ 39-ാ‍ം ഭേദഗതി അനുശാസിക്കുന്നു. മറ്റേതൊരു സാധാരണ മനുഷ്യനെയും പോലെ അഡോള്‍ഫ്‌ ഹിറ്റ്ലറെയും ശിക്ഷയ്ക്കു വിധേയമാക്കാവുന്ന വിധത്തില്‍ ഒരു പുതിയ നിയമവ്യവസ്ഥയ്ക്കു രൂപം നല്‍കിയ പില്‍ക്കാലത്ത്‌ ഹിറ്റ്ലറുടെ വിദേശകാര്യമന്ത്രിയായി മാറിയ ജോചിം വോണ്‍ റിബ്ബണ്‍ ട്രോപ്‌ എന്ന നാസി നേതാവില്‍ നിന്നാണ്‌ നമ്മള്‍ അതിനുള്ള പ്രചോദനം ഉള്‍ക്കൊണ്ടത്‌. (കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റായ ദേവ്‌ കാന്ത്‌ ബറുവ പ്രഖ്യാപിച്ചത്‌) 'ഇന്ദിര എന്നാല്‍ ഇന്ത്യയും ഇന്ത്യ എന്നാല്‍ ഇന്ദിരയുമാണെ'ന്നാണ്‌. ഹിറ്റ്ലറുടെ നീതി വകുപ്പു കമ്മിഷണര്‍ ഡോ. ഹാന്‍സ്‌ ഫ്രാങ്ക്‌ പ്രഖ്യാപിച്ചത്‌ "ജര്‍മ്മനിയില്‍ ഇന്ന്‌ ഒരു അധികാരി മാത്രമേ ഉള്ളൂ, അത്‌ മറ്റാരുമല്ല 'ഫ്യൂറര്‍' ആണെന്നായിരുന്നു.(സ്വേച്ഛാധിപതി എന്ന നിലയില്‍ ഹിറ്റ്ലര്‍ സ്വീകരിച്ച പേര്‌) കോടതികളുടെ അവലോകനത്തിന്‌ വിധേയമാക്കാന്‍ പറ്റാത്ത നമ്മുടെ ആഭ്യന്തര സുരക്ഷിതത്വ പരിപാലനനിയമം പോലെ ഹിറ്റ്ലറുടെ ഭരണത്തിലും 'ഗസ്റ്റപ്പോ' എന്ന പേരില്‍ ഒരു രഹസ്യ പൊലീസ്‌ സംവിധാനം രൂപീകരിച്ച്‌ ഉത്തരവുകളിറക്കിയിരുന്നു.
ജനാധിപത്യത്തിന്‌ തടയിടല്‍, പൗരസ്വാതന്ത്ര്യങ്ങള്‍ റദ്ദാക്കല്‍, രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കല്‍, ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ തടയല്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിഷേധിക്കല്‍, സ്വതന്ത്ര നീതിന്യായ സംവിധാനം ഇല്ലാതാക്കല്‍, എല്ലാ അധികാരങ്ങളും ഒരു വ്യക്തിയില്‍ നിക്ഷിപ്തമാക്കല്‍ എന്നിവയായിരുന്നു ഹിറ്റ്ലറുടെ ഭരണ സവിശേഷതകള്‍. ഈ ഓരോ നടപടിയും ഇന്ദിരയ്ക്ക്‌ ആഭ്യന്തര അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്‌ പ്രചോദനമായി. പക്ഷേ, രണ്ടുപേരും തമ്മില്‍ ഒരു അടിസ്ഥാന വ്യത്യാസം നിലനിന്നു. ഹിറ്റ്ലര്‍ കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിച്ചില്ല. അങ്ങനെയൊന്ന്‌ അദ്ദേഹത്തിന്‌ ഇല്ലാതിരുന്നതിനാല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.