മുംബൈ: താനെയില്‍ 12 നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ദമ്പതികള്‍ വെന്തുമരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. സണ്ദര്ബന് പാര്‍ക്കിലെ ഗുല്‍മോഹര്‍ കെട്ടിടത്തിലാണ് രാവിലെ ആറു മണിയോടെ തീപിടുത്തമുണ്ടായത്.
സംഭവം നടന്ന ഉടന്‍ തന്നെ പത്തോളം ഫയര്‍ എഞ്ചിനുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ടര മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് രക്ഷപെടാനാവതെ പ്രായമായ ദമ്പതികളാണ് വെന്ത് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ശിവാജി രാവു(84), ഭാര്യ നിര്‍മല(78) എന്നിവരാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ മകളേയും ചെറുമകനേയും കെട്ടിടത്തിന്റെ ജനല്‍ പാളികളിലൂടെ അഗ്നിശമനസേനംഗങ്ങള് പുറത്തെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. കെട്ടിടത്തിലെ മറ്റുള്ളവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: