കോണ്‍ഗ്രസ്‌ തോല്‍വി സമ്മതിച്ചു: വി.മുരളീധരന്‍

Sunday 16 March 2014 8:45 pm IST

കോഴിക്കോട്‌: പി സി ചാക്കോയുടെ പ്രസ്താവനയോടെ കോണ്‍ഗ്രസ്‌ തോല്‍വി സമ്മതിച്ചിരിക്കുകയാണെന്ന്‌ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍. ബിജെപി കോഴിക്കോട്‌ ലോക്സഭാമണ്ഡലം സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന്റെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷ എം പിമാരും മന്ത്രിമാരും സ്ഥാനാര്‍ത്ഥികളാവാതെ മാറി നില്‍ക്കുകയാണ്‌. തെരഞ്ഞെടുപ്പിനു മുന്‍പ്‌ തന്നെ തോല്‍വി തിരിച്ചറിഞ്ഞതുകൊണ്ടാണിത്‌. തെരഞ്ഞെടുപ്പിനു മുന്‍പേ ഭരണപക്ഷം തോല്‍വി സമ്മതിക്കുന്നത്‌ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ്‌.
സാമുദായിക സംഘടനകളോട്‌ കോണ്‍ഗ്രസിന്‌ രണ്ടു സമീപനമാണ്‌. എസ്‌ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലപ്പുഴ ഡി സി സി പ്രമേയം പാസാക്കി. കെ പി സി സി പ്രസിഡന്റ്‌ തന്നെ എന്‍ എസ്‌ എസ്‌ നേതൃത്വത്തെ അപമാനിച്ചു. എന്നാല്‍ കത്തോലിക്കാ സഭയുടെയും ബിഷപ്പുമാരുടെയും മുന്നില്‍ മുട്ടുകുത്തുകയാണ്‌ കോണ്‍ഗ്രസ്‌.
ജില്ലാപ്രസിഡന്റ്‌ പി രഘുനാഥ്‌ അധ്യക്ഷത വഹിച്ചു. ലോക്‌ ജനശക്തി സംസ്ഥാന പ്രസിഡന്റ്‌ എം മെഹബൂബ്‌, സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന്‍, റിട്ട. കേണല്‍ പി കെ വി പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം സി ശശീന്ദ്രന്‍ സ്വാഗതവും ലോക്‌ ജനശക്തി ജില്ലാപ്രസിഡന്റ്‌ മുഹമ്മദ്‌ ഇഖ്ബാല്‍ഖാന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.