വൈദ്യുതി ലൈനില്‍തട്ടി വയ്ക്കോല്‍ ലോറിക്ക്‌ തീപിടിച്ചു; വന്‍ദുരന്തം ഒഴിവായി

Monday 17 March 2014 10:23 pm IST

നെയ്യാറ്റിന്‍കര: താഴ്‌ന്നുകിടന്ന വൈദ്യുതി ലൈനില്‍ തട്ടി വയ്ക്കോല്‍ ലോറിക്ക്‌ തീപിടിച്ചു. ഒരു കിലോമീറ്റര്‍ ദൂരത്ത്‌ റോഡു മുഴുവന്‍ തീക്കളമാക്കി ലോറി നീങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി.
വെണ്‍പകലില്‍ ഇന്നലെ ഉച്ചയ്ക്ക്്‌ പതിനൊന്നരയോടെയാണ്‌ അപകടം. ഭാസ്കര്‍ നഗര്‍ ഭാഗത്തു നിന്ന്‌ വന്ന വൈക്കോല്‍ കയറ്റിയ തമിഴ്‌നാട്‌ ലോറി വെണ്‍പകല്‍ ഭാഗത്തേക്ക്്്‌ പോകുമ്പോള്‍ കല്ലുമുക്ക് ഭാഗത്തുവച്ച് താഴ്‌ന്നു കിടന്ന വൈദ്യുതി ലൈനില്‍തട്ടി തീപിടിക്കുകയായിരുന്നു. ഇതുകണ്ട സ്ത്രീകള്‍ നിലവിളിച്ചതിനെ തുടര്‍ന്ന്‌ ലോറി നിര്‍ത്തി. വീടുകളില്‍ നിന്ന്‌ പാത്രങ്ങളില്‍ വെള്ളം ഒഴിച്ചെങ്കിലും തീകെടുത്താനായില്ല.
ഇതിനിടെ തീ പടരാന്‍ തുടങ്ങി. ഡ്രൈവര്‍ കത്തുന്ന വയ്ക്കോല്‍ ലോറിയുടെ മുകളില്‍ കയറി കയറിന്റെ കെട്ട്‌ അറുത്തുവിട്ടു. മുന്നോട്ടുനീങ്ങിയ ലോറിയില്‍ നിന്നു വീണ വയ്ക്കോല്‍ കെട്ടുകളില്‍ നിന്ന് ഉയര്‍ന്ന തീ റോഡില്‍ ഉയര്‍ന്നുപൊങ്ങി. ഇതോടെ റോഡരികിലെ വീടുകളിലുള്ളവര്‍ ഇറങ്ങിയോടി. റോഡില്‍ ഉയര്‍ന്നു പൊങ്ങിയ തീ വീടുകളിലേക്ക് പടരാതിരിക്കാന്‍ വെള്ളം ഒഴിച്ചു.
സമീപത്ത്‌ ട്രാന്‍സ്ഫോര്‍മറുണ്ടെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതോടെ വീണ്ടും ലോറി ഓടിച്ചു തുടങ്ങി. വയലിലെ തോട്ടില്‍ നിന്ന്‌ വെള്ളം കോരിയൊഴിക്കാന്‍ നാട്ടുകാരുടെ വലിയ കൂട്ടമായി. സ്കൂളിന്റെ തൊട്ടടുത്താണ്‌ ലോറി നിര്‍ത്തിയതെന്നും തീ സ്കൂളിലേക്ക് പടരുമെന്നും നാട്ടുകാര്‍ ഡ്രൈവറോട് പറഞ്ഞു. ഇതിനിടെ അഗ്നിഗോളമായി തീ ആളിപ്പടരാന്‍ തുടങ്ങി. ചുറ്റുപാടുകള്‍ പുകകൊണ്ടുമൂടി. ഡ്രൈവര്‍ രണ്ടും കല്‍പിച്ച് ലോറിക്കുള്ളില്‍ കയറി വീണ്ടും ഓടിച്ചു തുടങ്ങി. വയലിലെ വാഴക്കൂട്ടത്തിനിടയിലെ റോഡിലൂടെ ഇടറോഡിലെ തോട്ടിനരികില്‍ ലോറിയെത്തിച്ചു.
ഇതിനിടെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. നെയ്യാറ്റിന്‍കരയില്‍ നിന്നും ഫയര്‍ എന്‍ജിനുകള്‍ സ്പിന്നിംഗ്‌ മില്ലിനടുത്തുണ്ടായ തീപിടിത്തം അണയ്ക്കാന്‍ പോയിരുന്നു. അതിനാല്‍ പൂവാര്‍, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തി. രണ്ട്‌ ഫയര്‍എന്‍ജിനുകള്‍ ചേര്‍ന്ന് തീകെടുത്തി. ഇതിനിടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് രണ്ട് ഫയര്‍ എന്‍ജിനുകളും എത്തി.
മധുരയില്‍ നിന്ന്‌ വൈക്കോലും കയറ്റി ലോറി ഉടമ വില്ലുക്കിറി സ്വദേശി സാംസത്യരാജാണ്‌ വാഹനം ഓടിച്ചിരുന്നത്. സഹായത്തിനായി ഓലത്താന്നി സ്വദേശിയും ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ലോറിയ്ക്കും കാര്യമായ കേടുപാടില്ല. തീകെടുത്തുന്നതിന്‌ പൂവാര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി. സെല്‍വരാജ്‌ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.