കെനിയയില്‍ പെട്രോള്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് നൂറിലധികം പേര്‍ മരിച്ചു

Monday 12 September 2011 5:30 pm IST

നെയ്റോബി : കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ പെട്രോള്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു നൂറിലധികം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ലുന്‍ഗ ലുന്‍ഗ വ്യാവസായിക മേഖലയിലാണ് അപകടം ഉണ്ടായത്. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്സ് കിണഞ്ഞു പരിശ്രമിക്കുകയാണ്. നെയ്റോബി സിറ്റി സെന്ററില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കു പോകുന്ന പൈപ്പ് ലൈനാണ് പൊട്ടിത്തെറിച്ചത്. ജനനിബിഡ പ്രദേശത്തു കൂടിയാണ് ഇതു കടന്നു പോകുന്നത്. അപകടകാരണം വ്യക്തമല്ല. പൈപ്പിന്റെ ചോര്‍ച്ചയുണ്ടായ ഭാഗത്തു കൂടി വന്ന പെട്രോള്‍ ശേഖരിക്കാന്‍ ഓടിക്കൂടിയ ആളുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ ആരോ കത്തിയ സിഗരറ്റ് കുറ്റി ചോര്‍ച്ചയുള്ള ഭാഗത്തേയ്ക്ക് വലിച്ചെറിഞ്ഞതാകാം തീ പിടിക്കാന്‍ കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.