ഐപി‌എല്‍ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയായേക്കും

Tuesday 18 March 2014 3:30 pm IST

കൊച്ചി: ഐപി‌എല്ലിന്റെ അടുത്ത സീസണിലേക്കുള്ള മത്സരങ്ങള്‍ക്ക് കൊച്ചി വേദിയായേക്കും. ബുധനാഴ്ച ചെന്നൈയില്‍ ചേരുന്ന ഐപി‌എല്‍ ഗവേണിങ് കൌണ്‍സില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. കൊച്ചിയെ പരിഗണിക്കണമെന്ന് ഏറെ നാള്‍ മുമ്പ് തന്നെ കെ.സി.എ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ പതിനാറിന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ആദ്യഘട്ടം യു.എ.യിലാണ് ആരംഭിക്കുക. മെയ് നാലിന് തുടങ്ങി പതിനാറിന് അവസാനിക്കുന്ന രണ്ടാം ഘട്ടത്തിലെ മത്സരങ്ങളോ തുടര്‍ന്നുള്ള കളികളോ ആയിരിക്കും കൊച്ചിയില്‍ നടക്കുക. ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താനുള്ള സന്നദ്ധത കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനെയും അറിയിച്ചിട്ടുണ്ടെന്ന് ടി.സി മാത്യു പറഞ്ഞു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അനുകൂല നിലപാടാണുള്ളതെന്നും കെസിഎ പ്രസിഡന്റ് ടി സി മാത്യു കൊച്ചിയില്‍ പറഞ്ഞു. ടി.സി മാത്യുവും നാളെ ചേരുന്ന ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെയും മത്സരങ്ങള്‍ക്കായിരിക്കും കൊച്ചി വേദിയാകുക എന്നും സൂചനയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10ന് ആയതിനാല്‍ തന്നെ ഫലം വരുന്നത് വരെ സംസ്ഥാനം തിരക്കൊഴിഞ്ഞതായിരിക്കും. ഇതാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് കൊച്ചിയില്‍ മത്സരങ്ങള്‍ നടത്താന്‍ ഐപിഎല്‍ സംഘാടക സമിതിയെ പ്രേരിപ്പിക്കുന്നത്. കൂടാതെ രാജ്യാന്തര മത്സരങ്ങളിലെ കാണികളുടെ മികച്ച പങ്കാളിത്തമാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയമായ കൊച്ചിക്ക് അനുകൂലമാകുന്ന ഘടകം. അവസാനം നടന്ന രണ്ടു അന്താരാഷ്ട്ര മത്സരങ്ങളും നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തിയായിരുന്നു. ഇതുവരെ ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും അഞ്ച് ഐ.പി.എല്‍ മത്സരങ്ങള്‍ക്കും കൊച്ചി വേദിയായിട്ടുണ്ട്. 2010ലെ മഴയില്‍ ഒലിച്ചുപോയ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ സംഘാടന മികവുകൊണ്ടും സാമ്പത്തിക ലാഭംകൊണ്ടും മുന്നിലായിരുന്നു എന്നും കൊച്ചി. കൊച്ചി ടസ്‌കേഴ്‌സിന്റെ ഹോം ഗ്രൗണ്ടുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം. 2017ലെ ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് ഫുട്ബോളിന് കൊച്ചി വേദിയാകുന്നതിനാല്‍ തന്നെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ അവസാനത്തെ ക്രിക്കറ്റ് മത്സരങ്ങളായിരിക്കും ഇത്തവണത്തേത്. പിന്നീട് സ്റ്റേഡിയം ഫുട്ബോളിനായി സജ്ജീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.