അരങ്ങിന്റെ മഹോത്സവം

Monday 12 September 2011 5:49 pm IST

അരങ്ങില്‍ വ്യത്യസ്ഥതകള്‍ തീര്‍ത്ത്‌ നേപഥ്യയില്‍ കഴിഞ്ഞ ആഗസ്റ്റ്‌ 14 മുതല്‍ 22 വരെയും ആഗസ്റ്റ്‌ 28 മുതല്‍ സപ്തംബര്‍ മൂന്ന്‌ വരെയും അരങ്ങേറിയ കൂടിയാട്ട മഹോത്സവം ഉത്സവങ്ങളില്‍ വേറിട്ട കാഴ്ചയായിരുന്നു. രണ്ടാഴ്ചയോളം നീണ്ടുനിന്ന ഈ മഹോത്സവം ഉജ്ജ്വലമായ ഓര്‍മകളും അനുഭൂതിയുമാണ്‌ കൈരളിക്ക്‌ സമ്മാനിച്ചത്‌. കൂടിയാട്ടത്തിന്റെ അവതരണത്തില്‍ വെട്ടിച്ചുരുക്കലുകള്‍ പെരുകുന്ന ഇക്കാലത്ത്‌ ബൃഹദ്‌ ഘടനയെ നിലനിര്‍ത്തുന്ന സമ്പൂര്‍ണാവതരണം നടത്തി കലയുടെ കാതലിനെ കാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷമായി നേപഥ്യയില്‍ കൂടിയാട്ട മഹോത്സവം സംഘടിപ്പിച്ച്‌ വരുന്നത്‌. എട്ട്‌ ദിവസം തോരണയുദ്ധവും ഏഴ്‌ ദിവസം നങ്ങ്യാര്‍കൂത്തുമായി നടത്തുന്ന ഈ ദൃശ്യാനുഭവം നേപഥ്യയുടെ മാത്രം പ്രത്യേകതയാണ്‌. ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയില്‍നിന്നെത്തിയ ലോകപ്രശസ്ത ഇന്‍ഡോളജി മാസ്റ്ററായ പ്രൊഫ.ഡേവിഡ്‌ ഷൂള്‍മാനും ശിഷ്യരും ഫ്രാന്‍സില്‍നിന്നും ജര്‍മനിയില്‍നിന്നുമെത്തിയ കൂടിയാട്ട പ്രേമികളും മഹോത്സവത്തിന്റെ ആകര്‍ഷണീയതയായിരുന്നു. അക്രൂരഗമനം നങ്ങ്യാര്‍കൂത്തോടെയാണ്‌ മഹോത്സവത്തിന്‌ അരങ്ങുണര്‍ന്നത്‌. അമ്പാടിയിലേക്ക്‌ കൃഷ്ണനെ കാണാന്‍ പോകുന്ന അക്രൂരന്റെ മാനസികസഞ്ചാരം പാലാഴി മഥനത്തിന്റെയും നരസിംഹാവതാരത്തിന്റെയും പ്രകൃതി വര്‍ണനയുടെയും ശാഖാചംക്രമണങ്ങളിലൂടെ ഡോ.ഇന്ദു അവതരിപ്പിച്ചു. മാര്‍ഗി മധു ചാക്യാരുടെ അംബാസ്തന്യം എന്ന പ്രസിദ്ധ ശ്ലോകത്തിന്റെ അഭിനയം അര്‍ജ്ജുനന്റെ തീര്‍ത്ഥസ്നാനത്തിനുള്ള പുറപ്പാടിനേയും മടങ്ങിച്ചെല്ലുമ്പോള്‍ ഉണ്ടാകുന്ന വികാരതീവ്രമായ സമാഗമരംഗങ്ങളുടേയും അതിമനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചു. അര്‍ജ്ജുനന്റെ സത്യഭംഗം മുതല്‍ തീര്‍ത്ഥയാത്രയുടെ പര്യവസാനംവരെയുള്ള സംഭവങ്ങളുടെ ഒരു തുടര്‍ച്ചിത്രം അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാര്‍ഗി മധു ചാക്യാരുടെ വിദൂഷകനും 'ശിഖിനിശലഭം' എന്ന ശ്ലോകത്തിന്റെ പ്രസിദ്ധ അഭിനയവും സൂരജ്‌ നമ്പ്യാരുടെ 'സൗന്ദര്യംസുകുമാരത' എന്ന ശ്ലോകത്തിന്റെ അഭിനയവും അക്ഷരാര്‍ത്ഥത്തില്‍ തങ്ങളെ മറ്റൊരു ലോകത്തേയ്ക്ക്‌ പറിച്ചു നട്ടവരാക്കി എന്ന്‌ ഡോ.ഡേവിഡ്‌ ഷൂള്‍മാന്‍ പറഞ്ഞു. കൂടിയാട്ട മഹോത്സവത്തിന്റെ രണ്ടാംഭാഗം മാര്‍ഗി മധുചാക്യാരുടെ ശങ്കുകര്‍ണന്‍ പുറപ്പാടോടെയാണ്‌ ആരംഭിച്ചത്‌. രാവണന്റെ അശോകവനിക ഹനുമാന്‍ നശിപ്പിക്കുന്നതുകണ്ട്‌ ഭയപ്പെട്ടോടിവരുന്ന ഉദ്യാനപാലകനാണ്‌ ശങ്കുകര്‍ണന്‍. 'യസ്യാം ന പ്രിയമണ്ഡനാപി' എന്ന ശ്ലോകത്തിന്റെ അതിമനോഹരമായ വിസ്താരമാണ്‌ അന്ന്‌ അദ്ദേഹം കാഴ്ചവച്ചത്‌. മാര്‍ഗി മധുചാക്യാരുടെ അഞ്ചര മണിക്കൂര്‍നീണ്ട രാവണന്റെ കൈലാസോദ്ധാരണം, പാര്‍വതീ വിരഹം എന്നിവ ഉള്‍ക്കൊള്ളുന്ന 'ജിത്യാത്രൈലോക്യം' എന്ന ശ്ലോകത്തിന്റെ അഭിനയം മഹോത്സവത്തിന്റെ മകുടമണിയായി. രാവണനും വിഭീഷണനും ഹനുമാനും രാക്ഷസന്മാരും രംഗത്തെത്തിയ അവസാന ദിവസം നാടകീയതയുടെ അതിമനോഹരമായ ദൃശ്യാനുഭവവും ആസ്വാദകര്‍ക്ക്‌ സമ്മാനിച്ചു. കൂടിയാട്ടത്തിന്റെ ഇത്രയും നീണ്ട സമ്പൂര്‍ണമായ അവതരണങ്ങള്‍ വളരെ കുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ആഴമുള്ള അഭിനയത്തിന്‌ മിഴാവ്‌ വായിക്കുക എന്നത്‌ ഏറ്റവും കായിക-മാനസിക അച്ചടക്കം ആവശ്യപ്പെടുന്ന ഒന്നാണ്‌. കലാമണ്ഡലം രതീഷ്‌ ദാസിന്റെ നിയന്ത്രണത്തില്‍ മിഴാവിന്റെ വാദനത്തെ കലാമണ്ഡലം മണികണ്ഠനും കലാമണ്ഡലം അനൂപും നേപഥ്യജിനേഷും വാദനത്തിലൂടെ വൈവിധ്യത്തിന്റെ അതിസൂക്ഷ്മ സഞ്ചാരങ്ങളാക്കി മാറ്റി. കലാനിലയം രാജന്റെ ഇടയ്ക്കയിലുള്ള അകമ്പടി കേരളത്തിലെ എണ്ണം പറഞ്ഞ ഇടയ്ക്കക്കാരില്‍ ഒരാളാണ്‌ താനെന്ന്‌ സാക്ഷ്യപ്പെടുത്തുംവിധം ഗംഭീരമായി. കലാമണ്ഡലം സതീശന്റെ നേതൃത്വത്തിലാണ്‌ ആഹാര്യശോഭ തെളിഞ്ഞത്‌.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.