തോക്കിന്‍കുഴലിലകപ്പെട്ട മിസ്റ്റര്‍ ക്ലീന്‍

Tuesday 18 March 2014 8:42 pm IST

അടിയന്തിരാവസ്ഥക്ക്‌ ശേഷം നടന്ന തെരഞ്ഞടുപ്പിലൊഴികെ ഇന്ത്യന്‍ പാര്‍ലിമെന്റിലേക്ക്‌ നടന്ന എല്ലാ പൊതു തെരഞ്ഞടുപ്പിലും വലിയ വിജയങ്ങള്‍ സ്വന്തമാക്കിയിരുന്ന കോണ്‍ഗ്രസ്‌ ആദ്യമായി വലിയ പരാജയം നേരിട്ട തെരഞ്ഞെടുപ്പായിരുന്നു 1989 ലേത്‌. നെഹ്‌റു യുഗത്തിനു ശേഷം കോണ്‍ഗ്രസിന്‌ പാര്‍ലിമെന്റില്‍ ഏറ്റവുമധികം സീറ്റ്‌ കരസ്ഥമാക്കാനായത്‌ 1984 ലെ ഇന്ദിരാ വധത്തെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞടുപ്പിലായിരുന്നു.തെരഞ്ഞെടുപ്പ്‌ നടന്ന 506 ല്‍ 404 സീറ്റിലും കോണ്‍ഗ്രസ്‌ വിജയിച്ചു.ലോക്സഭയില്‍ രണ്ടാമത്തെ കക്ഷിയായിരുന്ന തെലുഗുദേശത്തിന്‌ ലഭിച്ചത്‌ 30 സീറ്റുകള്‍ മാത്രമായിരുന്നു. ലോക്സഭയില്‍ പ്രതിപക്ഷം പോലുമില്ലാത്ത അവസ്ഥ. ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നുള്ള സഹതാപ തരംഗമാണ്‌ കോണ്‍ഗ്രസിന്‌ ഈ വിജയം സമ്മാനിച്ചത്‌.
എന്നാല്‍ അഞ്ചു കൊല്ലത്തെ രാജീവ്‌ ഭരണത്തിന്‌ ശേഷം 1989 ല്‍ നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്‌ ആദ്യമായി 200 ല്‍ താഴെ സീറ്റുകളിലൊതുങ്ങി.197 ആയിരുന്നു കോണ്‍ഗ്രസിന്റെ അംഗസംഖ്യ. അഞ്ചു കൊല്ലം കൊണ്ട്‌ ഒരു സര്‍ക്കാരും പ്രധാനമന്ത്രിയും എത്രമാത്രം ജനങ്ങളില്‍ നിന്ന്‌ അകന്നുവെന്ന്‌ തെളിയിക്കുന്നതായിരുന്നു ഈ തെരഞ്ഞടുപ്പ്‌ ഫലം. മിസ്റ്റര്‍ ക്ലീന്‍ ഇമേജുമായാണ്‌ രാജീവ്‌ ഭരണം തുടങ്ങിയതെങ്കില്‍ അതവസാനിച്ചത്‌ അഴിമതിക്കാരനായ പ്രധാനമന്ത്രി എന്ന പ്രതിഛായയോടെയായിരുന്നു്‌. രാജീവിന്റെയും കോണ്‍ഗ്രസിന്റെയും പതനത്തിന്‌ പ്രധാന കാരണമായത്‌ ബോഫോഴ്സ്‌ ഇടപാടായിരുന്നു.
ഇന്ത്യന്‍ ജനാധിപത്യ സമൂഹവും മാധ്യമങ്ങളും ഒരു ഞെട്ടലോടെയാണ്‌ ബോഫോഴ്സ്‌ അഴിമതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തത്‌. വന്‍ അഴിമതിക്കഥകളും അതിലെ കോണ്‍ഗ്രസ്‌ നേതാക്കളുടെ പങ്കും അതിനു മുന്‍പും ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ബോഫോഴ്സ്‌ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വന്‍ അഴിമതി എന്ന നിലയിലും പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങളുടെ പങ്ക്‌ കൊണ്ടും ബോഫോഴ്സ്‌ ഏറെ ചര്‍ച്ചയായി. ഇന്ത്യന്‍ സേനക്ക്‌ ഹോവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ ചട്ടങ്ങള്‍ മറികടന്ന്‌ സര്‍ക്കാര്‍ സ്വീഡീഷ്‌ കമ്പനിയായ ബോഫോഴ്്സുമായി കരാര്‍ ഉണ്ടാക്കുകയായിരുന്നു. 30 കിമീ റേഞ്ചുള്ള തോക്കുകള്‍ വേണമെന്നാണ്‌ സേന ആവശ്യപ്പെട്ടിരുന്നത്‌. ഫ്രെഞ്ച്‌ കമ്പനിയായ സോഫ്മ തോക്കുകള്‍ 29.2 കി.മീ ദൂര പരിധി ഉള്ളതായിരുന്നു.സേനാ മേധാവികളും യുദ്ധ തന്ത്രജ്ഞരും സോഫ്മാ തോക്കുകള്‍ ശുപാര്‍ശ ചെയ്തെങ്കിലും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ബോഫോഴ്സ്‌ വാങ്ങാനാണ്‌ തീരുമാനമെടുത്തത്‌. ബോഫോഴ്സ്‌ തോക്കുകളുടെ ദൂരപരിധിയാകട്ടെ 21.5 കി.മീറററും. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ ലഭിക്കാന്‍ വന്‍തുക കോഴ നല്‍കിയതായി സ്വീഡീഷ്‌ കമ്പനി പിന്നീട്‌ വെളിപ്പെടുത്തിയതോടെയാണ്‌ ഇടപാട്‌ പുറം ലോകം അറിഞ്ഞത്‌.. മാധ്യമപ്രവര്‍ത്തകരായ ചിത്രാ സുബ്രഹ്മണ്യം , അരുണ്‍ ഷൂരി തുടങ്ങിയവരാണ്‌ ഇടപാടിലെ രഹസ്യങ്ങള്‍ ലോകത്തെ അറിയിച്ചത്‌. ഒട്ടേവിയോ ക്വത്‌റോച്ചി എന്ന ഇറ്റാലിയന്‍ ഇടനിലക്കാരന്റെ പേര്‌ ഇതോടെയാണ്‌ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്‌. രാജീവിന്റെ ഭാര്യ സോണിയയുടെ കുടുംബസുഹൃത്തും അയല്‍വാസിയുമായിരുന്നു ക്വത്‌റോച്ചി. രാജീവിന്റെ മക്കളായ രാഹുലും പ്രിയങ്കയും ക്വത്‌റോച്ചിയുടെ മകന്‍ മാസ്സിമോ ക്വത്രോച്ചിയും സഹപാഠികളും സുഹൃത്തുക്കളുമാണ്‌. ലണ്ടനില്‍ വച്ച്‌ രാജീവ്‌ കുടുംബവുമായുണ്ടായിരുന്ന അടുപ്പമാണ്‌ ക്വത്രോച്ചിയെ ഇന്ത്യയിലെത്തിച്ചത്‌. 1970 കളില്‍ ഇഎന്‍ഐ എന്ന എണ്ണക്കമ്പനിയുടെ പ്രതിനിധിയായ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ക്വത്രോച്ചി ദല്‍ഹിയില്‍ കറങ്ങാനാരംഭിച്ചു. കോണ്‍ഗ്രസ്‌ സര്‍ക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച്‌ എണ്ണക്കമ്പനികളുടെ കരാര്‍ തരപ്പെടുത്തുകയായിരുന്നു ആദ്യ കാലങ്ങളില്‍ ഇയാളുടെ ഇടപാടുകള്‍. ഒഎന്‍ജിസി യുമായി വരെ ഇടപാടുകള്‍ ഉറപ്പിക്കാന്‍ ഇക്കാലയളവില്‍ രാജീവിന്റെയും സോണിയയുടെയും സഹായം ഇയാള്‍ക്കു ലഭിച്ചിരുന്നു.
84 ല്‍ രാജീവ്‌ പ്രധാനമന്ത്രിയായതോടെ ദല്‍ഹിയിലെ അധികാര ദല്ലാള്‍മാരിലൊരാളായി ഇയാള്‍ മാറി. കോണ്‍ഗ്രസ്‌ നേതാക്കളേക്കാള്‍ സര്‍ക്കാരില്‍ സ്വാധീനമുണ്ടായിരുന്നു ക്വത്രോച്ചിക്ക്‌. ദി പയനീര്‍ പത്രത്തിന്റെ രാഷ്ട്രീയ കാര്യ ലേഖകനായ അശോക്‌ മാലിക്‌ വെളിപ്പെടുത്തുന്നത്‌ ഇക്കാലത്ത്‌ ദല്‍ഹിയിലെ ഉന്നതോദ്യോഗസ്ഥര്‍ വരെ ഈ ഇറ്റലിക്കാരനെ ഭയപ്പെട്ടിരുന്നുവെന്നാണ്‌. ക്വത്രോച്ചിയെ കാണുമ്പോള്‍ അവര്‍ എഴുന്നേറ്റ്‌ നിന്ന്‌ ബഹുമാനം കാണിക്കാറുണ്ടായിരുന്നതായും മാലിക്‌ വെളിപ്പെടുത്തുന്നു.
1989 ലെ പൊതു തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെതിരായ പ്രധാന പ്രചരണായുധം ബോഫോഴ്സ്‌ ആയിരുന്നു. മിസ്‌ററര്‍ ക്ലീന്‍ ആയി തുടങ്ങിയ ആള്‍ അഴിമതിയുടെ കരിനിഴലില്‍ ജനങ്ങളെ നേരിട്ടത്‌ കോണ്‍ഗ്രസിന്റെ പതനത്തിന്‌ ആക്കം കൂട്ടി. കോണ്‍ഗ്രസ്‌ തോറ്റതോടെ ക്വത്രോച്ചി ഇന്ത്യയില്‍ നിന്ന്‌ കടന്നു. പുതുതായി അധികാരമേറ്റ വി.പി സിംഗ്‌ സര്‍ക്കാര്‍ കേസ്‌ അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും സര്‍ക്കാര്‍ അധികം വൈകാതെ നിലം പൊത്തി. പിന്നീട്‌ കോണ്‍ഗ്രസ്‌ പിന്‍തുണയോടെ ദേവിലാല്‍ പ്രധാനമന്ത്രിയാവുകയും മാസങ്ങള്‍ക്കുള്ളില്‍ രാജ്യം പൊതു തെരഞ്ഞടുപ്പിലേക്ക്‌ നീങ്ങുകയും ചെയ്തു.91 ല്‍ രാജീവ്‌ ഗാന്ധി വധിക്കപ്പെട്ടു.റാവു സര്‍ക്കാരാണ്‌ പിന്നീട്‌ വന്നത്‌. ഈ സര്‍ക്കാരും കേസ്‌ അന്വേഷിക്കാന്‍ താത്പര്യം കാട്ടിയില്ല.1999 ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ്‌ പത്തുവര്‍ഷത്തിനുശേഷം കേസില്‍ ഗൗരവമായ അന്വേഷണം നടക്കുന്നത്‌. 99 ല്‍ ക്വത്രോച്ചിയെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റും മാധ്യമങ്ങളും പൊതു സമൂഹവും ഏറെ ചര്‍ച്ച ചെയ്ത കേസില്‍, പൊതു ഖജനാവിന്‌ കോടികള്‍ നഷ്ടമാക്കിയ കേസില്‍ , ഇന്ത്യന്‍ സൈന്യത്തിന്റെ പ്രഹരശേഷിയെപ്പോലും അപകടത്തിലാക്കിയ അഴിമതിയില്‍ അന്വേഷണം പോലും നടത്താനനുവദിക്കാതെ പത്തു വര്‍ഷം കോണ്‍ഗ്രസ്‌ നേതൃത്വം രാജ്യത്തെ വഞ്ചിക്കുകയായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ്‌ അന്വേഷണം മുന്നോട്ട്‌ പോയത്‌. ക്വത്രോച്ചിക്കെതിരെ സിബിഐ വാറണ്ട്‌ പുറപ്പെടുവിച്ചു. അറസ്റ്റ്‌ ചെയ്യാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടി. 2004 ല്‍ സര്‍ക്കാര്‍ മാറിയതോടെ ക്വത്രോച്ചി വീണ്ടും രക്ഷപെട്ടു. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ കേസന്വേഷണം മരവിപ്പിച്ചു. 2006 ല്‍ ക്വത്രോച്ചിയുടെ മരവിപ്പിച്ചിരുന്ന ബാങ്ക്്‌അക്കൗണ്ടുകള്‍ സര്‍ക്കാര്‍ രഹസ്യമായി തുറന്നു കൊടുത്തു. അന്വേഷണ ഏജന്‍സിയായ സിബിഐയുടെ എതിര്‍പ്പുകളെ മറികടന്നാണ്‌ ലണ്ടനിലെ ബിഎസ്‌ഐ-എജി ബാങ്കിലുണ്ടായിരുന്ന രണ്ട്‌ അക്കൗണ്ടുകളിലെ 300 കോടി രൂപയിലേറെ പിന്‍വലിക്കാന്‍ ക്വത്രോച്ചിക്ക്‌ സര്‍ക്കാര്‍ അനുവാദം നല്‍കിയത്‌. ക്വത്രോച്ചിയുടെയും ഭാര്യയുടേയും പേരിലായിരുന്നു അക്കൗണ്ടുകള്‍. 2007 ജനുവരിയില്‍ ക്വത്രോച്ചി അര്‍ജന്റീനയില്‍ പിടിയിലായെങ്കിലും ഇന്ത്യക്ക്‌ കൈമാറണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ല. ക്വത്രോച്ചി അര്‍ജന്റീനയില്‍ പിടിയിലായതിനു പിന്നാലെ ഇയാളുടെ മകന്‍ മാസ്സിമോ ക്വത്രോച്ചി ദല്‍ഹിയിലെത്തി പ്രിയങ്കാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഇ ഹിവിയോസ്‌ സണ്‍ എന്ന പേരിലുള്ള മാസ്സിമോയുടെ കമ്പനിക്ക്‌ ഇന്ത്യയിലും പ്രവര്‍ത്തനമുണ്ട്‌. 2007 ജൂണില്‍ ക്വത്രോച്ചിക്കെതിരായ ആരോപണം കോടതിയില്‍ തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കേസ്‌ കോടതി തള്ളി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങിനെയാണ്‌ ഒരു ആയുധക്കച്ചവടത്തിലെ ഇടനിലക്കാരനുവേണ്ടി ദുരുപയോഗം ചെയ്തത്‌ എന്ന്‌ വെളിപ്പെടുത്തുന്നതായിരുന്നു കോടതി വിധി. ബോഫോഴ്സ്‌ കേസില്‍ പ്രതികളും സത്യവും ഇപ്പോഴും നിയമത്തിനു വെളിയിലാണ്‌. (തുടരും)
ടി.എസ്‌. നീലാംബരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.