കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ വിസ്മയത്തോടെ സിംഗപ്പൂര്‍ വിദ്യാര്‍ത്ഥികള്‍

Wednesday 19 March 2014 10:01 pm IST

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, സ്ത്രീശാക്തീകരണം എന്നിവയെകുറിച്ച്‌ പഠിക്കാനെത്തിയ സിംഗപ്പൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കുടുംബശ്രീയുടെ എണ്ണമറ്റ മാതൃകാപ്രവര്‍ത്തനങ്ങളില്‍ അദ്ഭുതം.
സിംഗപ്പൂര്‍ ഇന്‍ഡ്യന്‍ ഡെവലപ്മെന്റ്‌ അസോസിയേഷന്‍(സിഡ) എന്ന സാമൂഹ്യസംഘടനയുടെ പ്രതിനിധികളും സിങ്കപ്പൂരിലെ വിവിധ കോളേജുകളില്‍ പഠിക്കുന്നതുമായ പതിനഞ്ചംഗ വിദ്യാര്‍ത്ഥി സംഘമാണ്‌ കുടുംബശ്രീയുടെ സാമൂഹ്യ-സാമ്പത്തിക-സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ വിസ്മയം കൊണ്ടത്‌. കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജിത പ്രവര്‍ത്തനം, ഗ്രാമപഞ്ചായത്ത്‌-നഗര ഭരണസംവിധാനം എന്നിവയെ സംബന്ധിച്ച പഠനങ്ങള്‍ക്കായി വെനസ്വേലന്‍ മുന്‍ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ ഉപദേഷ്ടാവായിരുന്ന മെക്കിള്‍ ലിബോനോവിറ്റ്സ്‌, പത്രപ്രവര്‍ത്തകയായ മാര്‍ത്ത ഹലേക്കര്‍, സ്പെയിനിലെ ബാസ്ക്‌ പ്രവിശ്യയിലെ മേയര്‍ ലൂയിസ്‌, കൗണ്‍സിലര്‍മാരായ അരാന്റാ, സെസലിയ, ചിലിയില്‍ നിന്നുള്ള ദ്വിഭാഷി സുസാന എന്നിവരുള്‍പ്പെട്ട സംഘം കഴിഞ്ഞയാഴ്ച കുടുംബ ശ്രീ സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ്‌ സിങ്കപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘത്തിന്റെ സന്ദര്‍ശനം. സിങ്കപ്പൂരിലെ യൂത്ത്‌ ലീഡര്‍ഷിപ്‌ ട്രെയിനിംഗ്‌ പ്രോഗ്രാമിന്റെ ഭാഗമായി മറ്റ്‌ രാജ്യങ്ങളിലെ സാമൂഹ്യവികസന-സേവന മേഖലകളിലെ സ്ത്രീമുന്നേറ്റം, സ്ത്രീശാക്തീകരണം എന്നിവ സംബന്ധിച്ച പഠനത്തിനായാണ്‌ സംഘം കേരളത്തിലെത്തിയത്‌.
വെള്ളാറില്‍ 'പയനിയര്‍' പേപ്പര്‍ ബാഗ്‌ നിര്‍മാണ യൂണിറ്റ്‌ സന്ദര്‍ശിച്ച സംഘം പ്രകൃതിസൗഹൃദ വസ്തുക്കളുപയോഗിച്ച്‌ കുടുംബശ്രീ നടപ്പാക്കുന്ന ഇത്തരം നൂതന വരുമാനദായക സംരംഭങ്ങള്‍ പരിസ്ഥിതി സംരക്ഷണം എന്ന വലിയ ഉത്തരവാദിത്വം കൂടി നിറവേറ്റുന്നതാണെന്ന്‌ പറഞ്ഞു.
യൂണിറ്റ്‌ അംഗങ്ങള്‍ നിര്‍മിച്ച ഫാന്‍സി ആഭരണങ്ങള്‍ വാങ്ങിയ സംഘത്തിലെ പെണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ ഇത്തരം ഉത്പ്പന്നങ്ങളുടെ വിപണനത്തിനും പ്രചാരത്തിനും കൂടുതല്‍ സഹായകമാകുമെന്നും അഭിപ്രായപ്പെട്ടു. വെങ്ങാനൂരിലെ അമൃതം ന്യൂട്രിമിക്സ്‌ യൂണിറ്റ്‌, വിവിധ സംഘകൃഷി യൂണിറ്റുകള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ കെ.ബി.വത്സല കുമാരി, പ്രോഗ്രാം ഓഫീസര്‍(മൈക്രോ എന്റര്‍പ്രൈസസ്‌) ഇന്‍ ചാര്‍ജ്‌ പ്രിയാ പോള്‍, കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്‍ അസിസ്റ്റന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ സിനി.എ തുടങ്ങിയവര്‍ കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച്‌ വിശദീകരിച്ചു. കുടുംബശ്രീ ലൈവ്ലിഹുഡ്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ അഞ്ജന എം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സബിന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.