കാട്ടുതീ: അന്വേഷണം എങ്ങുമെത്തിയില്ല

Wednesday 19 March 2014 10:30 pm IST

കല്‍പ്പറ്റ: വയനാട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വനങ്ങളിലുണ്ടായ കാട്ടുതീ സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. കാട്ടുതീയില്‍ നിരവധി കൊച്ചുമൃഗങ്ങളും പക്ഷികളും കത്തിയമര്‍ന്നു. രണ്ടായിരത്തിലധികം ഏക്കര്‍ വനം കത്തിനശിച്ചതായാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തോല്‍പ്പെട്ടി വനാതിര്‍ത്തികളിലും തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും മംഗലശേരി മലയിലുമാണ്‌ കാട്ടുതീ വന്‍നാശം വിതച്ചത്‌. മുന്‍ വര്‍ഷങ്ങളില്‍ കാട്ടുതീ പടരാതിരിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ്‌ നടത്തിവന്നിട്ടുണ്ട്‌. വനത്തിലെ മുളംകൂട്ടങ്ങള്‍ ഉണങ്ങിനശിച്ചത്‌ തീ എളുപ്പത്തില്‍ പടരാന്‍ കാരണമായി. ഫയര്‍ലൈന്‍ തെളിച്ച്‌ വനവും മനുഷ്യനും തമ്മിലുള്ള അകലം കൂട്ടുകയാണ്‌ സാധാരണ വനംവകുപ്പ്‌ ചെയ്യാറ്‌. പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ വനംവകുപ്പിനെതിരെ നിലനില്‍ക്കുന്ന രോഷാഗ്നിയും കാട്ടുതീ പടരാന്‍ കാരണമായതായി കരുതുന്നു.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വനത്തിലെ താല്‍ക്കാലിക വാച്ചര്‍മാരെ പിരിച്ചുവിട്ടപ്പോഴും ഇത്തരത്തില്‍ രോഷാഗ്നി പ്രകടമായിരുന്നു. ഉണങ്ങിയ ആനപ്പിണ്ടത്തില്‍ സിഗരറ്റ്‌ കത്തിച്ചുവെച്ചാണ്‌ അന്ന്‌ കാടിന്‌ തീയിട്ടത്‌. ആനപിണ്ടം എരിഞ്ഞുകത്തി തീപടരാന്‍ മണിക്കൂറുകളെടുക്കുന്നതിനാല്‍ തീയിടുന്നവരെ കണ്ടെത്താനും പ്രയാസമായിരുന്നു.
വയനാടിന്റെ പലഭാഗത്ത്‌ ഒരേദിവസം വന്‍ തീ പടര്‍ന്നപ്പോള്‍ പകച്ചുനില്‍ക്കുകയായിരുന്നു വനംവകുപ്പ്‌. ആവശ്യത്തിന്‌ ജീവനക്കാരില്ലാതെയും സൗകര്യങ്ങളില്ലാതെയും വനംവകുപ്പ്‌ ബുദ്ധിമുട്ടി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമെത്തിയ അഗ്നിശമന സേനയ്ക്കും വനാന്തരത്തിനുള്ളിലെ കാട്ടുതീ തടയാന്‍ സാധിച്ചില്ല. മംഗലേരി മല എട്ട്‌ മണിക്കൂറിലധികം സമയാണ്‌ കത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.