നിര്‍മാണത്തിലെ അപാകതയും അഴിമതിയും തൃപ്പൂണിത്തുറ മിനി ബൈപാസ്‌ തകര്‍ന്നു

Monday 12 September 2011 11:07 pm IST

മരട്‌: ഉദ്ഘാടനം കഴിഞ്ഞ്‌ മൂന്ന്‌ മാസത്തിനുള്ളില്‍ തൃപ്പൂണിത്തുറ മിനിബൈപാസ്‌ തകര്‍ന്ന്‌ ഗതാഗതയോഗ്യമല്ലാതായി. തിടുക്കത്തില്‍ പണിപൂര്‍ത്തീകരിച്ച്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യനാളുകളിലാണ്‌ ബൈപാസ്‌ വാഹനഗതാഗതത്തിനായിതുറന്നുകൊടുത്തത്‌. ഇരുമ്പുപാലം വഴിയുള്ള ഗതാഗതകുരുക്ക്‌ ഒഴിവാക്കി കൊച്ചിനഗരത്തില്‍നിന്നും തൃപ്പൂണിത്തുറ ടൗണ്‍ ഒഴിവാക്കി വൈക്കം റോഡില്‍ പ്രവേശിക്കുവാനുള്ള എളുപ്പമാര്‍ഗമാണ്‌ ഈ മിനിബൈപാസ്‌. 11 കോടി മുടക്കി സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പാണ്‌ ഇതിനായി പാലവും റോഡും നിര്‍മ്മിച്ചത്‌. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഇഴഞ്ഞുനീങ്ങുകയായിരുന്ന ബൈപാസിന്റെ നിര്‍മാണം ഇടക്കുവെച്ച്‌ സ്തംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ യുഡിഎഫ്‌ അധികാരത്തിലെത്തുകയും സ്ഥലം എംഎല്‍എ കൂടിയായ കെ.ബാബു മന്ത്രിസഭയില്‍ ഇടം നേടുകയും ചെയ്തതോടെയാണ്‌ നിര്‍മാണം വീണ്ടും. ദ്രുതഗതിയിലായത്‌. പണിപൂര്‍ത്തിയാക്കിയ ബൈപാസ്‌ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ നേരിട്ടെത്തിയിരുന്നു. ബൈപാസ്‌ വാഹനഗതാഗതത്തിനു തുറന്നുകൊടുത്ത്‌ ആഴ്ചകള്‍ക്കകം തന്നെ ബൈപാസിന്റെ പലഭാഗങ്ങളിലും റോഡ്‌ തകര്‍ന്ന്‌ കുഴികള്‍ പ്രത്യേക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. റോഡ്‌ കടന്നുപോവുന്ന പലഭാഗവും താഴ്‌ന്ന പ്രദേശവും, തോടുകളും, വെള്ളക്കെട്ടുകളും കൊണ്ട്‌ നിറഞ്ഞതുമാണ്‌. എന്നാല്‍ ഈ ഭാഗങ്ങളില്‍ റോഡ്‌ നിര്‍മാണത്തില്‍ വന്ന അപാകതയും, അഴിമതിയും കാരണമാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടുമാസത്തിനുള്ളില്‍ തന്നെ റോഡ്‌ തകര്‍ന്ന്‌ ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നതിനു കാരണം എന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പരക്കെ വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടതോടെ മിനിബൈപാസില്‍ കൂടിയുള്ള വാഹനഗതാഗതം ഏറെ ദുഷ്കരമായ അവസ്ഥയിലാണ്‌. ചെറിയ വാഹനങ്ങളും മറ്റും പലപ്പോഴും അപകടങ്ങളില്‍നിന്നും രക്ഷപ്പെടുന്നത്‌ ഭാഗ്യം കൊണ്ടുമാത്രമാണ്‌. റോഡില്‍ ആവശ്യത്തിന്‌ ലൈറ്റുകള്‍ സ്ഥാപിക്കാത്തതും, വാഹനങ്ങള്‍ക്ക്‌ ദുരിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.