ദല്‍ഹിയിലെ മുഖ്യകസേരയില്‍ കണ്ണുനട്ട്‌

Sunday 21 September 2014 10:09 am IST

ഈതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തന്ത്രം മെനയാനും ഏറെ വനിതകളുണ്ടെങ്കിലും അവരതില മൂന്നു പേരുടെ സാന്നിദ്ധയമാണ്‌ ഏറ്റവും പ്രസക്തം. അതില്‍ പക്ഷേ, യുപിഎയുടെയും കോണ്‍ഗ്രസിന്റെയും അദ്ധ്യക്ഷയായ സോണിയയില്ല. പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജുമില്ല എന്നതാണ്‌ പ്രത്യേകത. എന്നു മാത്രമല്ല, അവര്‍ മൂന്നു പേരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമില്ല. പക്ഷേ, കറുത്ത കുതിരകളെന്ന്‌ ഈ വനിതകളെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ട്‌.
തമിഴ്‌നാട്‌ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ജയലളിത, തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായവാതി എന്നിവര്‍ ദേശീയ രാഷ്ട്രീയത്തില്‍ നിസാരക്കാരല്ല. കടുത്ത നിലപാടുകള്‍ എടുക്കുന്നതിലും അതൊക്കെ നടപ്പാക്കുന്നതിലും വിജയം കണ്ടവരാണ്‌ മൂവരും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ നിര്‍ണായകമായ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതില്‍ ഇവര്‍ സ്വീകരിച്ച സമീപനങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ തന്ത്രങ്ങള്‍ മെനഞ്ഞാണ്‌ മൂവരും കരുക്കള്‍ നീക്കുന്നത്‌.
ജനക്ഷേമ പദ്ധതികളും സൗജന്യ പദ്ധതികളും വിറ്റഴിച്ചാണ്‌ ജയലളിത തമിഴ്‌നാട്ടില്‍ എല്ലാവരുടേയും പ്രിയപ്പെട്ട അമ്മയായി മാറിയത്‌. ജയ പ്രധാനമന്ത്രി പദത്തിലേക്കുള്ള കരുനീക്കങ്ങളാണ്‌ അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. പരമാവധി സീറ്റില്‍ വിജയിച്ച്‌ ദേശീയതലത്തില്‍ നിര്‍ണായക കക്ഷിയാവുക, അതിലൂടെ പ്രധാനമന്ത്രിപദത്തിലെത്തുക എന്നതാണ്‌ ജയലളിതയുടെ ലക്ഷ്യം. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മാത്രമല്ല, ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിലും തനിക്ക്‌ കഴിവുണ്ടെന്ന്‌ തെളിയിച്ചതാണ്‌ ദേശീയ രാഷ്ട്രീയത്തില്‍ ജയലളിതയെ വ്യത്യസ്തയാക്കുന്നത്‌.
നിര്‍ണായക സംസ്ഥാനമായ യുപിയില്‍ ബിജെപിയേയും സമാജ്‌വാദി പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും എതിര്‍ത്ത്‌ ഒറ്റക്കു മത്സരിക്കാനുള്ള ചങ്കൂറ്റം, അതാണ്‌ ബിഎസ്പി അധ്യക്ഷ മായാവതിയെ വ്യത്യസ്തയാക്കുന്നത്‌. ഇത്തവണ ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളില്‍ ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ അത്ഭുതം കാണാനാകില്ല. കാരണം, ആരുമായും സഖ്യമില്ലാതെയാണ്‌ കഴിഞ്ഞ വര്‍ഷവും മായാവതി മത്സരിച്ചത്‌. ഉത്തര്‍പ്രദേശ്‌ ഭരിക്കുന്നത്‌ അഖിലേഷ്‌യാദവും, മുലായംസിംഗ്‌ യാദവും ചേര്‍ന്നാണെങ്കിലും ബിഎസ്പിക്കെതിരായോ, മായാവതിക്കെതിരായോ കടുത്ത ഭാഷകള്‍ ഉപയോഗിക്കാന്‍ ഇവര്‍ ആരും തയ്യാറാവില്ല എന്നതാണ്‌ മായാവതിക്കുള്ള അംഗീകാരം. ബിഎസ്പി എത്രകണ്ട്‌ മെച്ചപ്പെട്ടുവെന്നല്ല, മായാവതിയുടെ വ്യക്തിപ്രഭാവമാണ്‌ ദേശീയതലത്തില്‍പോലും ചര്‍ച്ചചെയ്യപ്പെടുന്നത്‌. ദേശീയ രാഷ്ട്രീയത്തില്‍ മായാവതി നയിക്കുന്ന ബിഎസ്പിക്ക്‌ ഏറെ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നത്‌ പലപ്പോഴായും തെളിയിച്ചു. രാജ്യസഭയില്‍ ഒന്നാം നിരയിലാണ്‌ മായാവതിയുടെ ഇരിപ്പിടം. എവിടെയും ഒന്നാമതായിരിക്കണം എന്ന വാശിയാണ്‌ രാഷ്ട്രീയത്തില്‍ ഈ വനിതയെ തലക്കനമുള്ള നേതാവായി മാറ്റിയത്‌. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പില്‍ ഒറ്റ കക്ഷിയായി മത്സരിക്കുന്നത്‌ വെറുമൊരു മത്സരത്തിനല്ല. പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്വപ്നമാണ്‌ മായാവതി ഇതിലൂടെ മെനയുന്നത്‌.
കോണ്‍ഗ്രസിനോടു മമതയില്ലെന്ന്‌ പണ്ടേ പ്രഖ്യാപിച്ച മമതാബാനര്‍ജി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. വര്‍ഗ്ഗവൈരികളായ സിപിഎം പശ്ചിമബംഗാളില്‍ തലപൊക്കരുതെന്ന്‌ ആഗ്രഹിക്കുന്ന മമതക്ക്‌ ആം ആദ്മിയോടും അനുകമ്പയില്ല. ദല്‍ഹിയില്‍ തൃണമൂല്‍ തൃണമല്ലെന്ന്‌ തെളിയിച്ചപ്പോള്‍ മമതക്കു ലഭിച്ച പിന്തുണയാണ്‌ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള നേതാവാക്കി അവരെമാറ്റിയത്‌. ഫെഡറല്‍ മുന്നണിയെ പിന്തുണയ്ക്കുന്ന മമത തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിലെല്ലാം പറയുന്നത്‌ ഇതേ മുന്നണിയെക്കുറിച്ചാണ്‌. മൂന്നാം മുന്നണിക്കെതിരെ അവസരം കിട്ടുമ്പോഴൊക്കെ ആഞ്ഞടിക്കുകയും ചെയ്യുന്നു. ദല്‍ഹിയില്‍ അധികാരത്തില്‍ വരുന്നത്‌ ഫെഡറല്‍ മുന്നണിയായിരിക്കുമെന്നും അങ്ങനെയങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‌ നിര്‍ണായ ശക്തിയാകാന്‍ സാധിക്കുമെന്നുമാണ്‌ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ സ്വപ്നം.
ശ്യാമ ഉഷ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.