കൊച്ചി: ഒരുലക്ഷത്തില്‍ പരം ജനങ്ങള്‍ പങ്കെടുക്കുന്ന ചരിത്രപ്രാധാന്യമുള്ള ധര്‍മ്മരക്ഷാ സംഗമത്തിന് കൊച്ചി ഒരുങ്ങുന്നു. 23ന് എറാണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് നടക്കുന്ന സംഗമത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
ഇന്ന് കക്ഷി രാഷ്ട്രീയക്കാര്‍ ഹിന്ദുക്കളെ പല തട്ടിലാക്കുന്നു. ഹിന്ദുക്കള്‍ക്ക് ശക്തിയില്ലാത്തതുകൊണ്ടാണ് ഹിന്ദുക്കള്‍ക്കു വേണ്ടി വാദിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയാതെ വരുന്നതെന്നും പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും, ഗുരുവായൂര്‍ ക്ഷേത്രത്തിലും ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഒരു രാഷ്ട്രീയ നേതാവു പോലും പ്രതികരിക്കാതിരുന്നതും അതിനാലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ അരമനകളിലും മറ്റും കയറിയിറങ്ങുന്നു. എന്നാല്‍ ഹൈന്ദവ ആചാര്യന്മാരെ കാണാന്‍ ആരും തയ്യാറാവുന്നില്ല. ഹൈന്ദവ സമൂഹത്തിന് നേരെ നടക്കുന്ന അക്രമങ്ങളില്‍ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിയിരിക്കുകയാണ്.
വിവിധ സമ്പ്രദായങ്ങളിലും പരമ്പരകളിലും അവാന്തര വിഭാഗങ്ങളിലും പെട്ട സന്യാസിമാരും, ധര്‍മ്മ ഗുരുക്കളും, സംഘടനാ നേതാക്കളും ഒരേ വേദിയില്‍ എത്തുന്നു. 1982ലെ വിശാല ഹിന്ദു സമ്മേളനത്തിനു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരെണ്ണം നടക്കുന്നത്. ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വതീര്‍ത്ഥ ധര്‍മ്മരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷം വഹിക്കും. വിശ്വഹിന്ദു പരിഷത്ത് രക്ഷാധികാരി അശോക് സിംഗാള്‍ മുഖ്യാതിഥി ആയിരിക്കും.
ഉച്ചക്ക് 3ന് ആരംഭിക്കുന്ന പരിപാടിയില്‍ തന്ത്രവിദ്യാപീഠം ശിക്ഷാര്ത്ഥികള് വേദമന്ത്രങ്ങള്‍ ഉരുവിടും. പിന്നണി ഗായകന് കൃഷ്ണചന്ദ്രന് ദൈവദശകം ആലപിക്കും. ഒരു ലക്ഷം പേര് ധര്‍മ്മസംരക്ഷണ പ്രതിജ്ഞയെടുക്കും. സംഗമത്തിനു മുന്നോടിയായി 22ന് രാവിലെ 10ന് ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ ധര്‍മ്മപതാക ഉയര്‍ത്തും. കേന്ദ്രീയ മാര്‍ഗ്ഗദര്‍ശക് മണ്ഡല് നിര്‍വ്വാഹക സമിതി അംഗം സാധ്വി ഋതംഭര, സദ്ഗുരു ജഗ്ഗി വാസുദേവ്, വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി പൂര്‍ണ്ണാമൃതാനന്ദപുരി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്, കുമ്മനം രാജശേഖരന്, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും.
വിനുകൃഷ്ണന്‍ രചിച്ച് കൃഷ്ണരാജ് സംഗീതം നല്കി ആലപിച്ച ധര്‍മ്മരക്ഷാവേദി സന്ദേശ ഗാനത്തിന്റെ സിഡി പ്രകാശനം ഗാനരചയിതാവ് അര്.കെ.ദാമോദരന്‍ എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി അഡ്വ.എന്‍.ഡി.പ്രേമചന്ദന് നല്കി നിര്‍വ്വഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കേരള ബ്രാഹ്മണസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.എസ്.രാമന്, ധര്‍മ്മരക്ഷാ വേദി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്.കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: