ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു: എ.എന്‍. രാധാകൃഷ്ണന്‍

Friday 21 March 2014 9:57 pm IST

കൊച്ചി: സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ ബിജെപി അധികാരത്തിലെത്തണമെന്ന്‌ പ്രതീക്ഷിക്കുന്നതായും അവര്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍. അഴിമതിക്കെതിരെ ബിജെപിക്ക്‌ വ്യക്തമായ നിലപാടുകള്‍ ഉണ്ട്‌.
ഗൗരവത്തോടെയാണ്‌ ഈ വിഷയത്തെ കാണുന്നത്‌. എറണാകുളം പ്രസ്ക്ലബ്‌ സംഘടിപ്പിച്ച നിലപാട്‌ 2014ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ ഇന്നയാള്‍ പ്രധാനമന്ത്രിയാകുമെന്ന്‌ പത്ര ദൃശ്യ മാധ്യമങ്ങളും സര്‍വെ ഫലങ്ങളും ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പിന്‌ രാഷ്ട്രീയ പ്രാധാന്യം ഏറെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുസമൂഹം അംഗീകരിച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കും.
മണ്ഡലത്തില്‍ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്‌ കുടിവെള്ള ക്ഷാമം. വിജയിച്ചാല്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കും. കേരളത്തിലെ പ്രധാന വ്യവസായ ശാലകള്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. എല്‍ എന്‍ ജി ടെര്‍മിലനുമായി ബന്ധപ്പെട്ട പ്രശ്നമാണ്‌ ഇക്കാര്യത്തില്‍ പരിഹരിക്കണമെന്നാഗ്രഹിക്കുന്നത്‌. 2004 ല്‍ വാജ്പേയ്‌ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണ്‌ ഇതിന്‌ അനുമതി നല്‍കിയത്‌. 2014 ല്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത സമയത്ത്‌ 8 ശതമാനമാണ്‌ ഇവിടുത്തെ ഉത്പാദനം. വില്‍പന നികുതി ഇനത്തില്‍ 1000 കോടി രൂപ ലഭ്യമാകുമെന്നാണ്‌ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടത്‌. 2007 ല്‍ നിര്‍മാണം പൂര്‍ത്തിയായിരുന്നുവെങ്കില്‍ ഏകദേശം 6000 കോടി രൂപ പൊതുഖജനാവില്‍ കിട്ടുമായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ എഫ്‌എസിടി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്‌. സര്‍ക്കാര്‍ സ്പോണ്‍സേഡ്‌ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയാണ്‌ ഫാക്ടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌. എല്‍ എന്‍ ജി വിലകുറച്ച്‌ നല്‍കുകയാണ്‌ ഫാക്ടിന്റെ രക്ഷയ്ക്ക്‌ ആവശ്യം.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പുതിയ കപ്പലുകള്‍ ഇല്ല. കപ്പലുകള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുവരുന്നില്ല. 30 ശതമാനം ജീവനക്കാരാണ്‌ ഇവിടുള്ളത്‌. രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ പൂര്‍ണമായും നഷ്ടത്തിലാണ്‌. പ്രതീക്ഷയോടെ നോക്കിക്കണ്ട സ്മാര്‍ട്ട്‌ സിറ്റിയില്‍ 90,000 ത്തോളം ജീവനക്കാര്‍ക്ക്‌ തൊഴില്‍ കിട്ടുമെന്ന്‌ കരുതിയെങ്കിലും കാര്യങ്ങള്‍ എങ്ങുമെത്തിയില്ല.
തീരദേശ പരിപാലന നിയമം സാധാരണക്കാര്‍ക്ക്‌ വെല്ലുവിളിയായി മാറിയിരിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക്‌ അന്തിയുറങ്ങാന്‍ കെട്ടിടം ഉണ്ടാക്കാന്‍ അവകാശമില്ല. ഈ നിയമത്തിന്റെ മറവില്‍ പാവങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്‌ കൂടുതല്‍ മുന്‍ഗണന നല്‍കും. എറണാകുളം സൗത്ത ്‌റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുക, ഓള്‍ഡ്‌ റെയില്‍വേ സ്റ്റേഷന്‍ നവീകരണം തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ എ.എന്‍.രാധാകൃഷ്ണന്‍ വ്യക്തമാക്കി.
കേരളത്തില്‍ ഇപ്പോള്‍ താമര വിരിയാന്‍ തക്ക സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയമം 17-ാ‍ം വയസ്സില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത്‌ പോലെയാണെന്നും അത്‌ അങ്ങനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ പാര്‍ട്ടികളെ നിസാരവത്കരിക്കേണ്ട ആവശ്യമില്ലെന്നും ജയപ്രതീക്ഷ തനിക്കുണ്ടെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. മോദി നേരിട്ട്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആദര്‍ശാധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടിയാണ്‌ ബിജെപി. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ ദുഖകരമാണ്‌. സംഘര്‍ഷം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിപി വധക്കേസില്‍ അച്ചുതാനന്ദന്‍ മലക്കം മറിഞ്ഞത്‌ ശരിയാണോയെന്ന ചോദ്യത്തിന്‌ ആദര്‍ശപരമായ നിലപാട്‌ സ്വീകരിച്ചതിന്‌ ശേഷം അതില്‍ നിന്നും പിന്മാറിയ നടപടി ശരിയായില്ലെന്ന്‌ എ.എന്‍. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഗ്രാഫ്‌ താഴേക്ക്‌ പോയതില്‍ നിരാശയുണ്ടെന്നും എ.എന്‍.ആര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.