ഇന്ത്യ പാക്കിസ്ഥാനെ ഏഴ്‌ വിക്കറ്റിന്‌ തകര്‍ത്തു

Friday 21 March 2014 10:02 pm IST

ധാക്ക: പാക്കിസ്ഥാനെ തകര്‍ത്ത്‌ ഇന്ത്യ ട്വന്റി 20 ലോകകപ്പില്‍ ഉജ്ജ്വല തുടക്കം കുറിച്ചു. ഗ്രൂപ്പ്‌ രണ്ടില്‍ നടന്ന ടോപ്‌ ടെന്നിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ 7 വിക്കറ്റിനാണ്‌ അയല്‍ക്കാരായ പാക്കിസ്ഥാനെ തകര്‍ത്തത്‌. ആദ്യം ബാറ്റ്‌ ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 33 റണ്‍സെടുത്ത ഉമര്‍ അക്മലാണ്‌ പാക്‌ നിരയിലെ ടോപ്‌ സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 131 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. ഇന്ത്യക്ക്‌ വേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ (30), രോഹിത്‌ ശര്‍മ്മ (24), വിരാട്‌ കോഹ്ലി (36 നോട്ടൗട്ട്‌), സുരേഷ്‌ റെയ്ന (35 നോട്ടൗട്ട്‌) എന്നിവര്‍ മികച്ച ബാറ്റിംഗ്‌ കാഴ്ചവെച്ചു. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ്‌ പാക്കിസ്ഥാനെ ചെറിയ സ്കോറില്‍ തളച്ചത്‌.
നേരത്തെ ടോസ്‌ നേടിയ ഇന്ത്യ ബൗളിംഗ്‌ തെരഞ്ഞെടുത്തു. സ്കോര്‍ബോര്‍ഡില്‍ ഒമ്പത്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ പാക്കിസ്ഥാന്‌ ആദ്യപ്രഹരം ഏല്‍പ്പിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞു. 8 റണ്‍സെടുത്ത കമ്രാന്‍ അക്മലിനെ ഭുവനേശ്വര്‍ കുമാര്‍ റണ്ണൗട്ടാക്കി. രണ്ടാം വിക്കറ്റില്‍ അഹമ്മദ്‌ ഷഹ്സാദും മുഹമ്മദ്‌ ഹഫീസും ചേര്‍ന്ന്‌ സ്കോര്‍ 44 റണ്‍സിലെത്തിച്ചു. എന്നാല്‍ 15 റണ്‍സെടുത്ത ഹഫീസിനെ ജഡേജ ഭുവനേശ്വറിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും പാക്കിസ്ഥാന്‌ നഷ്ടമായി. 22 റണ്‍സെടുത്ത അഹമ്മദ്‌ ഷഹ്സാദിനെ അമിത്‌ മിശ്രയുടെ പന്തില്‍ ധോണി കയ്യിലൊതുക്കി. നാലാം വിക്കറ്റില്‍ ഉമര്‍ അക്മലും ഷൊഐബ്‌ മാലിക്കും ചേര്‍ന്ന്‌ നേടിയ 50 റണ്‍സാണ്‌ പാക്കിസ്ഥാനെ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌. എന്നാല്‍ സ്കോര്‍ 97-ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത മാലിക്കിനെ മിശ്ര റെയ്നയുടെ കൈകളിലെത്തിച്ചു. പിന്നീട്‌ സ്കോര്‍ 103-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും നഷ്ടമായി. പാക്‌ നിരയിലെ ടോപ്സ്കോററായ ഉമര്‍ അക്മലിനെ (33) ഇന്ത്യക്ക്‌ വേണ്ടി അരങ്ങേറ്റം നടത്തിയ മുഹമ്മദ്‌ ഷമി റെയ്നയുടെ കൈകളിലെത്തിച്ചു. ഷാഹിദ്‌ അഫ്രീദിക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വെറും എട്ട്‌ റണ്‍സെടുത്ത അഫ്രീദിയെ ഭുവനേശ്വര്‍ റെയ്നയുടെ കൈകളിലെത്തിച്ചതോടെ പാക്കിസ്ഥാന്‍ 6ന്‌ 114 എന്ന നിലയിലായി. 21 റണ്‍സെടുത്ത ഷൊഐബ്‌ മക്സൂദ്‌ 21 റണ്‍സെടുത്ത്‌ ഇന്നിംഗ്സിലെ അവസാന പന്തില്‍ റണ്ണൗട്ടാവുകയും ചെയ്തു. ഇന്ത്യക്ക്‌ വേണ്ടി അമിത്‌ മിശ്ര രണ്ട്‌ വിക്കറ്റുകള്‍ വീഴ്ത്തി.
131 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്‌ ഭേദപ്പെട്ട തുടക്കമാണ്‌ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത്‌ ശര്‍മ്മയും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 8 ഓവറില്‍ 54 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 28 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളോടെ 30 റണ്‍സെടുത്ത ധവാനെ ഉമര്‍ ഗുലിന്റെ പന്തില്‍ സയീദ്‌ അജ്മല്‍ പിടികൂടിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 10 റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും ഇന്ത്യക്ക്‌ നഷ്ടമായി. 21 പന്തില്‍ നിന്ന്‌ ഒരു ഫോറും രണ്ട്‌ സിക്സറുമടക്കം 24 റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മ അജ്മലിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. യുവരാജിന്‌ ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട്‌ പന്ത്‌ നേരിട്ട്‌ ഒരു റണ്ണെടുത്ത യുവിയെ ബിലാല്‍ ബട്ടി ബൗള്‍ഡാക്കിയതോടെ ഇന്ത്യ 65ന്‌ മൂന്ന്‌ എന്ന നിലയിലായി. പിന്നീട്‌ കോഹ്ലിയും സുരേഷ്‌ റെയ്നയും ചേര്‍ന്നാണ്‌ ഇന്ത്യന്‍ ഇന്നിംഗ്സ്‌ മുന്നോട്ടുകൊണ്ടുപോയത്‌. 14.2 ഓവറില്‍ 100 കടന്ന ഇന്ത്യയെ ഇരുവരും ചേര്‍ന്ന്‌ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.
ഇന്ന്‌ ഗ്രൂപ്പ്‌ ഒന്നില്‍ ചിറ്റഗോംഗില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട്‌ ന്യൂസിലാന്റിനെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.