രക്ഷിച്ച വാജ്പേയിയെ കുത്തുന്ന സിപിഎം

Saturday 22 March 2014 8:16 pm IST

യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ സഹായിച്ചവന്റെ നെഞ്ചില്‍ കത്തികയറ്റുന്ന പാര്‍ട്ടിയാണ്‌ സിപിഎമ്മെന്ന്‌ അവരിപ്പോള്‍ വീണ്ടും തെളിയിച്ചിരിക്കയാണ്‌. കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍ നെഹ്‌റുവിനെയും വാജ്പേയിയെയും നന്മയുടെ പ്രതീകങ്ങളാക്കി നടത്തിയ ആനുഷാംഗിക പരാമര്‍ശത്തെ ഹിമാലയന്‍ പ്രശ്നമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തുവന്നിരിക്കയാണ്‌. രാഷ്ട്രതന്ത്രജ്ഞന്റെ പദവിയിലെത്തിയ രാഷ്ട്രീയനേതാവായ അടല്‍ബിഹാരി വാജ്പേയി ഭാരതം കണ്ട സര്‍വ്വാദരണീയനായ ജനനായകനാണ്‌. മാനവരാശിയുടെ മോചനത്തിന്‌ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതം വഴികാട്ടിയാവണമെന്നുദ്ഘോഷിച്ച ക്രാന്തദര്‍ശിയാണ്‌ അടല്‍ജി. ചിരപുരാതനവും നിത്യനൂതനവുമായ ഭാരതീയ കാഴ്ചപ്പാടിലൂന്നിയ ചിന്തയും അതിനനുസരണമായി പുതിയ ചക്രവാളങ്ങള്‍ക്കായുള്ള യാത്രയുമാണ്‌ അദ്ദേഹത്തിന്റെ സവിശേഷത.
അനാരോഗ്യം കാരണം സജീവ രാഷ്ട്രീയത്തില്‍നിന്നും വാജ്പേയി വിട്ടുനില്‍ക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്‌. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെ മാനവികതയിലൂന്നിയ സ്നേഹസമര്‍പ്പണത്തോടെ എല്ലാവരുടെയും ശ്രേയസ്സിനും താല്‍പര്യത്തിനുമായി ആത്മാര്‍ത്ഥതയോടെ വിജയകരമായി നിറവേറ്റിയ ഭരണാധിപനെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്‌. എന്‍ഡിഎയുടെ ഭ്രമണപഥത്തിന്‌ പുറത്തായിരുന്നിട്ടുകൂടി കേരളത്തിലെ ഇടതുഭരണകൂടം ഖജനാവ്‌ പൂട്ടേണ്ട അവസ്ഥയിലെത്തിയ സന്ദര്‍ഭങ്ങളില്‍ വഴിവിട്ടും കേരളത്തെ സഹായിച്ച വാജ്പേയിക്ക്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തിക്കൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അയച്ച കത്ത്‌ ചരിത്രരേഖയാണ്‌. എതിര്‍ക്കുന്നവനെ മാനിച്ച യഥാര്‍ത്ഥ ജനാധിപത്യവാദി എന്ന ഖ്യാതി അവകാശപ്പെടാവുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളാണ്‌ വാജ്പേയി. ഹൃദയനൈര്‍മല്യത്തിലും നിഷ്കളങ്കതയിലുമൂന്നിയ അദ്ദേഹത്തിലെ നിതാന്ത സ്നേഹപ്രസന്നത കക്ഷിഭേദമെന്യേ അനുഭവിച്ചവരാണ്‌ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ അധികംപേരും.
എന്നാല്‍ കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി എടുത്താലും കൊടുത്താലും തീരാത്ത സ്നേഹത്തിന്റെ ഉടമയായ വാജ്പേയിയെ പരമശത്രുവായി പ്രഖ്യാപിച്ചുകൊണ്ട്‌ ഈയടുത്ത ദിവസം രംഗത്തുവന്നിരിക്കുന്നു. വോട്ടുപെട്ടി നിറക്കാനുള്ള വ്യഗ്രതയില്‍ സ്വയം അപഹാസ്യനായിത്തീര്‍ന്ന നേതാവെന്ന നാണക്കേടാണ്‌ ചരിത്രം ഇതുവഴി ഈ കമ്മ്യൂണിസ്റ്റ്‌ നേതാവിന്‌ സമ്മാനിക്കാന്‍ പോകുന്നത്‌. നന്മയുടെ പ്രകാശം പകരുന്ന നേതാക്കള്‍ക്ക്‌ പകരം തിന്മയുടെ ആള്‍രൂപങ്ങളാകുന്ന നേതാക്കള്‍ പെരുകുന്നു എന്നതാണ്‌ സിപിഎം നേരിടുന്ന ഒരു ഗുരുതരമായ പ്രശ്നം. വോട്ടുപെട്ടികള്‍ നിറയ്ക്കാനെത്തുന്ന ആള്‍ക്കൂട്ടത്തെ ആദര്‍ശ പ്രതിബദ്ധതയുള്ള സമൂഹമാക്കി മാറ്റാന്‍ ശ്രമിക്കാത്ത അവസരവാദികളായ നേതാക്കന്മാരാണ്‌ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കുള്ളത്‌. ലോകാരാധ്യനായ വാജ്പേയിയെ ഇകഴ്ത്തിക്കാട്ടിക്കൊണ്ടുള്ള സിപിഎം പ്രതികരണംവഴി ആ പാര്‍ട്ടിയും അതിന്റെ നേതാക്കളും സ്വയം അപഹാസ്യരായിത്തീരുകയാണുണ്ടായിട്ടുള്ളത്‌.
വാജ്പേയിയുടെ മഹത്വത്തില്‍ അസ്വസ്ഥനാകുന്ന സിപിഎം സെക്രട്ടറി കടുത്ത വര്‍ഗ്ഗീയവാദിയായി ചിത്രീകരിച്ചാണ്‌ അദ്ദേഹത്തെ ഇകഴ്ത്തുന്നത്‌. കേരളത്തില്‍ ന്യൂനപക്ഷ മാനേജ്മെന്റിന്‍ കീഴില്‍ തലയുയര്‍ത്തിനില്‍ക്കുന്ന മിക്ക മെഡിക്കല്‍-എന്‍ജിനീയറിംഗ്‌ കോളേജുകളും വാജ്പേയി ഭരണകൂടം അംഗീകാരം നല്‍കിയതുവഴി സ്ഥാപിക്കപ്പെട്ടതാണ്‌. ഇക്കാര്യത്തില്‍ വിവേചനമോ അഴിമതിയോ ഭരണകൂട കെടുകാര്യസ്ഥതയോ ഉണ്ടായതായി ആരും ഇന്നുവരെ ആക്ഷേപിച്ചിട്ടില്ല. കേരളത്തോട്‌ അക്കാലത്തെ ഭരണകൂടം അവഗണന കാട്ടിയതായും സിപിഎമ്മിന്‌ ആക്ഷേപമില്ല. ഇന്ത്യയില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ ഏറ്റവും കുറഞ്ഞ കാലഘട്ടവും എന്‍ഡിഎ ഭരണമായിരുന്നു. എന്നിട്ടും വാജ്പേയിയെ അധിക്ഷേപിക്കുന്നവരുടെ ലക്ഷ്യം ദുരുദ്ദേശപരമാണ്‌. സംഘടിത ന്യൂനപക്ഷ വോട്ടുകള്‍ക്കുവേണ്ടി ആത്മാവിനെ പണയപ്പെടുത്തിക്കൊണ്ടുള്ള തരംതാണ അജണ്ടയാണ്‌ സിപിഎം ഇവിടെ അവലംബിക്കുന്നത്‌. ഒരു പുരുഷായുസ്സ്‌ പൂര്‍ണമായും നാടിനായി സമര്‍പ്പിച്ച യുഗപുരുഷനെ ചെളിവാരിയെറിയുക വഴി സിപിഎമ്മിന്റെ കൈകളാണ്‌ ചെളിപറ്റി ദുര്‍ഗന്ധം വമിപ്പിക്കുന്നത്‌.
വാജ്പേയിയെ കരുവാക്കി രാഷ്ട്രീയ ചൂതുകളിക്കിറങ്ങിയ സിപിഎമ്മിന്‌ കനത്ത നഷ്ടമാണ്‌ ഇതുവഴിയുണ്ടാവാന്‍ പോകുന്നത്‌. നന്ദികേടേ നിന്റെ പേരോ സിപിഎം എന്നാണ്‌ ചോദിക്കാന്‍ തോന്നുന്നത്‌. ഇരിക്കുന്ന കൊമ്പുമുറിക്കുന്ന അവസരവാദികളും സ്ഥാനമോഹികളുമായ നേതാക്കളെക്കൊണ്ട്‌ തകര്‍ന്ന പ്രസ്ഥാനമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. വളരെക്കാലം പാര്‍ലമെന്റിലെ രണ്ടാമത്തെ കക്ഷിയും പ്രധാന പ്രതിപക്ഷവുമായിരുന്നു ഇക്കൂട്ടര്‍. 1977 ജനതാപാര്‍ട്ടിയുടെ വിജയത്തെത്തുടര്‍ന്ന്‌ സിപിഎം ലോക്സഭയില്‍ മൂന്നാമത്തെ കക്ഷിയായി. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്ക്‌ വഹിച്ച ഇടതുപക്ഷം ഇപ്പോള്‍ ഒന്നുമല്ലാതായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക്‌ എറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റില്‍ സിപിഎം അംഗബലംകൊണ്ട്‌ എട്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുകയാണുണ്ടായത്‌. ജനവിധി ഏറ്റവും ദോഷകരമായി ബാധിച്ച പാര്‍ട്ടികളായി സിപിഎമ്മും സിപിഐയും മാറിയിരിക്കുന്നു.
നന്ദികേടിന്റെയും നെറികേടിന്റെയും പര്യായമായി മാറിയ സിപിഎം നിലനില്‍ക്കുന്നതുതന്നെ അടല്‍ബിഹാരി വാജ്പേയി എന്ന പ്രധാനമന്ത്രിയുടെ ഹൃദയവിശാലതയും ജനാധിപത്യബോധവുംകൊണ്ടാണ്‌. 2001 ലെ മാനദണ്ഡങ്ങളനുസരിച്ച്‌ സിപിഎമ്മിന്‌ ദേശീയ രാഷ്ട്രീയപാര്‍ട്ടി എന്ന പദവി യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെട്ടതാണ്‌. കുറഞ്ഞത്‌ നാല്‌ സംസ്ഥാനങ്ങളിലെങ്കിലും മത്സരിച്ച്‌ ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറ്‌ ശതമാനം വോട്ട്‌ നേടുക എന്ന മാനദണ്ഡം സിപിഎമ്മിന്‌ അക്കാലത്ത്‌ നഷ്ടപ്പെട്ടിരുന്നു. കുറഞ്ഞപക്ഷം നാല്‌ സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുക വഴി ദേശീയ പാര്‍ട്ടിയാകാമെന്നുള്ള യോഗ്യതയും അവര്‍ക്ക്‌ അവകാശപ്പെടാനാവുമായിരുന്നില്ല. ഈ സ്ഥിതിയില്‍ ദേശീയപാര്‍ട്ടിയായി നിലനില്‍ക്കാന്‍ സിപിഎം വാജ്പേയിയുടെ സഹായം തേടുകയാണുണ്ടായത്‌. ലോക്സഭയിലെ മൊത്തം സീറ്റുകളുടെ രണ്ട്‌ ശതമാനം മൂന്ന്‌ സംസ്ഥാനങ്ങളില്‍നിന്നായി നേടാനായാല്‍ ദേശീയപാര്‍ട്ടിയാകാമെന്ന വ്യവസ്ഥ രൂപപ്പെടുത്തി സിപിഎമ്മിനെ വാജ്പേയി സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. അല്ലാത്തപക്ഷം സിപിഎമ്മിന്‌ ആ സ്ഥാനം നഷ്ടപ്പെടുമായിരുന്നു.
"വര്‍ഗ്ഗീയവാദിയും ഫാസിസ്റ്റുമായ" പ്രധാനമന്ത്രിയുടെ ദണ്ഡനമസ്ക്കാരം ചെയ്ത്‌ നേടിയ പദവി അനുഭവിക്കുന്നവര്‍ തന്നെ ആ മഹാനെ അസ്പൃശ്യനും കൊള്ളരുതാത്തവനുമായി ചിത്രീകരിച്ച്‌ ന്യൂനപക്ഷങ്ങളുടെ കയ്യടി ഇരന്നുവാങ്ങാന്‍ ശ്രമിക്കയാണ്‌. സിപിഎമ്മിന്റെ തത്വദീക്ഷയില്ലാത്ത അവസരവാദമാണിത്‌. ഇപ്പോള്‍ ഇന്ത്യയില്‍ ആറ്‌ കക്ഷികള്‍ക്കാണ്‌ ദേശീയപാര്‍ട്ടി പദവിയുള്ളത്‌. കോണ്‍ഗ്രസ്‌, ബിജെപി, എന്‍സിപി, ബിഎസ്പി, സിപിഎം, സിപിഐ എന്നിവയാണവ. ഇതില്‍ ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ നില ഇപ്പോള്‍ പരുങ്ങലിലാണ്‌. സിപിഎമ്മിന്‌ 2004 ല്‍ 5.66 ശതമാനം വോട്ടാണ്‌ ഇന്ത്യയൊട്ടാകെ ലഭിച്ചത്‌. 2009 ല്‍ അത്‌ 5.33 ശതമാനമായി കുറഞ്ഞു. ഇത്തവണ വീണ്ടും കുറയാനാണ്‌ സാധ്യത. കുറഞ്ഞപക്ഷം ആറ്‌ ശതമാനം വോട്ടുകിട്ടിയാല്‍ രക്ഷപ്പെടാനാവും. ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതായി അവര്‍ കരുതുന്ന സംസ്ഥാനം കേരളമാണ്‌. എന്നാലിവിടെ കൂറുമാറ്റിയും മതനേതാക്കളുടെ അന്ത്യശാസനത്തിന്‌ വഴങ്ങിയും അഞ്ച്‌ സ്വതന്ത്രന്മാരെ നിര്‍ത്തിയിരിക്കുന്നു. ഇവര്‍ക്ക്‌ കിട്ടുന്ന വോട്ടുകള്‍ സിപിഎമ്മിന്റെ കണക്കില്‍ കൂട്ടില്ല. ഇതു മനസിലാക്കി തന്ത്രങ്ങളാവിഷ്കരിക്കാനുള്ള സാമാന്യ ബുദ്ധിപോലും സിപിഎം നേതൃത്വത്തിന്‌ ഇല്ലാതായിരിക്കുന്നു. ചുരുക്കത്തില്‍ നേതാക്കന്മാരാല്‍ തകര്‍ക്കപ്പെട്ട്‌ ഇല്ലാതായിത്തീര്‍ന്ന പാര്‍ട്ടികളായി സിപിഎം-സിപിഐ കക്ഷികള്‍ ചരിത്രത്തില്‍ അവശേഷിക്കാനാണ്‌ സാധ്യത.
അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള psspillai@yahoo.in

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.