ഓട്ടോമാറ്റിക്‌ കാറുകള്‍ സജീവമാകുന്നു

Friday 24 June 2011 10:30 pm IST

കൊച്ചി: ഗതാഗത കുരുക്കുകള്‍ പതിവായിരിക്കുന്ന ഇക്കാലത്ത്‌ ഓട്ടോമാറ്റിക്‌ കാറുകള്‍ക്ക്‌ പ്രസക്തിയേറുകയാണ്‌. ഗതാഗതക്കുരുക്കുകളിലൂടെ, തിരക്കേറിയ നിരത്തുകളിലൂടെ സാധാരണ കാറുകള്‍ ഡ്രൈവ്‌ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളാണ്‌ ഓട്ടോമാറ്റിക്‌ കാറുകളെ ആശ്രയിക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകുന്നതിന്റെ കാരണം. മുമ്പ്‌ വിലയേറിയ ആഡംബരക്കാറുകളില്‍ മാത്രമായിരുന്നു ഓട്ടോമാറ്റിക്‌ സംവിധാനം. ഇന്ന്‌ ഹ്യൂണ്ടായ്‌ ഐ 10, മാരുതി എസ്റ്റാര്‍, ഹോണ്ട ജാസ്‌ എന്നീ കാറുകളിലും ഇത്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സാധാരണ കാറുകളെ അപേക്ഷിച്ച്‌ ഓട്ടോമാറ്റിക്‌ കാറുകള്‍ക്ക്‌ വലിയ രീതിയില്‍ വില വ്യത്യാസം ഇല്ലാത്തതും അതുപോലെ ഗിയര്‍ ചെയ്ഞ്ച്‌ ചെയ്യാതെ വളരെ അനായാസം ഡ്രൈവ്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഓട്ടോമാറ്റിക്‌ കാറുകള്‍ ഡ്രൈവര്‍മാര്‍ക്ക്‌ പ്രിയങ്കരമാക്കുന്നു. വിദേശരാജ്യങ്ങളില്‍ 85 ശതമാനത്തോളവും ഓട്ടോമാറ്റിക്‌ കാറുകളാണ്‌. ഇന്ത്യയില്‍ 15 ശതമാനമാണ്‌ ഓട്ടോമാറ്റിക്‌ കാറുകളുടെ വില്‍പ്പന. 2-3 വര്‍ഷംകൊണ്ട്‌ ഇവയുടെ വില്‍പ്പന ഇന്ത്യയില്‍ 50 ശതമാനമാകുമെന്ന്‌ സെന്റ്‌ ആന്റണീസ്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ വെഹര്‍ റെയ്നോള്‍ഡ്‌ പറയുന്നു. സാധാരണക്കാരന്റെ വാഹനമായ നാനോയുടേയും ഓട്ടോ മാറ്റിക്‌ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ടാറ്റ ഗ്രൂപ്പ്‌ പദ്ധതിയിടുകയാണ്‌.