ചരിത്രം രചിക്കാന്‍ ധര്‍മ്മരക്ഷാസംഗമം ഇന്ന്‌

Saturday 22 March 2014 9:16 pm IST

കൊച്ചി: കേരളത്തിലെ ഹൈന്ദവ ആധ്യാത്മിക പ്രസ്ഥാനങ്ങള്‍ക്കെതിരെ നടക്കുന്ന അപവാദപ്രചാരണത്തിനും മാതാ അമൃതാനന്ദമയിക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചനയും തുറന്നുകാട്ടാന്‍ ജനലക്ഷങ്ങള്‍ അണിചേരുന്ന ധര്‍മ്മരക്ഷാസംഗമത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ത്ഥ ഉദ്ഘാടനം നിര്‍വഹിക്കുന്ന മഹാസമ്മേളനത്തില്‍ ശിവഗിരി മഠാധിപതി പ്രകാശാനന്ദ അധ്യക്ഷത വഹിക്കും. വിശ്വഹിന്ദുപരിഷത്ത്‌ മുഖ്യരക്ഷാധികാരി അശോക്‌ സിംഗാള്‍ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി, എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ സംസാരിക്കും. സമ്മേളന ആരംഭത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ആമുഖപ്രഭാഷണം നടത്തും.
ഇന്നലെ രാവിലെ 10 മണിക്ക്‌ സമ്മേളനനഗരിയില്‍ ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ ധര്‍മ്മരക്ഷാപതാക ഉയര്‍ത്തി. ചടങ്ങില്‍ കുമ്മനം രാജശേഖരന്‍, ധര്‍മ്മരക്ഷാസംഗമം ജനറല്‍ കണ്‍വീനര്‍ എസ്‌.ജെ.ആര്‍. കുമാര്‍, ഇ.എന്‍. നന്ദകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈകിട്ട്‌ 6 മണിക്ക്‌ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഭഗവതിസേവ നടന്നു. സമ്മേളനദിവസമായ ഇന്ന്‌ രാവിലെ 5.30 ന്‌ നടക്കുന്ന മഹാഗണപതിഹോമത്തോടെ സമ്മേളനനഗരി ഉണരും. കേരളത്തിന്റെ എല്ലാ ജില്ലകളില്‍നിന്നുമുള്ള ഹൈന്ദവ സമുദായ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം അമൃതാനന്ദമയി മഠത്തിന്റെ എല്ലാ പ്രാദേശിക ഭജനസമി പ്രവര്‍ത്തകരും അമൃത വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനനഗരിയിലെ പ്രത്യേക കൗണ്ടറുകളില്‍ നിന്ന്‌ കുടിവെള്ളം, പാക്കറ്റുകളിലാക്കിയ ഭക്ഷണം, അടിയന്തര സാഹചര്യത്തിനായി വൈദ്യവിഭാഗം, അമൃതാ ആശുപത്രി, സേവാഭാരതി എന്നിവരുടെ ആംബുലന്‍സ്‌ സംവിധാനം എന്നിവ ഉണ്ടാകും. അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍, വിശ്വഹിന്ദുപരിഷത്ത്‌ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സ്വയംസേവകസംഘ പ്രവര്‍ത്തകര്‍ എന്നിവരുടെ വന്‍ സന്നദ്ധസേവനനിരയാണ്‌ ഇന്ന്‌ സമ്മേളനനഗരിയില്‍ മേല്‍നോട്ടം വഹിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.