ഹര്‍ ഹര്‍ മോദി വേണ്ടെന്ന്‌ മോദി

Sunday 23 March 2014 9:17 pm IST

അലഹബാദ്‌: ഹര്‍ ഹര്‍ മോദി എന്നു മുദ്രാവാക്യം മുഴക്കരുതെന്ന്‌ പ്രവര്‍ത്തകരോട്‌ നരേന്ദ്ര മോദി. വാരാണസിയില്‍ സ്ഥാനാര്‍ത്ഥിയായ മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചില പ്രവര്‍ത്തകര്‍ ഹര്‍ ഹര്‍ മോദി വിളിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ നിര്‍ദ്ദേശം.
'ചില പ്രവര്‍ത്തകര്‍ ഹര്‍ ഹര്‍ മോദി മുദ്രാവാക്യം മുഴക്കുന്നതു ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ അവരുടെ ആവേശത്തെയും ആത്മാര്‍ത്ഥതയേയും പ്രശംസിക്കുന്നതോടൊപ്പം ഇനിമേല്‍ അത്‌ ആവര്‍ത്തിക്കരുതെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു'വെന്ന്‌ മോദി പറഞ്ഞു.
വാരാണസിയില്‍ മോദിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിനു ശേഷം ഭം ഭം ഭോലാ ഹര്‍ ഹര്‍ മഹാദേവ്‌ എന്നു ഭക്തന്മാര്‍ കാശി വിശ്വനാഥനു വേണ്ടി മുഴക്കാറുള്ള പതിവ്‌ ജയ ഘോഷങ്ങള്‍ക്കു പുറമേ വ്യാപകമായി കേള്‍ക്കുന്നത്‌ ഹര്‍ ഹര്‍ മോദി എന്ന വിളികളാണ്‌.
ഇത്‌ ശരിയല്ലെന്നും ദൈവത്തെ ഘോഷിക്കുന്നതിനു സമാനമായ ജയ വിളികള്‍ രാഷ്ട്രീയാവശ്യത്തിനു വിനിയോഗിക്കരുതെന്നും ദ്വാരകാ ശങ്കരാചാര്യര്‍ സ്വരൂപാനന്ദ സരസ്വതി ആവശ്യപ്പെട്ടിരുന്നു. ദൈവ പൂജയാകാമെങ്കിലും ഇതു വ്യക്തിപൂജയാണെന്നും അത്‌ അനുവദിക്കാന്‍ പാടില്ലെന്നും ശങ്കരാചാര്യര്‍ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ഡോ. മോഹന്‍ ഭാഗവതിനോടു ഫോണില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഇങ്ങനെ ജയഘോഷം മുഴക്കാന്‍ ബോധപൂര്‍വം സംഘടന പ്രവര്‍ത്തകരോടാവശ്യപ്പെട്ടിട്ടില്ലെന്നും മോഹന്‍ ഭാഗവത്‌ ശങ്കരാചാര്യരെ അറിയിച്ചു. തുടര്‍ന്നാണ്‌ ഇക്കാര്യം ശ്രദ്ധയില്‍ പെട്ട മോദി പ്രവര്‍ത്തകരോട്‌ ഹര്‍ ഹര്‍ മോദി വിളികള്‍ ആവര്‍ത്തിക്കരുതെന്ന്‌ അഭ്യര്‍ത്ഥിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.