തിരുനക്കര പൂരം പെയ്തിറങ്ങി, തേവര്‍ക്ക് ഇന്ന് ആറാട്ട്

Sunday 23 March 2014 9:54 pm IST

കോട്ടയം: അഴകിന്റെ വിസ്മയത്താല്‍ തൃശൂര്‍ പൂരത്തിന്റെ തനിയാവര്‍ത്തനം തീര്‍ത്ത തിരുനക്കര പകല്‍പ്പൂരം ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമായി. തിരുനക്കര തേവര്‍ക്ക് ഇന്ന് ആറാട്ട് നടക്കും. രാവിലെ പതിവുപൂജകളും വിശേഷാല്‍പൂജകളും തുടര്‍ന്ന് ആറാട്ടുബലിയും നടക്കും. രാവിലെ 8നാണ് അമ്പലക്കടവ് ദേവീക്ഷേത്രത്തിനു സമീപമുള്ള ആറാട്ടുകടവിലേക്ക് തിരുനക്കരയപ്പന്‍ ആറാട്ടിനായി എഴുന്നെള്ളുന്നത്. പൊന്നിന്‍ തിടമ്പില്‍ വില്വദളമാല ചാര്‍ത്തി ആറാട്ടിനെഴുന്നെള്ളുന്ന തിരുനക്കര തേവ രെ ഭക്തര്‍ നിറപറയും നിലവിളക്കും കൊളുത്തി വച്ച് വരവേല്‍ക്കും. ആ ചൈതന്യ ത്തെ തങ്ങളിലേക്കും തങ്ങളു ടെ ഭവനത്തിലേക്കും അവര്‍ വ്യാപിപ്പിക്കും. താള വര്‍ണ വിസ്മയം തീര്‍ത്ത പൂരത്തിന് വൈകിട്ട് 5 മണിയോടെ സിനിമാതാരം ജയറാം ഭദ്രദീപം തെളിയിച്ചതോടെ പൂരാഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് മേളപ്പെരുക്കം ആരംഭിച്ചു. ഗജരാജാക്കന്മാരുടെ മുകളില്‍ കുടമാറ്റവും വെഞ്ചാമരവും ഉയര്‍ന്നു. നെറ്റിപ്പട്ടവും ആലവട്ടവും വര്‍ണ്ണക്കുടയും വെഞ്ചാമരവും ഒന്നു ചേര്‍ന്നതോടെ കാണികളുടെ കണ്ണിനും കാതിനും മനസ്സിനും ഒരുപോലെ ആവേശമുണര്‍ന്നു. ചമയങ്ങള്‍ അണിഞ്ഞ് 22 കരിവീരന്‍മാരാണ് മൈതാനത്ത് ഇരുവശത്തുമായി അണിനിരന്നത്. പടിഞ്ഞാറന്‍ ചേരുവാരത്ത് തിരുമ്പാടി ശിവസുന്ദര്‍ തിരുനക്കര തേവരുടെ തിടമ്പും കിഴക്കന്‍ ചേരുവാരത്ത് തൃക്കടവൂര്‍ ശിവരാജു പൂരത്തിടമ്പുമേറ്റി. ഗുരുവായൂര്‍ നന്ദനും ഈരാറ്റുപേട്ട അയ്യപ്പനും തിരുവമ്പാടി ശിവസുന്ദറിനും കൊച്ചിന്‍ ദേവസ്വം ശിവകുമാറും, പുതുപ്പള്ളി സാധുവും തൃക്കടവൂര്‍ ശിവരാജുവിനും ഇടംവലം അകമ്പടിയേകി. തിരുമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയങ്ങളും പൂരപ്പൊലിമയ്ക്ക് മാറ്റു കൂട്ടി. ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് ശ്രീകോവിലിനു മുന്നില്‍ കൊടിമരച്ചുവട്ടില്‍ അണിനിരന്ന ആനകളെ തീര്‍ഥം തളിച്ച് ചന്ദനക്കുറി തൊടുവിച്ച് തന്ത്രികണ്ഠരര് മഹേശ്വരരും മേല്‍ശാന്തിയും പൂരത്തിന് നുജ്ഞ നല്കി. തുടര്‍ന്ന് ആഗജവീരന്മാര്‍ ക്ഷേത്ര ഗോപുരം കടന്ന് മൈതാനത്തേക്ക് ഒന്നൊന്നായി കടന്നുവന്നു. ആദ്യം കിഴക്കന്‍ ചേരുവാരത്തിലെ ഗജശ്രേഷ്ഠരാണ് കടന്നുവന്നത്. രണ്ടാമത് പടിഞ്ഞാറന്‍ ചേരുവരത്തിലേതും. പടിഞ്ഞാറന്‍ ചേരുവാരത്തില്‍ വാദ്യകലാനിധി മേലകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പ്രമാണത്തില്‍ ആല്‍ത്തറമേളവും കിഴക്കന്‍ ചേരുവാരത്തില്‍ മേളകുലപതി പെരുവനം കുട്ടന്‍മാരാരുടെ മേളപ്രമാണത്തില്‍ പാണ്ടിമേളവും പൂരത്തിന് ആവേശമുയര്‍ത്തി. ഇരുചേരികളിലും അറുപതില്‍പരം വാദ്യകലാകാരന്മാരുടെ കൊട്ടിക്കലാശവും തിരുനക്കരയെ പൂരവിസ്മയ തിമര്‍പ്പിലാഴ്ത്തി. പടിഞ്ഞാറന്‍ ചേരിക്കാര്‍ തൃശ്ശൂര്‍ പാറമേക്കാവ് ദേവസ്വത്തിന്റെയും കിഴക്കന്‍ചേരി തിരുവമ്പാടി ദേവസ്വത്തിന്റെയും പുതുപുത്തന്‍ ആനച്ചമയങ്ങളാണ് കൊണ്ടുവന്നിരുന്നത്. മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരവും കുടമാറ്റത്തിന്റെ താളത്തില്‍ പൂരത്തെ ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങി. നാഗമ്പടം, തളിയില്‍ക്കോട്ട, പുത്തനങ്ങാടി, എരുത്തി ക്കല്‍, മള്ളൂര്‍കുളങ്ങര, പാറപ്പാടം, കൊപ്രത്ത്, പള്ളിപ്പുറത്തുകാവ്, പുതിയ തൃക്കോവില്‍, അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, എന്നീ ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങള്‍ ഉച്ചയോടെ വടക്കുംനാഥന്റെ തിരുനടയില്‍ എത്തിച്ചേര്‍ന്നു. ഓരോ ആനയുടേയും പ്രത്യേകതയും വിശേഷണവും ഉച്ചഭാഷണിയിലൂടെ വിവരിച്ചപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് പൂരപ്രേമികള്‍ ഇവര്‍ക്ക് സ്വാഗതം അരുളിയത്. വിദേശികളുള്‍പ്പെടെയുള്ളവരുടെ നിറഞ്ഞ സാന്നിധ്യവും ഇത്തവണ പൂരപറമ്പിനെ ആകര്‍ഷകമാക്കി. മീനച്ചൂടിനെ വകവെയ്ക്കാതെ ആയിരങ്ങളാണ് തിരുനക്കരയിലേക്ക് ഇന്നലെ ഒഴുകിയെത്തിയത്. രാത്രി 8 മണിയോടെ ആകാശത്ത് വിസ്മയം തീര്‍ത്ത് കരിമരുന്നു കലാപ്രകടനവും നടന്നു. ആദ്യം ജോസ്‌കോ വക വെടിക്കെട്ട് ആരംഭിച്ചു. തുര്‍ന്ന് പൂരപ്രേമികളുടെ കണ്ണിനാനന്ദമേകി പൂരവര്‍ണ്ണവിസ്മയം ആകാശത്തും നിറഞ്ഞു. എലിഫന്റ് സ്‌ക്വാഡും, വനം വകുപ്പും സദാ ജാഗരൂകരായിയിരുന്നു. കൂടാതെ സംഘാടസമിതി ഓരോ ആനയ്ക്കും പ്രത്യേക വോളിണ്ടയര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. സേവാഭാരതിയുടെ നേത്യത്വത്തില്‍ കുടിവെള്ള വിതരണം മീനച്ചൂടില്‍ തളര്‍ന്നവര്‍ക്ക് ഏറെ ആശ്വാസകരമായി. ദേവചൈതന്യത്തിന്റെ സ്ഫുരണങ്ങള്‍ ദേശത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാ പിപ്പിക്കുന്നതിനാണ് ഉത്സവം നടത്തുന്നത്. ഇതുവഴി ക്ഷേ ത്രത്തില്‍ സൂക്ഷ്മ രൂപത്തിലുള്ള ചൈതന്യത്തെ ത്രസിപ്പിച്ച് സ്ഥൂലരൂപത്തിലാക്കി കൊടിക്കൂറയിലാക്കി ഉത്സവാരംഭത്തില്‍ കൊടിയേറ്റുന്നു. തുടര്‍ന്ന് ക്ഷേത്രാചാര ദേവാചാര പരമായ കാര്യങ്ങളില്‍ കണിശത്വം പുലര്‍ത്തി നടത്തുന്ന ചടങ്ങുകളിലൂടെ ആ ദേവചൈതന്യത്തെ പരിപോഷിപ്പിക്കുന്നു. ധൂപ, ദീപ, ജല, ഗന്ധാദികളാല്‍ ചൈതന്യത്തെ പുഷ്ടിപ്പെടുത്തുന്നു. അനുകൂലോര്‍ജ്ജത്തെ ആവിര്‍ഭവിപ്പിക്കുന്നു. തുടര്‍ന്ന് പള്ളിവേട്ട ദിവസം ആ ചൈതന്യത്തിലുണ്ടായിട്ടുള്ള പ്രതികൂലോ ര്‍ജ്ജത്തെ നശിപ്പിക്കുകയും അതുവഴി അശുദ്ധിയായുള്ള തെല്ലാം ആറാട്ട് നടത്തി ശുദ്ധീകരിച്ച് ദേശവഴികളിലൂടെ ദേശത്തിനും ദേശക്കാര്‍ക്കും പക ര്‍ന്നു നല്‍കുകയും തിരികെ ക്ഷേത്രത്തിലെ ദേവനിലേക്കു തന്നെ സൂക്ഷ്മ രൂപത്തില്‍ ലയിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് വൈകിട്ട് 6ന് അമ്പലക്കടവ് ദേവീക്ഷേത്രത്തിനു സമീപമുള്ള കടവിലാണ് ആറാട്ട് നടക്കുന്നത്. ഒരു വര്‍ഷമായി ദേവചൈതന്യത്തില്‍ വന്നിട്ടുള്ള അഴുക്കുകളെ ആറാടി ഇല്ലായ്മ ചെയ്യുകയാണ് ആറാട്ടിലൂടെ ചെയ്യുന്നത്. ഈ തീര്‍ത്ഥജലത്തില്‍ മുങ്ങിക്കുളിക്കുന്നതിനായി നാടിന്റെ നാനാഭാഗങ്ങളിലില്‍ നിന്നും വ്രതശുദ്ധിയോടെ ഭക്തര്‍ ആറാട്ടിനെത്തുന്നു. ആറാട്ട് തിരിച്ചെഴുന്നെള്ളുന്നത് ദേശക്കാരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ്. വിവിധ സ്വീകരണസ്ഥലങ്ങളിലും വീടുകളിലും കവലകളിലും ദേവനെ വരവേല്‍ക്കാന്‍ ധൂപ ദീപാലങ്കാരങ്ങള്‍ കൊണ്ടും വൈദ്യുതാലങ്കാരങ്ങള്‍ കൊണ്ടും വിവിധ നിശ്ചലദൃശ്യങ്ങള്‍ കൊണ്ടും ഭക്തര്‍ വിസ്മയം തീര്‍ക്കും. വിവിധ സ്വീകരണസ്ഥലങ്ങളില്‍ കര്‍പ്പൂരാരതി ഉഴിഞ്ഞ് ഭഗവാനെ സ്വീകരിക്കും. അമ്പലക്കടവ് ദേവീക്ഷേത്രത്തിലാണ് ആദ്യ സ്വീകരണം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് കാരാപ്പുഴ കവല, തെക്കും ഗോപുരം, വയസ്‌കര, പാലാമ്പടം കവല എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് കിഴക്കേ നടയിലെ തെക്കേ വാതിലില്‍ക്കൂടി ക്ഷേത്ര മൈതാനിയില്‍ പ്രവേശിക്കും. രാവിലെ 6മുതല്‍ ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം, അഭിഷേകം, ഗണപതിഹോമം എന്നിവ നടക്കും. 8ന് ആറാട്ട് കടവിലേക്ക് എഴുന്നെളളത്ത്, 11ന് ആറാട്ടു സദ്യ, വൈകിട്ട് 6ന് ആറാട്ട്, 6.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ് എന്നിവ നടക്കും. കണ്‍വന്‍ഷന്‍ പന്തലില്‍ രാവിലെ 6.30ന് ഭാഗവതപാരായണം, 8.30ന് അക്ഷരശ്‌ളോകസദസ്സ്,, 10.30ന് ശാസ്താംപാട്ട്, 11.30ന് തുള്ളല്‍ത്രയം, 1ന് സംഗീതാര്‍ച്ചന, 2ന് കഥാപ്രസംഗം, 4ന് സംഗീതകച്ചേരി, 5.30ന് നാമമന്ത്രതരംഗിണി, 7ന് നാദസ്വര തവില്‍ കച്ചേരി, രാത്രി 9ന് സമാപന സമ്മേളനം രാത്രി 11ന് സംഗീതസദസ്സ്, 2.30മുതല്‍ ആറാട്ട് വരവേല്‍പ്, ആറാട്ടുവിളക്ക്, ദീപക്കാഴ്ച, കരിമരുന്നു കലാപ്രകടനം, തുടര്‍ന്ന് കൊടിയിറക്ക്, കൊടിക്കീഴ് കാണിക്ക എന്നിവ നടക്കും. രാത്രി 9ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിക്കും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ. കുമാരന്‍ തിരുവുത്സവ സന്ദേശം നല്‍കും. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. കെ. നാരായണന്‍ നമ്പൂതിരി, ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് അഡ്വ. ശങ്കര്‍റാം, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. അനില്‍കുമാര്‍, റിട്ട. ജില്ലാ ജഡ്ജി അഡ്വ. വി.യു. ലംബോധരന്‍, കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡ്‌റ് അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആര്‍. ശശികുമാര്‍, അയ്യപ്പസേവാസംഘം പ്രസിഡന്റ് പി. ദാസപ്പന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണന്‍ നായര്‍, തിരുനക്കര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.എ. രാധികാദേവി, തിരുനക്കര എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍, തിരുനക്കര ടൗണ്‍ എസ്എന്‍ഡിപി യോ ഗം പ്രസിഡന്റ് എസ്. ദേവരാജന്‍, പുതിയതൃക്കോവില്‍ ഉപദേശക സമിതി പ്രസിഡന്റ് സുബ്രഹ്മണ്യ അയ്യര്‍, പടിഞ്ഞാറേ നട ഭക്തജനസമിതി പ്രസിഡന്റ് ശങ്കര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ക്ഷേത്രോപദേശക സമിതി ജനറല്‍ കണ്‍വീനര്‍ പി.ജെ. ഹരികുമാര്‍ സ്വാഗതവും സമിതി ജോയിന്റ് സെക്രട്ടറി മോനി കാരാപ്പുഴ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.