സുനന്ദയുടെ മരണം കൂടുതല്‍ ദുരൂഹമാകുന്നു

Sunday 23 March 2014 11:15 pm IST

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കരിന്റെ മരണ കാരണം വിഷം ഉള്ളില്‍ച്ചെന്നല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌ സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കുടല്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലമാണ്‌ പുറത്തുവന്നിരിക്കുന്നത്‌. ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ഇതോടെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ്‌ നിര്‍ബന്ധിതമാകും. പോസ്റ്റ്മോര്‍ട്ടം നടത്തിയ എയിംസിലെ ഡോക്ടര്‍മാരുടെ അഭിപ്രായം വീണ്ടും തേടാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടു മാസമായി നടക്കുന്ന പോലീസ്‌ അന്വേഷണത്തിന്റെ ദിശയിലും ഇതു മാറ്റം ഉണ്ടാക്കിയേക്കും.
ജനുവരി 17ന്‌ രാത്രിയിലാണ്‌ ദല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ സുനന്ദ പുഷ്ക്കറിന്റെ മൃതദേഹം കാണപ്പെട്ടത്‌. മൃതദേഹത്തില്‍ കാണപ്പെട്ട പാടുകളേപ്പറ്റിയും ക്ഷതങ്ങളേപ്പറ്റിയും കാര്യമായ അന്വേഷണം നടത്താന്‍ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. അമിതമായ ഗുളികകളുടെ ഉപയോഗമാണ്‌ മരണകാരണമായതെന്ന നിലപാടിലാണ്‌ സംഭവത്തിന്റെ തുടക്കം മുതല്‍ തന്നെ ശശി തരൂരും ദല്‍ഹി പോലീസും. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുനന്ദയുടെ ശരീരത്തില്‍ കാണപ്പെട്ട ഒരു ഡസനിലധികം മുറിവുകളേപ്പറ്റി ഒരന്വേഷണവും ഇതുവരെ നടന്നിട്ടില്ല.
സുനന്ദയുടെ രണ്ടു കൈകളിലും മുഖത്തും ബലപ്രയോഗം നടത്തിയതിന്റെ പാടുകളും മുറിവുകളുമുണ്ടായിരുന്നു. കയ്യില്‍ ആഴത്തില്‍ കടിയേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ശശി തരൂരും തമ്മില്‍ ബന്ധമുണ്ടെന്നും ഐപിഎല്ലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ഐഎസ്‌ഐ ശശി തരൂരിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമൊക്കെയുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെയാണ്‌ സുനന്ദയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്‌. എന്നാല്‍ ഇത്തരം വിവാദ വിഷയങ്ങളിലേക്കൊന്നും അന്വേഷണം എത്തിക്കാതെ വിഷാദത്തിനടിമയായ സുനന്ദ അമിതമായി ഗുളിക കഴിച്ചു മരിച്ചെന്ന പ്രചാരണമാണ്‌ നടന്നുവരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.