അറബ് രാഷ്ട്രങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്ക് അല്‍-ക്വയ്ദയുടെ പിന്തുണ

Tuesday 13 September 2011 2:59 pm IST

ദു‍ബായ്‌: അറബ് രാഷ്ട്രങ്ങളില്‍ നടക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഭീകര സംഘടനയായ അല്‍‌-ക്വയ്ദയുടെ പിന്തുണ. ഈജിപ്റ്റ്, ടുണീഷ്യ , ലിബിയ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങള്‍ യഥാര്‍ത്ഥ ഇസ് ലാമിനെ അധികാരത്തില്‍ കൊണ്ടു വരുമെന്നു പ്രത്യാശിക്കുന്നതായി അല്‍-ക്വയ്ദ തലവന്‍ അയ്മന്‍ സവാഹിരി പറഞ്ഞു. 9/11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ ടേപ്പുകളിലെ ശബ്ദ സന്ദേശത്തിലാണ് പിന്തുണ അറിയിച്ചത്. ശബ്ദസന്ദേശത്തോടൊപ്പം ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നതിനു മുന്‍പ്‌ ചിത്രീകരിച്ച വീഡിയോയാണിത്. ആസന്നമായ വിജയത്തിന്റെ അരുണോദയം എന്നാണ്‌ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോയുടെ പേര്‌. വന്‍കിട കോര്‍പ്പറേറ്റുകളുടെ അടിമകളായി യു.എസ് പൗരന്മാര്‍ മാറിയെന്ന് ഒസാമ ബിന്‍ലാദന്‍ പറയുന്നു. ജിഹാദി വെബ്സൈറ്റുകളിലാണ്‌ വിഡിയോ പ്രത്യക്ഷപ്പെട്ടതെന്ന്‌ ജിഹാദി പ്രസ്‌താവനകള്‍ നിരീക്ഷിക്കുന്ന സൈറ്റ്‌ മോണിറ്ററിങ്‌ ഏജന്‍സി അറിയിച്ചു.