ഇടതുതീവ്രവാദം ഏറ്റവും അപകടകരം - ചിദംബരം

Tuesday 13 September 2011 4:10 pm IST

ന്യൂദല്‍ഹി: ഇടതുതീവ്രവാദമാണ്‌ ഇന്ത്യയില്‍ ഏറ്റവും അപകടകരമെന്ന്‌ ആഭ്യന്തരമന്ത്രി പി. ചിദംബരം. ഇടതുതീവ്രവാദത്തിന്റെ ആധിപത്യവും രൂക്ഷതയും ഏറെ ബാധിച്ച ജില്ലകളുടെ ഉത്തരവാദിത്തം അതാത്‌ സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. നക്‌സല്‍ ബാധിത പ്രദേശങ്ങളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും ഈ ബാധ്യത കേന്ദ്രസര്‍ക്കാരിന്റേതല്ലെന്നും ചിദംബരം പറഞ്ഞു. 60 നക്സല്‍ സ്വാധീന ജില്ലയിലെ കളക്‌ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം തീവ്രവാദികളെ നേരിടാന്‍ ആവശ്യമായ മാനുഷികശേഷി കേന്ദ്രസര്‍ക്കാരിനില്ല. സഹായം നല്‍കാന്‍ മാത്രമേ കഴിയൂ. കേന്ദ്ര സേനകളിലെ ആള്‍ക്ഷാമമാണ് പ്രധാന പ്രശ്നം. നക്സല്‍ സ്വാധീന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്ത ശേഷമാണ് തീരുമാനത്തില്‍ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവിടങ്ങളില്‍ പോരാട്ടത്തിന്‌ ഒരുങ്ങേണ്ടത്‌ നീതിന്യായ സംവിധാനങ്ങളിലൂടെയല്ലെന്നും അവിടെയുള്ള ജനങ്ങളുടെ മനസ്സും ഹൃദയവും കീഴടക്കിയാണെന്നും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രദേശവാസികള്‍ കൂടെയുണ്ടെങ്കില്‍ മാത്രമേ നക്‌സലുകളെ നേരിടാന്‍ കഴിയൂ. പോലീസ്‌ ശത്രുക്കളാണെന്നും മാവോവാദികള്‍ സുഹൃത്തുക്കളുമാണെന്ന ധാരണ വ്യാപിക്കുകയാണെങ്കില്‍ ഈ പോരാട്ടം എളുപ്പമല്ലെന്നും ചിദംബരം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.