ടാക്സി ചരക്ക്‌ വാഹന നികുതി കുത്തനെ കൂട്ടി

Monday 24 March 2014 10:32 pm IST

തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ ടൂറിസ്റ്റ്‌,ടാക്സി കാര്യേജ്‌ വാഹനങ്ങളുടെ നികുതി കുത്തനെ കൂടും. മോട്ടോര്‍വാഹന വകുപ്പ്‌ ഇതുസംബന്ധിച്ച ഉത്തരവ്‌ പുറത്തിറക്കി.
ടാക്സി കാറിന്‌ ഒരു വര്‍ഷത്തേക്ക്‌ 1,040 രൂപയായിരുന്ന നികുതി 8,500 രൂപയാക്കി. ടൂറിസ്റ്റ്‌ കാറുകള്‍ക്ക്‌ ചുമത്തിയ ഭീമമായ നികുതി സാധാരണക്കാര്‍ക്ക്‌ കനത്തയടിയാണ്‌. ഇന്നോവ ഉള്‍പ്പടെ ഏഴു സീറ്റുള്ള വാഹനങ്ങള്‍ക്ക്‌ നികുതി 1040 രൂപയില്‍ നിന്നും 12,000 രൂപയാക്കി. ഏഴില്‍ കൂടുതല്‍ പുഷ്ബാക്ക്‌ സീറ്റുള്ള വാഹനങ്ങള്‍ക്ക്‌ സീറ്റൊന്നിന്‌ 310 രൂപയില്‍ നിന്നും 1000 രൂപയാക്കി. 1500 സിസിയും അതിനു മുകളിലും കപ്പാസിറ്റിയുള്ള ടൂറിസ്റ്റ്‌ കാറുകളെയെല്ലാം ലക്ഷ്വറി ടാക്സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. പുതിയ അംബാസിഡര്‍ കാറുകളും ലക്ഷ്വറി ടാക്സി വിഭാഗത്തില്‍ ഉള്‍പ്പെടും.
1.5 ടണ്‍ ചരക്ക്‌ വാഹനത്തിന്‌ 880 രൂപ നികുതിക്കു പകരം 8400 രൂപയും രണ്ട്‌ ടണ്‍ പിക്കപ്പിന്‌ 11,000 രൂപയും നല്‍കണം. ചെറിയ പിക്കപ്പുകള്‍ക്ക്‌ 1700 രൂപ നികുതി 14,000 രൂപയാക്കി. കാരേജ്‌ വാഹനങ്ങളുടെയും മിനിലോറികളുടെയും നികുതി കുത്തനെ കൂട്ടിയത്‌ വിലക്കയറ്റത്തിന്‌ ആക്കം കൂട്ടും. 20ല്‍ കൂടുതല്‍ സീറ്റുള്ള സാധാരണ ബസുകള്‍ക്ക്‌ മൂന്നുമാസത്തേക്ക്‌ സീറ്റൊന്നിന്‌ 530 രൂപയായിരുന്നു നികുതി. ഇത്‌ 1000 രൂപയാക്കി. പുഷ്ബാക്ക്‌ സീറ്റുള്ള ടൂറിസ്റ്റ്‌ ബസുകള്‍ക്ക്‌ സീറ്റൊന്നിന്‌ 750 രൂപയില്‍ നിന്നും 2,000 രൂപവീതം നികുതി നല്‍കേണ്ടിവരും. ഇതോടെ ടൂറിസ്റ്റ്‌ ബസുകളുടെ മിനിമം ചാര്‍ജ്ജ്‌ 6000 രൂപയില്‍ നിന്ന്‌ 20,000ല്‍ പരം രൂപയെങ്കിലും വരും.
ഒരുലക്ഷം രൂപവരെയുള്ള മോട്ടോര്‍സൈക്കിളിന്‌ നികുതി ഏഴു ശതമാനം കൂട്ടി. ഇറക്കുമതി ചെയ്ത മോട്ടോര്‍സൈക്കിളിന്‌ 13 ശതമാനവും ഒരുലക്ഷം രൂപയ്ക്ക്‌ മുകളിലുള്ള ഇറക്കുമതി ചെയ്ത മോട്ടോര്‍സൈക്കിളിന്‌ 22 ശതമാനം വര്‍ധനയുമാണ്‌. മോട്ടോര്‍ കാറിന്‌ 7 ശതമാനം വര്‍ധനയാണുള്ളത്‌. ഇറക്കുമതി ചെയ്ത മോട്ടോര്‍ കാറിനു 18 ശതമാനവും ടൂറിസ്റ്റ്‌ വാനുകള്‍ക്ക്‌ 12ശതമാനം വര്‍ധനയുമുണ്ടാകും. പതിനഞ്ച്‌ ലക്ഷം വരെ വിലയുള്ള ലക്ഷ്വറി ടാക്സികള്‍ക്ക്‌ 12 ശതമാനവും പതിനഞ്ച്‌ ലക്ഷത്തിനു മുകളില്‍ വിലയുള്ള ലക്ഷ്വറി ടാക്സികള്‍ക്ക്‌ 17 ശതമാനവും ഇറക്കുമതി ചെയ്ത ലക്ഷ്വറി ടാക്സികള്‍ക്ക്‌ 33 ശതമാനം വര്‍ധനയുമാണുള്ളത്‌.
മുന്‍കാലങ്ങളില്‍ ടാക്സി വാഹനങ്ങളുടെ നികുതി മൂന്നുമാസത്തില്‍ ഒരിക്കല്‍ അടക്കാമെന്ന ആനുകൂല്യവും റദ്ദാക്കി. പുതിയ ഉത്തരവില്‍ പുതുക്കിയ നിരക്കുപ്രകാരമുള്ള ഭീമമായ നികുതിത്തുക മുന്‍കൂറായി അഞ്ചുവര്‍ഷത്തേക്ക്‌ അടക്കേണ്ടതാണെന്ന കര്‍ശന വ്യവസ്ഥയുണ്ട്‌.
കെ.വി. വിഷ്ണു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.