നാലുവര്‍ഷത്തിനുശേഷമൊരു ഓണമുണ്ണല്‍;ആഹ്ലാദത്തിനൊപ്പം ജനനേതാക്കളും

Tuesday 13 September 2011 10:47 pm IST

കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക്‌ നാലുവര്‍ഷത്തിനുശേഷം ഇന്നലെ ഒരു ഓണമുണ്ണലായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ട്‌ വിവിധ കേന്ദ്രങ്ങളിലായി താമസിച്ചിരുന്നവര്‍ ഇന്നലെ മൂലമ്പിളളിയില്‍ ഒത്തുകൂടി ഓണസദ്യ ഒരുക്കി. മൂലമ്പിളളി പാക്കേജ്‌ നടപ്പായതിന്റെ സന്തോഷത്തില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു ഓണസദ്യയും മറ്റും. ഇവരുടെ ആഹ്ലാദ നിമിഷങ്ങളില്‍ പങ്കുചേരാന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരും ഉള്‍പ്പടെയുളള ഒട്ടേറെ ജനനേതാക്കളും മൂലമ്പിളളി ദ്വീപിലെത്തി. ഇതിനിടെ ചെറിയൊരു പൊതുയോഗവുമുണ്ടായിരുന്നു. മൂലമ്പിളളിയിലെ അവശേഷിക്കുന്ന 26 കുടുംബങ്ങള്‍ക്കുളള പട്ടയവിതരണത്തിന്റെ ഭാഗമായി സമര സമിതി നേതാവ്‌ സെലസ്റ്റിന്‍ മാസ്റ്റര്‍ക്കുളള പട്ടയവും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഭൂമിയേറ്റെടുക്കല്‍ നയം ജനങ്ങളുടെ സെലക്ട്‌ കമ്മിറ്റിക്കു വിടുകയാണെന്ന്‌ റവന്യൂ മന്ത്രി പറഞ്ഞു. പൊന്നുംവിലയെന്ന റവന്യൂ വില കാലഹരണപ്പെട്ടതാണെന്നും ആ വിലയ്ക്ക്‌ വികസനത്തിനു കേരളത്തില്‍ ഭൂമി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മൂലമ്പിളളിയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ്‌ പുതിയ നയത്തിനു രൂപം നല്‍കിയത്‌. നിങ്ങളുടെ നാലോണം പോയി. ഉമ്മന്‍ചാണ്ടി വന്നു ഓണവും വന്നുവെന്നതാണ്‌ നിങ്ങളുടെ മുഖത്തു തെളിയുന്ന സന്തോഷമെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിസഭയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാതിരുന്നതാണ്‌ മൂലമ്പിളളി ദുരിതത്തിനു പ്രത്യേക കാരണമെന്നായിരുന്നു ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ പറഞ്ഞത്‌. മന്ത്രി നേരിട്ട്‌ തന്നെ ഇക്കാര്യത്തില്‍ ഇടപെട്ടതോടെയാണ്‌ പ്രതിബന്ധങ്ങളെല്ലാം നീങ്ങി പുനരധിവാസം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. മൂലമ്പിളളിയുടെ ദുരിതമറിയാന്‍ ഈ പ്രായത്തിലും ഒരു നാള്‍ രാത്രി ദ്വീപിലെത്തിയ കാര്യം പറഞ്ഞ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ ഓണസദ്യയില്‍ പങ്കെടുക്കാനെത്തിയത്‌ നിങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരാനാണെന്നും പറഞ്ഞു. സി.ആര്‍.നീലകണ്ഠന്‍, പ്രൊഫ. അരവിന്ദാക്ഷന്‍, ജസ്റ്റിസ്‌ പി.കെ.ഷംസുദീന്‍, ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ തുടങ്ങിയവരും പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.