കോണ്‍ഗ്രസും ഭീകരവാദവും

Tuesday 25 March 2014 8:48 pm IST

ഭാരതം ഭീകരവാദികള്‍ക്ക്‌ വളരാന്‍ വളക്കൂറുള്ള മണ്ണാണോ? പലരും പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്‌. ജാതിവ്യവസ്ഥയും വര്‍ണ്ണവിവേചനവും കൊടികുത്തി വാണിരുന്ന കാലത്തുപോലും ഇന്നത്തെ നിലയില്‍ വര്‍ഗീയ ചേരിതിരിവ്‌ സൃഷ്ടിക്കപ്പെട്ടിരുന്നില്ലെന്നാണ്‌ ചരിത്രാന്വേഷികളുടെ പക്ഷം. എന്നാല്‍ ഇന്ന്‌ ഭാരതത്തില്‍ വര്‍ഗീയതയും ജാതിസ്പര്‍ധയും ഭീകരവാദവും ശക്തിപ്പെടുന്നു. ഈ ചേരിതിരിവിന്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സംഭാവന ആഴത്തില്‍ പരിശോധിക്കേണ്ടതും വിലയിരുത്തപ്പെടേണ്ടതുമാണ്‌.
ഭീകരപ്രസ്ഥാനങ്ങളുടെ തനിനിറം ഇന്ത്യ കണ്ടറിഞ്ഞതും ഞെട്ടിയതും ഖാലിസ്ഥാന്‍ ഭീകരവാദത്തിലൂടെയും അതിന്‌ നേതൃത്വം നല്‍കിയ ഭിന്ദ്രന്‍വാലയിലൂടെയുമാണ്‌. സ്വതന്ത ഖാലിസ്ഥാന്‍ വാദമുയര്‍ത്തി ഭിന്ദ്രന്‍വാല വീണ്ടുമൊരു ഭാരതവിഭജനത്തിന്‌ കളമൊരുക്കി. പാക്കിസ്ഥാന്‍ സഹായത്തോടെ മതതീവ്രവാദം വളര്‍ത്തിയ ഭിന്ദ്രന്‍വാലയ്ക്ക്‌ സര്‍വ്വപിന്തുണയും നല്‍കിയത്‌ കോണ്‍ഗ്രസ്‌ നേതൃത്വവും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമാണ്‌. ഭിന്ദ്രന്‍വാലയെ കൂട്ടുപിടിച്ച്‌ അകാലിദള്‍ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ തകര്‍ക്കുകയായിരുന്നു ഇന്ദിരാഗാന്ധിയുടെ ലക്ഷ്യം. ഇന്ത്യന്‍ ദേശീയതയില്‍ അടിയുറച്ച വിശ്വസിച്ച്‌ പഞ്ചാബില്‍ സമാധാനപൂര്‍ണ്ണമായ ഭരണവും കാഴ്ചവെച്ച പ്രസ്ഥാനമാണ്‌ അകാലിദള്‍. ഈ പ്രസ്ഥാനത്തെ തകര്‍ത്ത്‌ പഞ്ചാബിന്റെ ഭരണം പിടിച്ചെടുക്കാനാണ്‌ കോണ്‍ഗ്രസ്‌ ഭിന്ദ്രന്‍വാലയെ വളര്‍ത്തിയത്‌.
എന്നാല്‍ പില്‍ക്കാലത്ത്‌ ഭസ്മാസുരന്‌ വരംകൊടുത്തതുപോലെ ഭിന്ദ്രന്‍വാലയും ഖാലിസ്ഥാന്‍ ഭീകരവാദവും രാജ്യത്തിനുതന്നെ ഭീഷണിയായി മാറി. മാത്രമല്ല ഇത്‌ ഇന്ദിരാഗാന്ധിയുടെ ജീവനും കവര്‍ന്നു. ഭീകരവാദത്തിന്റെ ആദ്യ ഞെട്ടല്‍ ഭാരതം തിരിച്ചറിഞ്ഞത്‌ ഇന്ദിരാഗാന്ധിയുടെ മരണത്തോടെയാണ്‌.
ഭിന്ദ്രന്‍വാലയ്ക്കു വളരാനായി പഞ്ചാബിലെ കോണ്‍ഗ്രസ്‌ ഘടകത്തെ ഏറാന്‍മൂളികളുടെ ഒരു കൂട്ടമായി ഇന്ദിരാഗാന്ധി അധഃപതിപ്പിച്ചിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ്‌ നേതാവും മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ്സിംഗ്‌ കീ്റോണ്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ചതിന്റെ കാരണം ഇന്നും അവ്യക്തമാണ്‌. ഇദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു.
കീ്റോണിന്റെ മരണം ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ പ്രചോദനമായെന്നാണ്‌ പിന്നീടു നടന്ന സംഭവങ്ങള്‍ വെളിവാക്കുന്നത്‌. അകാലിദളിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം വിഘടനവാദികള്‍ക്ക്‌ സഹായകരമായ നിലപാട്‌ എടുക്കാന്‍ പ്രാദേശിക നേതൃത്വം നിര്‍ബന്ധിതരായി. ഇതിന്റെ ഭാഗമായി വിവിധ സിഖ്‌ സംഘടനകള്‍ക്ക്‌ ഒളിഞ്ഞും തെളിഞ്ഞും കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി.
1920 ല്‍ ബ്രിട്ടീഷ്‌ മേല്‍ക്കോയ്മക്കെതിരെ സിക്കു മതസ്ഥരെ സംഘടിപ്പിച്ചുകൊണ്ടാണ്‌ അകാലിദള്‍ എന്ന പ്രസ്ഥാനം രൂപംകൊണ്ടത്‌. തുടര്‍ന്ന്‌ അനാചാരങ്ങള്‍ തുടച്ചുനീക്കി കെട്ടുറപ്പുള്ള പ്രസ്ഥാനമാക്കി സിക്ക്‌ സമൂഹത്തെ മാറ്റി. മാസ്റ്റര്‍ താരാസിംഗിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ചുരുങ്ങിയ കാലംകൊണ്ട്‌ സാമുദായികമായും രാഷ്ട്രീയമായും വളര്‍ന്ന അകാലിദള്‍ കോണ്‍ഗ്രസിന്‌ ഭീഷണിയായി. ഇന്ദിരാഗാന്ധിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും നിലപാടുകളെ നിശിതമായി വിമര്‍ശിച്ച അകാലിദളിനെ ഉന്മൂലനം ചെയ്യാന്‍ കോണ്‍ഗ്രസ്‌ തയ്യാറെടുത്തു.രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ തന്ത്രപൂര്‍വ്വം സഹായം നല്‍കി. ഇതിന്റെ പരിണിതഫലമായി രൂപംകൊണ്ടതാണ്‌ പഞ്ചാബിലെ ഭീകരവാദം.
ഇന്ത്യയില്‍ ഭീകരവാദത്തിനെതിരെയുള്ള ആദ്യ സൈനിക നടപടിയായിരുന്നു സുവര്‍ണ്ണക്ഷേത്രത്തിലേത്‌. ഒരു പക്ഷേ ഭാരതവിഭജനത്തിനുശേഷം നടത്തിയ ആദ്യ സൈനിക നടപടിയായിരുന്നു 1984 ല്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ അരങ്ങേറിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍.
1980 ന്റെ ഒടുവിലാണ്‌ ഭീകരവാദത്തിന്‌ ഇന്നത്തെ രൂപം കൈവന്നത്‌. 1984 ല്‍ ജമ്മുവില്‍ ഭരിച്ചുകൊണ്ടിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ്‌ സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ ആ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കി കോണ്‍ഗ്രസ്‌ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കി. നല്ല ഭരണം കാഴ്ചവച്ച നാഷണല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ഫറൂക്ക്‌ അബ്ദുള്ളയെ പുറത്താക്കാന്‍ വേണ്ടി കോണ്‍ഗ്രസ്‌ കണ്ടെത്തിയത്‌ അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവായ ജി. എം.ഷായെ ആയിരുന്നു. ഗുലാം മുഹമ്മദ്‌ ഷാ (ജി. എം. ഷാ)യുടെ നേതൃത്വത്തിലുള്ള പാവസര്‍ക്കാരിനെ അധികാരത്തിലെത്തിച്ചാണ്‌ കോണ്‍ഗ്രസ്‌ കാശ്മീരില്‍ തീക്കളിക്ക്‌ തുടക്കം കുറിച്ചത്‌.
നാഷണല്‍ കോണ്‍ഫറന്‍സിലെ ഭിന്നിപ്പിനെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ ചില തീവ്രവാദചിന്താഗതിക്കാര്‍ക്ക്‌ വളരാന്‍ സഹായകരമായി. രാജീവ്ഗാന്ധി ജി. എം. ഷാ സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ പ്രസിഡന്റ്‌ ഭരണം ഏര്‍പ്പെടുത്തി. പിന്നീട്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഫറൂക്ക്‌ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ സ്വസ്ഥമായ ഭരണം കാഴ്ചവക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നു മാത്രമല്ല അപ്പോഴേക്കും കാശ്മീര്‍ കലാപകലുഷിതമായി മാറിയിരുന്നു. 1990 ആയപ്പോഴേക്കും ഭീകരവാദം ഇന്നത്തെ നിലയില്‍ ശക്തമായി. ഭീകരവാദികളോട്‌ മൃദുസമീപനം സ്വീകരിക്കുന്നു എന്നാരോപിച്ച്‌ 1990 ല്‍ ഫറൂക്ക്‌ അബ്ദുള്ള ഗവണ്‍മെന്റിനെ വീണ്ടും പുറത്താക്കി പ്രസിഡന്റ്‌ ഭരണം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ സാമുദായിക പ്രീണനമാണ്‌ ഭീകരവാദികളെ തുരത്തുന്നതില്‍ സൈന്യത്തിന്‌ വിനയായത്‌.
കോണ്‍ഗ്രസിന്റെ മറ്റൊരു സൃഷ്ടിയായിരുന്നു ശ്രീലങ്കയിലെ എല്‍ടിടിഇ. 1980 ലായിരുന്നു ഇതിന്റെ ഉദയം. എല്‍ടിടിഇക്ക്‌ സര്‍വ്വവിധ സഹായവും ചെയ്തുകൊടുത്തത്‌ അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാരാണ്‌. വേലുപ്പിള്ള പ്രഭാകരന്‍, സദാശിവന്‍ പിള്ള കൃഷ്ണകുമാര്‍ എന്നിവര്‍ക്ക്‌ ആയുധവും പരിശീലനവും ഇന്ത്യയില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ ഈ സംഘടനയെ തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ അയക്കേണ്ടിവന്നത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നയതന്ത്രപരാജയമായിരുന്നു. 1987-ല്‍ ഐപികെഎഫ്‌ (ഇന്ത്യന്‍ പീസ്‌ കീപ്പിംഗ്‌ ഫോഴ്സ്‌) നെ ലങ്കയിലേക്ക്‌ അയച്ചത്‌ തമിഴ്‌ ജനതയുടെ സംരക്ഷണാര്‍ത്ഥം ആഹാരസാധനങ്ങളുമായാണ്‌. എന്നാല്‍ സൈനിക നടപടിയിലൂടെ ലങ്കയെ സഹായിക്കാനാണ്‌ പിന്നീട്‌ സൈന്യത്തിന്‌ നിര്‍ദ്ദേശം ലഭിച്ചത്‌. സിംഹളരോട്‌ പൊരുതിനിന്ന തമിഴ്‌ വംശജര്‍ക്കും ഇതിന്‌ നേതൃത്വം നല്‍കിയ എല്‍ടിടിഇക്കും ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ഇന്ത്യയുടെ ഈ നീക്കം. ഈ സംഭവം കൊണ്ടുചെന്ന്‌ എത്തിച്ചത്‌ രാജീവ്ഗാന്ധിയുടെ ദാരുണ വധത്തിലാണ്‌. ഇവിടെയും പ്രത്യക്ഷമായും പരോക്ഷമായും ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരുകളുടെ പിന്തുണ ലഭിച്ചിരുന്നു എന്നതാണ്‌ ഈ സംഭവങ്ങള്‍ വെളിവാക്കുന്നത്‌.
ഇന്ത്യയില്‍ ഇന്ന്‌ ശക്തിയാര്‍ജിച്ചിരിക്കുന്ന മുസ്ലീം ഭീകരവാദത്തിന്റെ ഉദയത്തിനു പിന്നിലും കോണ്‍ഗ്രസിന്റെ പരോക്ഷ സഹായം ലഭിച്ചു. ഭീകരവാദ പ്രപസ്ഥാനങ്ങളുടെ ഉദയം ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷമാണെന്ന പ്രചാരണം അഴിച്ചുവിട്ടും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മുസ്ലീം വിരോധികളാണെന്ന്‌ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കോണ്‍ഗ്രസ്‌ ശ്രമിച്ചു. സാമുദായികമായി ജനങ്ങളെ ഭിന്നിപ്പിച്ച്‌ നിര്‍ത്തുക എന്ന ബ്രിട്ടീഷ്‌ തന്ത്രം തന്നെ ഇവിടെയും കോണ്‍ഗ്രസ്‌ ആവര്‍ത്തിച്ചു. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം നടന്ന സിഖ്‌ കൂട്ടകുരുതിയുടെ ചീത്തപ്പേരില്‍ നിന്നും രക്ഷപെടാനുള്ള കോണ്‍ഗ്രസിന്റെ പ്രചരണായുധമായി അയോധ്യാ സംഭവം മാറി.
ഇന്ത്യയില്‍ ഭീകരവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ശക്തിയും കൂടിവരുന്നതായാണ്‌ അടുത്തിടെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ നല്‍കുന്ന സൂചന. ചെറുതും വലുതുമായ 25 ല്‍ അധികം സംഘടനകള്‍ക്ക്‌ ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ്‌ ലഭ്യമാകുന്ന വിവരം. ഈ സംഘടനകള്‍ക്ക്‌ പാക്കിസ്ഥാനില്‍ നിന്നുള്‍പ്പെടെ വന്‍ സാമ്പത്തിക സഹായം ലഭിക്കുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ ഭീകരവാദവും ഇന്ന്‌ രാജ്യത്തിന്‌ ഭീഷണിയാണ്‌. ആസാം, മിസോറാം, ഛത്തിസ്ഗഢ്‌ തുടങ്ങിയ സ്ഥലങ്ങള്‍ ഇവരുടെ പിടിയിലാണ്‌. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക്‌ സര്‍വ്വസഹായവും എത്തിച്ചുകൊടുത്തത്‌ കോണ്‍ഗ്രസ്‌ ഭരണകൂടങ്ങളാണ്‌. ഇന്ന്‌ നിയന്ത്രണങ്ങള്‍ എല്ലാം മറികടന്ന്‌ അവര്‍ സൈനികശക്തിപോലും സംഭരിച്ചു കഴിഞ്ഞു. ആസാമില്‍ കോണ്‍ഗ്രസിന്‌ ബദലായ സര്‍ക്കാര്‍ രൂപീകരിച്ച ആസാം ഗണപരിഷത്ത്‌ എന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നക്സല്‍ പ്രസ്ഥാനങ്ങളെ വളര്‍ത്തികൊണ്ടാണ്‌ കോണ്‍ഗ്രസ്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവാദത്തിന്റെ വിഷവിത്തു വിതച്ചത്‌. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവര്‍ക്ക്‌ എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ട്‌ രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടത്തിയ നീക്കമാണ്‌ ബദല്‍ സര്‍ക്കാരിന്‌ ആസാം ഗണപരിഷത്തിനെ പ്രേരിപ്പിച്ചത്‌. ചുരുങ്ങിയ കാലംകൊണ്ട്‌ വലിയ രാഷ്ട്രീയ കക്ഷിയായി മാറിയ ആസാം ഗണപരിഷത്ത്‌ ബംഗ്ലാദേശ്‌ കുടിയേറ്റത്തെ ശക്തമായി എതിര്‍ത്തു. കേന്ദ്രത്തില്‍ നിന്നും പരോക്ഷ പിന്തുണ കുടിയേറ്റക്കാര്‍ക്ക്‌ ലഭിച്ചു.
2006 നു ശേഷം ഇന്ത്യയിലേക്ക്‌ എത്തിയ കള്ളപ്പണവും ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സാണ്‌. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ സഖ്യകക്ഷിയായ മുസ്ലീംലീഗ്‌ നേതാക്കള്‍ക്ക്‌ ചില ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നു. മാറാട്‌ കൂട്ടക്കൊല, നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്‌ അവസാനം എത്തിനില്‍ക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ വരെ ഇതിന്‌ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. കേന്ദ്ര മന്ത്രിസഭയിലെ ലീഗ്‌ പ്രതിനിധിയിലേക്കുവരെ ആരോപണത്തിന്റെയും സംശയത്തിന്റെയും കുന്തമുന നീളുന്നു.
കേരളത്തിലെ വിമാനത്താവളങ്ങള്‍ ഉപയോഗിച്ച്‌ ഭീകരവാദികള്‍ കേരളത്തിനകത്തേക്കും പുറത്തേക്കും കടന്നതായി നെടുമ്പാശ്ശേരി പോലിസ്‌ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വ്യക്തമാക്കുന്നു. എല്‍ടിടിഇ, ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരര്‍ നെടുമ്പാശ്ശേരിയില്‍ നിന്നും യഥേഷ്ടം യാത്രചെയ്യുകയും കള്ളക്കടത്ത്‌ നടത്തുകയുമുണ്ടായെന്ന്‌ പോലീസ്‌ തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കേന്ദ്രത്തിലേയും കേരളത്തിലേയും സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഇവര്‍ക്ക്‌ ഇതെങ്ങനെ സാധിക്കുന്നു എന്നതാണ്‌ ഉയരുന്ന പ്രധാന ചോദ്യം. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്‌ നിരോധിക്കപ്പെട്ട 'സിമി'യോടും ഇന്ത്യന്‍ മുജാഹിദീനോടുമുള്ള ബന്ധം എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തമാണ്‌. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള നടപടി വൈകുന്നത്‌ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌. ഭീകരവാദ പ്രസ്ഥാനങ്ങളുടെ ഉദയത്തിന്‌ ബിജെപിയുടെ വളര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്ന്‌ മാത്രമല്ല കോണ്‍ഗ്രസിന്റെ പരിപൂര്‍ണ്ണ പിന്തുണയും ലഭിച്ചു. ബിജെപിയെ എതിര്‍ക്കാനുള്ള താല്‍ക്കാലിക ആയുധമായി ഭീകരവാദത്തിന്‌ പരോക്ഷ പിന്തുണയും സഹായവും നല്‍കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇന്ദിരാഗാന്ധിയുടേയും രാജീവ്ഗാന്ധിയുടേയും അനുഭവങ്ങള്‍ ഓര്‍ക്കുന്നത്‌ ഉചിതമായിരിക്കും.
അനില്‍ വാത്തികുളം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.