ആനക്കൊമ്പുമായി യുവാവ്‌ പിടിയില്‍

Tuesday 13 September 2011 10:53 pm IST

കൊച്ചി: രതിശില്‍പങ്ങള്‍ കൊത്തിയ ആനക്കൊമ്പുമായി യുവാവ്‌ പിടിയില്‍. ഫോര്‍ട്ട്കൊച്ചി കല്‍വത്തി സ്വദേശി ചേരിയത്ത്‌ വീട്ടില്‍ മജീദ്‌ മകന്‍ അജീഷ്‌ ആണ്‌ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്‌. കാമസൂത്ര മാതൃകയിലുള്ള ക്ലാസിക്കല്‍ രതിശില്‍പങ്ങള്‍ കൊത്തിയ ആനക്കൊമ്പ്‌ പുരാവസ്തു ശേഖരത്തില്‍ നിന്ന്‌ പ്രതി കൈക്കലാക്കിയതാകാമെന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. പത്തോളം രതിശില്‍പങ്ങള്‍ ആനക്കൊമ്പില്‍ കൊത്തിയിട്ടുണ്ട്‌. ആനക്കൊമ്പ്‌ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രഹസ്യവിവരം ലഭിച്ച പോലീസ്‌ ഇടപാടുകാരെന്ന വ്യാജേന ഇയാളെ സമീപിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുരാവസ്തു ശേഖരത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്‌ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന്‌ പോലീസ്‌ അറിയിച്ചു. ഷാഡോ എസ്‌ ഐമാരായ മുഹമ്മദ്‌ നിസാറിന്റെയും സുരേഷ്ബാബുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ്‌ ഫോര്‍ട്ട്‌ കൊച്ചി പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്‌. ഫോര്‍ട്ട്കൊച്ചി പോലീസ്‌ വനം വകുപ്പിന്റെ സഹായം തേടിയിരിക്കയാണ്‌. വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഇന്ന്‌ ആനക്കൊമ്പ്‌ പരിശോധിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.