ജാതിയും മതവും പണവും നോക്കിയെന്ന ആക്ഷേപം ശക്തമായി

Friday 24 June 2011 10:49 pm IST

രാജാക്കാട്‌ : യുഡിഎഫ്‌ സര്‍ക്കാരും റവന്യൂമന്ത്രിയും കൊട്ടിഘോഷിക്കുന്ന കയ്യേറ്റമൊഴിപ്പിക്കല്‍ ഏറെ വിവാദത്തില്‍. ചിന്നക്കനാല്‍ വില്ലേജില്‍ ആനിയിറങ്കല്‍ ഡാമിന്‌ സമീപത്തുള്ള വന്‍കിട കയ്യേറ്റങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. കഴിഞ്ഞ ദിവസം മന്ത്രി നേരില്‍ കണ്ടതും കയ്യേറ്റമെന്ന്‌ പ്രസ്താവിച്ചതുമായ വന്‍കിടക്കാരെ തൊടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മടികാണിക്കുകയാണ്‌. സമീപത്തുള്ള ചെറുകിടക്കാരുടെ പേരില്‍ നിര്‍ദ്ദാക്ഷിണ്യം നടപടി സ്വീകരിച്ചവര്‍ വമ്പന്‍ സ്രാവുകളെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ 23 ന്‌ ഉടുമ്പന്‍ചോല തഹീസല്‍ദാരുടെ നേതൃത്വത്തിലെത്തിയ സംഘം ഏറുമാടത്തിന്‌ തീയിട്ടതും ആളിക്കത്തുന്നതും ദൃശ്യപത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. രാജാക്കാട്‌ നിവാസിയായ തെങ്ങുംകുടിയില്‍ സോമന്റെ മകന്‍ ആദര്‍ശിന്റെ പേരിലുള്ള ഒരേക്കര്‍ സ്ഥലവും ഏറുമാടവും മാത്രമാണ്‌ ഉദ്യോഗസ്ഥരുടെ ദൃഷ്ടിയില്‍ നിയമവിരുദ്ധമായത്‌. എന്നാല്‍ ഇതിനോട്‌ ചേര്‍ന്നുള്ളതും നിയമവിരുദ്ധമെന്ന്‌ മുന്‍പ്‌ അന്വേഷണസംഘം കണ്ടെത്തിയതുമായ വന്‍കിട കയ്യേറ്റ സ്ഥലം ഒരു പോറല്‍പോലുമേല്‍ക്കാതെ നിലകൊള്ളുകയാണ്‌. കഴിഞ്ഞയാഴ്ച മന്ത്രി നേരിട്ട്‌ സന്ദര്‍ശിക്കുകയും അനധികൃതമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്ത ഏറുമാടത്തിന്‌ ചലനമൊന്നുമില്ലെന്നുള്ളത്‌ ആരോപണ വിധേയമായിട്ടുണ്ട്‌. ഇതേ ഏറുമാടത്തില്‍ നിന്ന്‌ മന്ത്രി ഇറങ്ങിവരുന്ന ഫോട്ടോ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നതും ശ്രദ്ധേയമാണ്‌. ബേസില്‍ എന്നയാളുടെ ഏറുമാടവും രണ്ട്‌ ഏക്കറില്‍പരം കയ്യേറ്റഭൂമിയും ഉദ്യോസ്ഥര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ദിവസം 3500 രൂപ വാടകയ്ക്ക്‌ വിനോദസഞ്ചാരികള്‍ക്ക്‌ കൊടുത്ത്‌ പണം സമ്പാദിക്കുകയാണ്‌ ഇയാള്‍. മോഹനന്‍ എന്ന രാജാക്കാടുകാരന്‍ 10 ഏക്കറോളം സ്ഥലം കൈവശപ്പെടുത്തിയിട്ടുള്ളതാണ്‌. ഇതിന്‌ സംഘടിപ്പിച്ച പട്ടയം വ്യാജമാണെന്ന്‌ മുന്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നതാണ്‌. ഈ സ്ഥലത്ത്‌ ജനറേറ്റര്‍ സൗകര്യത്തോടെ വന്‍ കെട്ടിടവും ഏറുമാടവും സ്ഥാപിച്ചിട്ടുള്ളതും നിലനില്‍ക്കുകയാണ്‌. കുമ്മനാട്ട്‌ എല്‍ദോസ്‌ എന്നയാള്‍ എട്ട്‌ ഏക്കറോളം സ്ഥലമാണ്‌ ഇവിടെ കൈവശപ്പെടുത്തിയിട്ടുള്ളത്‌. അടുത്ത നാളില്‍ ജെസിബി ഉപയോഗിച്ച്‌ ഇവിടെ ആന വരാതിരിക്കുന്നതിന്‌ വേണ്ടി 'ട്രഞ്ച്‌' നിര്‍മ്മാണവും നടത്തിയിട്ടുണ്ട്‌. ബെന്നിയെന്ന മറ്റൊരു രാജാക്കാടുകാരനും ഇവിടെ സര്‍ക്കാര്‍സ്ഥലം കയ്യേറി ഏറുമാടം സ്ഥാപിച്ച കൂട്ടത്തിലുണ്ട്‌. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ 'ഒഴിപ്പിക്കല്‍' ഉദ്യോഗസ്ഥര്‍. മതത്തിന്റെയും പണത്തിന്റെയും രാഷ്ട്രീയബലത്തിന്റെയും മറവിലാണ്‌ ഈ മായാജാലം നടന്നതെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്‌. ഒഴിപ്പിക്കല്‍ പ്രക്രിയ അട്ടിമറിക്കുന്നതിനുള്ള ഗൂഢലക്ഷ്യവും ഇതിന്റെ പിന്നിലുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.