നരേന്ദ്രമോഡി ഉപവസിക്കുന്നു

Tuesday 13 September 2011 11:07 pm IST

അഹമ്മദാബാദ്‌: ഗുജറാത്തിനെ ശിഥിലമാക്കാന്‍ ആസൂത്രിതമായി നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉപവസിക്കുന്നു. സംസ്ഥാനത്ത്‌ സമാധാനവും സൗഹാര്‍ദ്ദവും ഐക്യവും നിലനിര്‍ത്താന്‍ മൂന്നു ദിവസത്തെ ഉപവാസത്തിനാണ്‌ മോഡി ഒരുങ്ങുന്നത്‌. ഗുജറാത്തിലെ അസൂയാവഹമായ വികസനപ്രവര്‍ത്തനങ്ങളില്‍ അസന്തുഷ്ടരായവരാണ്‌ തനിക്കെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നതെന്ന്‌ മോഡി കുറ്റപ്പെടുത്തി. 2002 ലെ അക്രമസംഭവങ്ങള്‍ക്കുശേഷം തനിക്കും ഗുജറാത്ത്‌ സര്‍ക്കാരിനുമെതിരെയുണ്ടായ അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണങ്ങള്‍ സൃഷ്ടിച്ച അനാരോഗ്യകരമായ അന്തരീക്ഷം സുപ്രീംകോടതി ഉത്തരവോടെ അവസാനിച്ചിരിക്കയാണ്‌. കഴിഞ്ഞ ഒരു ദശാബ്ദമായി തന്നെയും ഗുജറാത്തിനെയും അപമാനിക്കുകയെന്നത്‌ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന്‌ പൗരന്മാര്‍ക്കുള്ള കത്തില്‍ മോഡി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പ്രവര്‍ത്തനം കോടതിവിധിക്കുശേഷവും അവസാനിക്കുമെന്ന്‌ കരുതാനാവില്ല. എന്നാല്‍ നുണപ്രചാരണം നടത്തുന്നവരെ ഇന്നാട്ടിലെ ജനങ്ങള്‍ ഇനിയും വിശ്വസിക്കില്ല. നാട്ടില്‍ സാമൂഹ്യസൗഹാര്‍ദ്ദവും സാഹോദര്യവും ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായി 'സദ്ഭാവനാ മിഷന്‍' എന്ന പേരിലുള്ള പ്രസ്ഥാനം ആരംഭിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇൌ‍മാസം 17 മുതല്‍ മൂന്നു ദിവസം ഉപവാസമിരിക്കും. 19 ന്‌ സമാപിക്കും. ഇത്‌ ഗുജറാത്തിലെ സമാധാനാന്തരീക്ഷവും ഐക്യവും സൗഹാര്‍ദ്ദവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന്‌ താന്‍ ഉറച്ചുവിശ്വസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഐക്യവും സൗഹാര്‍ദ്ദവുമാണ്‌ നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്ത്‌. സാമൂഹ്യ ജീവിതത്തിലെ ഐക്യം ശക്തിപ്പെടുത്തേണ്ടത്‌ നമ്മുടെ ബാധ്യതയാണ്‌. സമൂഹത്തിനും രാഷ്ട്രത്തിനും പൂര്‍ണമായി അര്‍പ്പിക്കപ്പെട്ടതാണ്‌ സദ്ഭാവനാ മിഷനെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 2002 ലെ സംഭവങ്ങള്‍ക്കുശേഷം ഗുജറാത്തില്‍ കൂടുതല്‍ സമാധാനവും വികസനവും ഉണ്ടായി. നുണപ്രചാരണങ്ങള്‍ക്കും ഗൂഢാലോചനകള്‍ക്കും ആരോപണങ്ങള്‍ക്കുമിടയിലാണ്‌ ഈ നേട്ടങ്ങളെല്ലാം സംസ്ഥാനം കൈവരിച്ചത്‌. സുപ്രധാന വിധിയാണ്‌ സുപ്രീംകോടതി പുറപ്പെടുവിച്ചത്‌. രാഷ്ട്രീയ നിരീക്ഷകരും നിയമവിദഗ്ധരുമെല്ലാം അതിനെ പലവിധത്തിലാണ്‌ വ്യാഖ്യാനിച്ചിരിക്കുന്നത്‌. ചിലര്‍ അതിനെ വിജയവും മറ്റു ചിലര്‍ പരാജയമായും അവതരിപ്പിക്കുന്നു. എല്ലാവര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകളുണ്ടെന്നും മോഡി വ്യക്തമാക്കി.