തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 10 മരണം

Wednesday 14 September 2011 12:13 pm IST

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിനു സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ചു 10 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. ചെന്നൈ ബീച്ച്- വെല്ലൂര്‍ മെമു ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ആര്‍ക്കോണം-കാട്പാടി മെമു പാസഞ്ചര്‍ ട്രെയിനിന് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആര്‍ക്കോണം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേരുടെ നില ഗുരുതരമായതിനാല്‍ വെല്ലൂര്‍ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ്‌ അപകടമുണ്ടായത്‌. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ അഞ്ചുബോഗികളും വന്നിടിച്ച ട്രെയിനിന്റെ മൂന്നുബോഗികളും പാളം തെറ്റി. ഇവയില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നാലു ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. ഇവയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്ന് റെയില്‍‌വേ വൃത്തങ്ങള്‍ പറഞ്ഞു. നാട്ടുകാരും പോലീസുകാരും ചേര്‍ന്ന്‌ ബോഗികള്‍ വെല്‍ഡിംഗ്‌ കട്ടര്‍ ഉപയോഗിച്ച്‌ വെട്ടിപ്പൊളിച്ചാണ്‌ കുടുങ്ങിക്കിടന്നവരെ പുറപ്പെടുത്തത്‌. രക്ഷാപ്രവര്‍ത്തനത്തിന്‌ ചെന്നൈയില്‍ നിന്ന്‌ 70 അംഗ ദ്രുതകര്‍മ്മസേന എത്തിയിട്ടുണ്ട്‌. സിഗ്‌നല്‍ കാത്തുകിടക്കുകയായിരുന്നു കാട്‌പാഡിയിലേക്കുള്ള ട്രെയിന്‍. ഇതേപാളത്തിലൂടെ വെല്ലൂരിലേക്കുള്ള ട്രെയിന്‍ വന്നതാണ്‌ ദുരന്തത്തിനിടയാക്കിയത്‌. ദക്ഷിണ റെയില്‍‌വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നാവികസേനയും മെഡിക്കല്‍ സംഘവും ദേശീയ ദുരന്ത നിവാരണ സേനയിലെ രണ്ടു ടീമുകളും സ്ഥലത്തുണ്ട്. പ്രദേശത്തെ കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. ഇരുട്ടായതും മറിഞ്ഞ ബോഗികളിലെ വെളിച്ചം കെട്ടുപോയതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. സിഗ്‌നല്‍ സംവിധാത്തിന്റെ പിഴവാണോ, കാട്‌പാഡി ട്രെയിന്‍ പുറപ്പെട്ടുവന്ന ധാരണയില്‍ സിഗ്‌നല്‍ നല്‍കിയതാണോ അപകടത്തിന്‌ കാരണമെന്ന്‌ വ്യക്‌തമല്ല. അപകടത്തെത്തുടര്‍ന്ന് ചെന്നൈ-കാട്പാടി മേഖലയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ദുരന്തത്തില്‍ മുഖ്യമന്ത്രി ജയലളിത നടുക്കം പ്രകടിപ്പിച്ചു. അടിയന്തര സഹായം എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ റെയില്‍വേ മന്ത്രാലയം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.