സംവിധായകന്‍ രാംദാസ്‌ അന്തരിച്ചു

Thursday 27 March 2014 9:05 pm IST

കോട്ടയം: മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്‌ സിനിമയായ ന്യൂസ്പേപ്പര്‍ ബോയിയുടെ സംവിധായകന്‍ പി.രാംദാസ്‌(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ കോട്ടയത്തെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ രാവിലെയാണ്‌ അന്ത്യം സംഭവിച്ചത്‌.
മലയാളത്തെ സംബന്ധിച്ചിടത്തോളം പുതിയ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കപ്പെട്ട ന്യൂസ്പേപ്പര്‍ ബോയ്‌ വിപ്ലവകരമായ ഒരു മാറ്റം സൃഷ്ടിക്കുന്നതായിരുന്നു. ലോകത്ത്‌ തന്നെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ആദ്യ കൊമേഴ്സ്യല്‍ സിനിമ എന്ന പ്രത്യേകതയുള്ള ന്യൂസ്പേപ്പര്‍ ബോയി മലയാള സിനിമാ ചരിത്രത്തില്‍ എക്കാലവും ഓര്‍മ്മിക്കുന്ന പേരാണ്‌.
കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ വിഷയമാക്കി തയ്യാറാക്കപ്പെട്ട സിനിമയുടെ സംവിധായകനായിരുന്നു രാംദാസ്‌. ന്യൂസ്പേപ്പര്‍ ബോയിക്ക്‌ പുറമെ നിറമാല, വാടകവീട്ടിലെ അതിഥിഎന്ന സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്‌. 2008 ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ദാരിദ്ര്യവും രോഗവും മൂലം മരിച്ച ഒരു അച്ചടിശാല ജീവനക്കാരന്റെ മകന്‍ പഠനം ഉപേക്ഷിച്ച്‌ ജോലിതേടി മദ്രാസിലേക്ക്‌ വണ്ടി കയറുന്നതും അവിടെ അലഞ്ഞിട്ടും ജോലികിട്ടാതെ ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി 'ന്യൂസ്പേപ്പര്‍ ബോയ്‌' ആയി മാറുന്നതുമായിരുന്നു ചിത്രത്തിന്റെ കഥ.
ഇന്ന്‌ രാവിലെ ഏഴിന്‌ കോട്ടയം മാങ്ങാനത്തെ മകന്റെ വീട്ടിലെത്തിക്കുന്ന മൃതദേഹം 12 മണിയോടെ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളിലും തുടര്‍ന്ന്‌ ഊരകത്തെ വീട്ടിലും പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട്‌ നാലിന്‌ പാറമേക്കാവ്‌ ദേവസ്വത്തിന്റെ പൂങ്കുന്നത്തെ ശ്മശാനത്തില്‍.
ഭാര്യ : പരേതയായ കായംകുളം വടക്കൂട്ട്‌ കുടുംബാംഗമായ രുക്മിണിദേവി. മക്കള്‍ : വി. പ്രശാന്തന്‍ (സീനിയര്‍ ഫിനാന്‍സ്‌ മാനേജര്‍, മലയാളമനോരമ, കോട്ടയം), വി. പ്രസാദ്‌ (സര്‍ക്കുലേഷന്‍ ഡിവിഷന്‍, മലയാളമനോരമ, ആലപ്പുഴ), മരുമക്കള്‍ : ആലുവ, തറമേല്‍ പുത്തന്‍മഠം മായ, കണ്ണൂര്‍ പെരിങ്ങോം പച്ചിലമാക്കില്‍ സീമ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.