അടൂരിലും ആറ്റിങ്ങലിലും വാഹനാപകടം ; 5 മരണം

Wednesday 14 September 2011 2:27 pm IST

ആറ്റിങ്ങല്‍/അടൂര്‍: തിരുവനന്തപുരത്ത്‌ ആറ്റിങ്ങലും അടൂരുമുണ്ടായ വാഹനാപകടങ്ങളില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ആറ്റിങ്ങലില്‍ പുലര്‍ച്ചെ അഞ്ചരയ്ക്കുണ്ടായ അപകടത്തില്‍ രണ്ടു പേരും അടൂരില്‍ രാവിലെ ഏഴേക്കാലിനുണ്ടായ അപകടത്തില്‍ മൂന്നു പേരുമാണ്‌ മരിച്ചത്‌. ദേശീയപാതയില്‍ ആറ്റിങ്ങല്‍ പൂവന്‍പാറ പാലത്തിനു സമീപം നിര്‍ത്തിയിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്സിനു പിന്നില്‍ മണല്‍ കയറ്റിവന്ന ലോറി ഇടിച്ചാണ്‌ അപകടം. നഗരൂരിനടുത്ത്‌ കൊടുവഴന്നൂര്‍ മൂലയില്‍ക്കോണം വിപിന്‍ നിവാസില്‍ ദാമോദരന്റെ മകന്‍ സുരേഷ്‌ ബാബു (53), ചിറയിന്‍കീഴ്‌ ശാര്‍ക്കര പുതുവീട്‌ ജംഗ്ഷന്‍ തെക്കതില്‍ വീട്ടില്‍ ശശി (65) എന്നിവരാണ്‌ മരിച്ചത്‌. 13പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ബസ്സില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌ പൂവന്‍പാറ സ്റ്റോപ്പില്‍ നിര്‍ത്തി ആളെക്കയറ്റി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ അമിത വേഗതയില്‍ വളവുകഴിഞ്ഞു വന്ന ലോറി പിറകില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സ്‌ നിയന്ത്രണം വിട്ട്‌ ഇടതുവശത്തെ കുഴിയിലേക്ക്‌ പതിച്ചു. അടൂരില്‍ ലോറിയുടെ പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഇതില്‍ മൂന്നു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കോട്ടയം എസ്‌.ബി.ടി ബാങ്കിന്റെ കളക്ടറേറ്റ്‌ ശാഖാ മാനേജര്‍ സുദര്‍ശനന്‍, സഹോദരി പ്രഭ(41), ഇവരുടെ ഭര്‍ത്താവ്‌ ശിശുപാലന്‍(48)എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ മക്കളായ പ്രശാന്ത്‌, ഗായത്രി എന്നിവരെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന്‌ രാവിലെ 7.15ന്‌ ബൈപാസ്‌ റോഡില്‍ മൂന്നാളം വട്ടത്തറപ്പടിയിലായിരുന്നു അപകടം. സുദര്‍ശനനാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. തിരുവനന്തപുരം ഭാഗത്തുനിന്നും കമ്പികയറ്റിവന്ന ലോറി ഹമ്പ്‌ കടക്കാന്‍ പെട്ടെന്ന്‌ വേഗത കുറച്ചപ്പോള്‍ പിന്നാലെ എത്തിയ കാര്‍ ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കു പുറത്തേക്ക്‌ നീണ്ടുനിന്ന കമ്പി കറിലിരുന്നവരുടെ ശരീരത്തില്‍ തുളച്ചുകയറി. പുറകില്‍ കുരുങ്ങിയ കാറുമായി ഇരുപത്തി അഞ്ചുമീറ്ററോളം മുന്നോട്ടു പോയാണ്‌ ലോറിനിന്നത്‌. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും ലോറിയില്‍ കുരുങ്ങിയ കാറിലെ യാത്രക്കാരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട്‌ പൊലീസും, ഫയര്‍ഫോഴ്സും എത്തിയാണ്‌ കാര്‍ ലോറിയില്‍ നിന്നും വേര്‍ പെടുത്തിയത്‌. അപ്പോഴേക്കും മൂന്നുപേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.