പതിനേഴുകാരിയെ പീഡിപ്പിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഒളിവില്‍

Sunday 21 September 2014 10:08 am IST

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ദളിത്‌ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഒളിവില്‍. യൂത്ത്‌ കോണ്‍ഗ്രസ്‌ പുന്നപ്ര തെക്ക്‌ മണ്ഡലം പ്രസിഡന്റ്‌ പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ പതിനാലാം വാര്‍ഡില്‍ പുതുവല്‍ വീട്ടില്‍ ഇഖ്ബാലാണ്‌ ഒളിവില്‍ പോയത്‌.
ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെ വോളണ്ടിയറായിരുന്ന ഇയാള്‍ ആലപ്പുഴയിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ച്‌ വരികയായിരുന്നു. ഭാര്യയും മക്കളുമുള്ള ഇയാള്‍ ഈ വിവരം മറച്ചുവച്ചാണ്‌ വൈശ്യംഭാഗം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. 108 ആംബുലന്‍സിന്റെ ഡ്രൈവറായായ ഇയാള്‍ ചമ്പക്കുളം ആശുപത്രിയില്‍ ജോലിനോക്കവേയാണ്‌ ടിടിസി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വലയിലാക്കിയത്‌. ഗര്‍ഭിണിയായ വിവരം പുറത്തറിഞ്ഞതോടെ സ്കൂളില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ പ്രേമം നടിച്ച്‌ വലയില്‍ വീഴ്ത്തിയാണ്‌ പീഡിപ്പിച്ചത്‌.
യൂത്ത്കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പിനെന്ന വ്യാജേന എടുത്ത വണ്ടാനത്തെ ഒരു സ്വകാര്യ ലോഡ്ജ്‌ മുറിയില്‍ എത്തിച്ചാണ്‌ പീഡിപ്പിച്ചത്‌. ഭയന്നു പോയ പെണ്‍കുട്ടി പുറത്താരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന്‌ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാള്‍ ചില കോണ്‍ഗ്രസ്‌ നേതാക്കളുമായി പുന്നപ്ര പോലീസ്‌ സ്റ്റേഷനില്‍ വന്ന്‌ പാസ്പോര്‍ട്ട്‌ പുതുക്കിയിരുന്നു. ചില ഉന്നത കോണ്‍ഗ്രസ്‌ നേതാക്കളുടെ പിന്തുണയോടെ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ പ്രതിയെ പിടിക്കരുതെന്ന്‌ കര്‍ശന നിര്‍ദ്ദേശം പോലീസിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ വിവരം. ഇയാളുടെ ഫെയ്സ്ബുക്ക്‌ അക്കൗണ്ടില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളുമായി നില്‍ക്കുന്ന ചിത്രമുണ്ട്‌. പുന്നപ്ര പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.