51 വെട്ടിന്റെ കഥയുമായി 'ടി പി 51', ചിത്രീകരണം 31 ന്‌

Thursday 27 March 2014 9:33 pm IST

കോഴിക്കോട്‌: രാഷ്ട്രീയ കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച അമ്പത്തിയൊന്ന്‌ വെട്ടുകള്‍ക്ക്‌ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ അഭ്രപാളികളിലേക്ക്‌ പകരുകയാണ്‌ 'ടി പി 51' എന്ന ചലച്ചിത്രം. ആര്‍ എം പി നേതാവ്‌ ടി പി ചന്ദ്രശേഖരന്റെ ജീവിതവും രക്ഷസാക്ഷിത്വവും പ്രമേയമാക്കി മൊയ്തു താഴത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഈ മാസം 31 ന്‌ രാവിലെ പത്ത്‌ മണിയ്ക്ക്‌ ഒഞ്ചിയത്ത്‌ നടക്കും.
ഒഞ്ചിയത്തെ ടി പിയുടെ വസതിയ്ക്ക്‌ സമീപം നടക്കുന്ന ചടങ്ങില്‍ ടി പിയുടെ ഭാര്യാപിതാവും സി പി എം മുന്‍ ബാലുശ്ശേരി ഏരിയാ സെക്രട്ടറിയുമായ കെ കെ മാധവന്‍ സിനിമയുടെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും.
രാഷ്ട്രീയ ഫാസിസത്തിനെതിരായ സന്ദേശം നല്‍കുന്ന സിനിമയില്‍ ടി പിയുടെ ജീവിതവും കൊലപാതകവും ഗുഢാലോചനയുമെല്ലാം വിഷയമാക്കുന്നുണ്ടെന്നും വെല്ലുവിളികളെ അതിജീവിച്ച്‌ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കുമെന്നും സംവിധായകന്‍ മൊയ്തു താഴത്ത്‌, രമേഷ്‌ വടകര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രമേഷ്‌ വടകര നായക കഥാപാത്രമായ ടി പി ചന്ദ്രശേഖരനെ അവതരിപ്പിക്കുന്ന സിനിമയില്‍ ദേവി അജിത്ത്‌, ശിവജി ഗുരുവായൂര്‍, മാമുക്കോയ, ഇടവേള ബാബു, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, രാഹുല്‍ മാധവ്‌, വല്‍സല മേനോന്‍, ശ്രുതി, അനുപമ തുടങ്ങിയവര്‍ അണിനിരക്കുന്നു. സുറാസ്‌ വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ ജലീല്‍ ബാദുഷയാണ്‌. സംവിധായകന്‍ മൊയ്തു താഴത്ത്‌ തന്നെയാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.
നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രമേഷ്‌ വടകരയ്ക്ക്‌ ഒട്ടേറെ തവണ വധഭീഷണിയുണ്ടായി. അദ്ദേഹത്തിനും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്ന്‌ കണ്ണൂരില്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്ക്ക്‌ നിവേദനം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.