ന്യൂസ്പേപ്പര്‍ ബോയ്‌ എന്ന സിനിമാ വിപ്ലവം

Thursday 27 March 2014 9:49 pm IST

മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്‌ സിനിമയായ ന്യൂസ്പേപ്പര്‍ ബോയിയുടെ സംവിധായകന്‍ പി.രാംദാസിന്റെ വേര്‍പാട്‌ ഒരു കാലഘട്ടത്തിന്റെ നഷ്ടമാണ്‌.
മലയാളത്തെ സംബന്ധിച്ചിടത്തോളം പുതിയ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കപ്പെട്ട ന്യൂസ്പേപ്പര്‍ ബോയ്‌ വിപ്ലവകരമായ ഒരു മാറ്റം സൃഷ്ടിക്കുന്നതായിരുന്നു. ലോകത്ത്‌ തന്നെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ആദ്യ കൊമേഴ്സ്യല്‍ സിനിമ എന്ന പ്രത്യേകതയുമായി ചരിത്രത്തിന്റെ നാഴികക്കല്ലായി ന്യൂസ്പേപ്പര്‍ ബോയ്‌.
കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ വിഷയമാക്കി തയ്യാറാക്കപ്പെട്ടതായിരുന്നു ഈ ചിത്രം. നിറമാല, വാടകവീട്ടിലെ അതിഥി എന്നീ സിനിമകളും പി. രാംദാസ്‌ സംവിധാനം ചെയ്തിട്ടുണ്ട്‌. 2008 ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരം അദ്ദേഹത്തിനായിരുന്നു.
ഒരു കൂട്ടം കോളേജ്‌ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ പിറന്നതാണ്‌ ന്യൂസ്പേപ്പര്‍ ബോയ്‌. തൃശ്ശൂര്‍ തേക്കിന്‍കാട്‌ മൈതാനിയില്‍ സുഹൃത്തുക്കളോട്‌ കഥപറഞ്ഞാണ്‌ സംവിധായകന്റെ മേലങ്കിയണിയാന്‍ രാംദാസ്‌ പോയത്‌. സിനിമ പൂര്‍ത്തിയാക്കി 1955 മെയ്‌ 13ന്‌ തൃശൂര്‍ ജോസ്‌ തിയേറ്ററില്‍ ആദ്യ പ്രദര്‍ശനം അരങ്ങേറി. അന്നത്തെ കാലത്ത്‌ 1,75,000 രൂപ ചിലവഴിച്ചാണ്‌ രാംദാസ്‌ ചിത്രം ഒരുക്കിയത്‌. ന്യൂസ്പേപ്പര്‍ ബോയ്‌ എന്ന സിനിമയുടെ പിറവിക്കുപിന്നിലെ കഥ ഫിലിംഫെയര്‍ മാസികയില്‍ വന്ന ഒരു ലേഖനമാണ്‌.
'രാജ്കപൂര്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകന്‍' എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഇത്‌ വായിച്ചശേഷം രാംദാസ്‌ കൂട്ടുകാരോട്‌ പറഞ്ഞു; ഞാനാകും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍. പിന്നീട്‌ മഹാത്മാമാസികയില്‍ രാംദാസ്‌ തന്നെ എഴുതിയ കഥയെ ആസ്പദമാക്കിയാണ്‌ ഈ ചിത്രമെടുത്തത്‌.
ദാരിദ്ര്യവും രോഗവും മൂലം മരിച്ച ഒരു അച്ചടിശാല ജീവനക്കാരന്റെ മകന്‍ പഠനം ഉപേക്ഷിച്ച്‌ ജോലിതേടി മദ്രാസിലേക്ക്‌ വണ്ടി കയറുന്നതും അവിടെ അലഞ്ഞിട്ടും ജോലികിട്ടാതെ ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി 'ന്യൂസ്പേപ്പര്‍ ബോയ്‌' ആയി മാറുന്നതുമാണ്‌ കഥ.
അടുത്തകാലത്ത്‌ ന്യൂസ്പേപ്പര്‍ ബോയിയുടെ രണ്ടാം പതിപ്പ്‌ തയ്യാറാക്കുന്നതിനെക്കുറിച്ചും രാംദാസ്‌ ചിന്തിച്ചിരുന്നു. പി.ആര്‍ നാഥന്റെ കാശി എന്ന നോവലാണ്‌ ഇതിന്‌ വേണ്ടി അദ്ദേഹം മനസ്സില്‍ കണ്ടിരുന്നത്‌. കാശിയിലെ വിശ്വം എന്ന കഥാപാത്രത്തെ ന്യൂസ്പേപ്പര്‍ ബോയിയിലെ അപ്പു എന്ന കഥാപാത്രവുമായി സംയോജിപ്പിച്ച്‌ സിനിമയെടുക്കാനാണ്‌ ആലോചിച്ചത്‌. 1983 മുതല്‍ 2000 വരെ വിജ്ഞാനഭാരതി എന്ന മാസികയും 94 മുതല്‍ 2000 വരെ സംഹിത എന്ന ഇംഗ്ലീഷ്‌ ക്യാപ്സൂള്‍ മാസികയും അദ്ദേഹം നടത്തിയിരുന്നു. സിനിമ സംവിധായകന്‍ എന്നതിലപ്പുറം ഡോക്ടറും, അഭിഭാഷകനും ഗ്രന്ഥകാരനുമായിരുന്നു രാംദാസ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.