സര്‍വ്വജ്ഞനായ ആചാര്യനും ഉത്തമ ശിഷ്യരും

Saturday 6 January 2018 2:30 am IST

ശാന്തിമന്ത്രം

ഓം ഭദ്രം കര്‍ണ്ണേഭി ശൃണുയാമ ദേവാ-

ഭദ്രം പശ്യേമാക്ഷഭിര്യജത്രഃ

സ്ഥിരൈരംഗൈ സ്തുഷ്ടുവാം സസ്തനുഭിഃ

വ്യശേമ ദേവഹിതം യദായുഃ

സ്വസ്തിന ഇന്ദ്രോ വൃദ്ധശ്രവാഃ

സ്വസ്തിനഃ പൂഷാ വിശ്വവേദാഃ

സ്വസ്തി നസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ

സ്വസ്തി നോ ബൃഹസ്പതിര്‍ ദധാതു

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ദേവന്മാരോടുള്ള പ്രാര്‍ത്ഥനയാണ് ഈ മന്ത്രം. ഞങ്ങള്‍ ചെവികൊണ്ട് നല്ലതിനെ കേള്‍ക്കട്ടെ. കണ്ണുകൊണ്ട് നല്ലതു കാണട്ടെ. നല്ല അവയങ്ങളുള്ള ശരീരത്തോടെ സ്തുതിക്കുന്നവരായി ദേവഹിതമായ ആയുസ്സിനെ പ്രാപിക്കട്ടെ. പുകള്‍പെറ്റ ഇന്ദ്രനും എല്ലാം അറിയുന്ന സൂര്യനും ആപത്തുകളെ നശിപ്പിക്കുന്ന ഗരുഡനും ബൃഹസ്പതിയും സ്വസ്തിയെ (നന്മയെ) തരട്ടെ.

നല്ലത് കേള്‍ക്കാനും കാണാനുമുള്ള കഴിവ് നമുക്കേവര്‍ക്കും അത്യാവശ്യമാണ്. ഭദ്രം എന്നാല്‍ മംഗളമായത്, നല്ലത് എന്നര്‍ത്ഥം. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളെല്ലാം നല്ലതിലേക്ക് തിരിച്ചുവിടാന്‍ നമുക്ക് കഴിയണം. ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ മുഴുകിയാല്‍ അറിവ് നേടാന്‍ പ്രയാസമാകും. അതുകൊണ്ട് അവ നല്ലതിലേക്ക് പോകണം. ഉപനിഷദ് പഠനത്തെ സഹായിക്കും വിധം ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം നല്ലതിലേക്കാവട്ടെ. ശരീരത്തിലെ അവയവങ്ങളെല്ലാം വേണ്ടത്ര ആരോഗ്യത്തോടെ ദേവഹിതങ്ങളായ കാര്യങ്ങളെ ചെയ്യാന്‍ പ്രാപ്തിയുള്ളതാകണം. നമ്മുടെ ആയുസ്സിനെ നല്ലതു ചെയ്ത് ജീവിക്കുവാന്‍ ഉതകുന്നതാക്കിത്തീര്‍ക്കണം.

പേരുകേട്ട ഇന്ദ്രനും എല്ലാം അറിയുന്നവനും പോഷിപ്പിക്കുന്നവനുമായ സൂര്യനും ആപത്തുകളായ വിഷപ്പാമ്പുകളെ നീക്കുന്ന ഗരുഡനും ബുദ്ധിദേവതയായ ബൃഹസ്പതിയും നമുക്ക് മംഗളത്തെ നല്‍കട്ടെ. ആധി ദൈവീകവും ആധിഭൗതികവും ആദ്ധ്യാത്മികവുമായ താപത്രയങ്ങളില്‍നിന്ന് ശാന്തിയുണ്ടാകട്ടെ. അതിന് പരമാത്മാവിന്റെ അനുഗ്രഹത്തെ പ്രാര്‍ത്ഥിക്കുന്നു.

ഈ ശാന്തി മന്ത്രത്തില്‍ മനസ്സിന്റെ പ്രതീകമായി ഇന്ദ്രനേയും ബുദ്ധിയുടെ പ്രതീകമായി സൂര്യനേയും പ്രാണശക്തിയുടെ പ്രതീകമായി ഗരുഡനേയും ജീവന്റെ പ്രതീകമായി ബൃഹസ്പതിയേയും പറയുന്നു. ഇവയെല്ലാം വേണ്ടവിധത്തിലായാല്‍ മാത്രമേ ഉപനിഷദ് പഠനം ശരിയാകൂ. ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും ബുദ്ധിയുടേയും ശരീരത്തിലെ മറ്റ് അവയവങ്ങളുടെയും പ്രവര്‍ത്തനം നല്ലതുപോലെയാണെങ്കില്‍ അതിസൂക്ഷ്മമായ ആദ്ധ്യാത്മിക ശാസ്ത്രത്തെ ഗ്രഹിക്കാന്‍ കഴിയും. അതിനുള്ള ആരോഗ്യവും അനുഗ്രഹവും ഗുരുവിനും ശിഷ്യര്‍ക്കും ആവശ്യമാണ്. ആ പ്രാര്‍ത്ഥനയാണ് പ്രസിദ്ധമായ ഈ ശാന്തിമന്ത്രത്തിലൂടെ നടത്തുന്നത്.

'യജത്രാഃ' എന്നത് യജ്ഞശീലന്മാരായ ഞങ്ങള്‍ (പ്രാര്‍ത്ഥന ചൊല്ലുന്നവര്‍) എന്നും ദേവന്മാര്‍ക്കുള്ള അഭിസംബോധനയായും അര്‍ത്ഥം പറയാറുണ്ട്. സ്വസ്തി എന്നതിന് അരുളുക, നല്‍കുക തുടങ്ങിയ അര്‍ത്ഥങ്ങളാണ്. അനുഗ്രഹം അരുളട്ടെ ഓരോ ദേവന്മാരും എന്ന് മനസ്സിലാക്കണം. ആത്മവിദ്യയാകുന്ന നന്മയിലേക്ക് നമ്മുടെ കാതിനേയും കണ്ണിനേയും നമുക്ക് പ്രവേശിപ്പിക്കാം. ആത്മാനന്ദം പരമശാന്തിയെത്തരും.

അഥര്‍വവേദത്തിലെ ബ്രാഹ്മണഭാഗത്താണ് പ്രശ്‌നോപനിഷത്ത് വരുന്നത്. അഥവര്‍ണത്തില്‍ 'ബ്രഹ്മദേവാനം.... തുടങ്ങിയ മന്ത്രങ്ങളില്‍ പറഞ്ഞ ആത്മതത്ത്വത്തെ വിസ്തരിച്ചു പറയാന്‍ വേണ്ടിയാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. ഋഷികളായ ശിഷ്യന്മാരും പിപ്പലാദമുനിയും തമ്മിലുള്ള ഈ സംവാദം ആത്മവിദ്യ സ്തുതിക്കാനാണ്. ഈ ശിഷ്യരെപ്പോലെ സംവത്സര ബ്രഹ്മചര്യവും തപസ്സും ഉള്ളവരാണ് കേള്‍ക്കാന്‍ യോഗ്യര്‍. പിപ്പാലാദമുനിയെപ്പോലെ സര്‍വജ്ഞന്മാരായ ആചാര്യന്മാരാണ് ഉപദേശിക്കേണ്ടത്. അല്ലാതെ കണ്ടവര്‍ക്കൊക്കെ ഉപദേശിക്കാവുന്നതല്ല. എല്ലാവര്‍ക്കും കേട്ടാല്‍ പോലും മനസ്സിലാകുന്നതോ അല്ല. ബ്രഹ്മവിദ്യ അറിയാന്‍ ബ്രഹ്മചര്യം മുതലായ സാധനകളെ അനുഷ്ഠിച്ചാല്‍ മാത്രമേ യോഗ്യത ഉണ്ടാകൂ.

ഒന്നാം പ്രശ്‌നം

ഓം സുകേശാ ച ഭാരദ്വാജഃ ശൈബ്യശ്ച

സത്യ കാമഃ സൗര്യായണീച ഗാഗ്യഃ കൗസല്യ-

ശ്ചാശ്വലായനോ ഭാര്‍ഗ്ഗവോ വൈദഭീഃ കബന്ധീ

കാത്ത്യായനസ്‌തേ ഹൈതേ ബ്രഹ്മപരാ

ബ്രഹ്മനിഷ്ഠാഃ പരം ബ്രഹ്മാന്വേഷമാണോ ഏഷ

ഹ വൈ തത് സര്‍വ്വം വക്ഷ്യതീതി തേഹസമിത്-

പാണയോ ഭഗവന്തം പിപ്പലാദമുപസന്നാഃ

ഭരദ്വാജന്റെ, മകനായ സുകേശന്‍, ശിബിയുടെ മകന്‍ സത്യകാമന്‍ സൂര്യപൗത്രനായ ഗാര്‍ഗ്ഗ്യന്‍, അശ്വലായനന്റെ മകനായ കൗസലന്‍, വിദര്‍ഭദേശക്കാരനായ ഭാര്‍ഗ്ഗവന്‍, കത്ത്യന്റെ മകനായ കബന്ധി എന്നീ ആറ് ഋഷികള്‍ അപരബ്രഹ്മത്തെ ബ്രഹ്മമായി കരുതി ഉപാസിക്കുന്നവരായിരുന്നു. അവര്‍ക്ക് ബ്രഹ്മത്തെ അറിയാനുള്ള തീവ്ര താല്‍പ്പര്യം ഉണ്ടായി. നിത്യവും വിജ്ഞേയവുമായ വസ്തു ഏതാണ്? അതിനെ അറിയാന്‍ യത്‌നിക്കണം എന്ന് വിചാരിച്ച് അവര്‍ അന്വേഷിക്കാന്‍ തുടങ്ങി. പിപ്പലാദ മുനിയെക്കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹം നമുക്ക് വേണ്ടത് പറഞ്ഞുതരും എന്ന് കരുതി ആചാര്യന് കാഴ്ചവയ്ക്കാനുള്ള ചമതയും എടുത്ത് അവിടെ ചെന്നു. ഗുരുവിനെ കാണാന്‍ പോകുമ്പോള്‍ ഒഴിഞ്ഞ കൈയോടെ പോകരുതെന്നാണ് നിയമം. കൈയില്‍ ചമതക്കോല്‍ കരുതുന്നത് അറിവിന്റെ പ്രതീകമാണ്. ചമതകൊണ്ടാണ് അഗ്നിയെ ജ്വലിപ്പിക്കുക. അഗ്നിയെ അറിവായാണല്ലോ ഉപമിക്കുന്നത്. ജ്ഞാനാഗ്നി തന്നെ. അറിവ് നേടാന്‍ തങ്ങള്‍ സന്നദ്ധരാണ് എന്നാണ് 'സമിത് പാണി' എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.