കണ്ണാടിമാളികകളിലെ ജനങ്ങള്‍

Sunday 21 September 2014 10:07 am IST

ആദര്‍ശ്‌ കുംഭകോണത്തില്‍ കളങ്കിതനായ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെ നന്ദേദില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി തീരുമാനിച്ചുകഴിഞ്ഞു. ആദര്‍ശ്‌ കുംഭകോണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്‍ അശോക്‌ ചവാന്‍ കുറ്റവാളിയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. സിബിഐ ചവാനെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഗവര്‍ണര്‍ ചവാനെതിരെ പ്രോസിക്യൂഷന്‍ നടപടി എടുക്കുന്നതിന്‌ വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇത്‌ തകര്‍ച്ചയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള ശ്രമമാണ്‌. റെയില്‍വേ കുംഭകോണത്തെത്തുടര്‍ന്ന്‌ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ച മന്ത്രി പവന്‍ ബന്‍സാലിനെ ചണ്ഡിഗഢില്‍ നിന്നും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ നേരത്തെ തീരുമാനിച്ചുകഴിഞ്ഞു. സിബിഐ അന്വേഷണം നടക്കുന്ന ഈ കേസില്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്‌. മുന്‍ റെയില്‍വേ മന്ത്രിയുടെ സ്റ്റാഫ്‌ അംഗങ്ങളും കുടുംബവും റെയില്‍വേ ബോര്‍ഡ്‌ വഴി ജോലി വില്‍ക്കുമ്പോഴും സിബിഐ അവകാശപ്പെടുന്നത്‌ മന്ത്രിക്ക്‌ ഇതിനെക്കുറിച്ച്‌ അറിവില്ലായിരുന്നു എന്നാണ്‌. ഗുജറാത്തിലെയും രാജസ്ഥാനിലെയും ബിജെപി നേതാക്കന്മാര്‍ക്കെതിരെ സിബിഐ പ്രകടിപ്പിച്ച ശുഷ്കാന്തിയുടെ ഒരംശം മാത്രം മതി ബന്‍സലിനെതിരെയുള്ള കേസ്‌ തെളിയിക്കാന്‍. ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ നേതൃത്വം നല്‍കുന്നത്‌ സിബിഐ അന്വേഷണത്തിനു വിധേയനായ വ്യക്തിയാണ്‌. മതിയായ തെളിവിന്റെ അടിസ്ഥാനത്തില്‍ ഒരു കേസില്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിനെ സിബിഐ ചോദ്യം ചെയ്തു എന്നു പറയപ്പെടുന്നു. കുറ്റം ആരോപിക്കപ്പെട്ട ലാലു പ്രസാദുമായി പാര്‍ട്ടി സഖ്യത്തിലാണ്‌. സത്യസന്ധതയോടെ പറയുകയാണെങ്കില്‍ തനിക്കെതിരെ അമൃത്സറില്‍ കോണ്‍ഗ്രസ്‌ നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥി കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയാണ്‌.
ക്യാപ്ടന്റെ ന്യായവാദം ഞാന്‍ പതിവായി രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ച്‌ സംസാരിക്കാറുണ്ട്‌. അതുപോലെ സ്ഥിരമായി പത്രങ്ങളിലും ഫേസ്ബുക്കിലും എഴുതാറുണ്ട്‌. മാധ്യമങ്ങള്‍ക്ക്‌ പതിവായി ഇന്റര്‍വ്യു നല്‍കാറുമുണ്ട്‌. ഭീകരവാദത്തിനെതിരെയുള്ള എന്റെ എതിര്‍പ്പ്‌ പരസ്യമാണ്‌. ഭീകരവാദത്തിനും സായുധ കലാപത്തിനും എതിരെ യുദ്ധം ചെയ്യേണ്ടതും അവ ഇല്ലാതാക്കേണ്ടതും അത്യാവശ്യമാണ്‌. മിക്കവാറുമുള്ള ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെക്കാള്‍ ഭീകരവാദത്തെ എതിര്‍ക്കുന്ന ഒരു വ്യക്തി കൂടിയാണ്‌ ഞാന്‍. എന്റെ ലേഖനങ്ങളും പ്രസംഗങ്ങളും എന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്‌. ഇവ ക്യാപ്ടന്‍ അമരിന്ദര്‍സിംഗ്‌ വായിച്ചിരുന്നെങ്കില്‍ ഭീകരവാദികളെയും ഭീകരവാദത്തെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന എന്റെ കാഴ്ചപ്പാടിനെതിരെ അപ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയില്ലായിരുന്നു.
ഭീകരവാദത്തിനും സായുധ കലാപത്തിനുമെതിരെ വാദിക്കുന്നതോടൊപ്പം ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ മോശമായി ആവിഷ്കരിക്കപ്പെട്ട ഒരു നടപടിയാണെന്ന്‌ പറയുന്നതില്‍ തെറ്റില്ല. ഈ ഓപ്പറേഷന്‍ ആസൂത്രണം ചെയ്ത വ്യക്തികള്‍ അതിന്റെ പരിണതഫലത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലായിരിക്കാം. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തികച്ചും മണ്ടത്തരമായിരുന്നുവെന്ന്‌ ഞാന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കിയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ്‌ ക്യാപ്ടന്‍ അമരിന്ദര്‍സിംഗ്‌. ഇതു നടപ്പിലാക്കിയ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ കല്‍പിച്ച വിധി മാനിച്ച്‌ ആദ്യം വൈമനസ്യം പ്രകടിപ്പിച്ച ക്യാപ്ടന്‍ തനിക്കെതിരെ മത്സരിക്കാന്‍ തയ്യാറായി. ക്യാപ്ടന്‍ ഇത്‌ നിഷേധിക്കേണ്ടതായിരുന്നു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറുമായി ബന്ധമുള്ള ഒരു പാര്‍ട്ടിയുമായി എന്തിന്‌ ക്യാപ്ടന്‍ ബന്ധപ്പെടണം? കുറ്റകൃത്യം ചെയ്ത്‌ പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുടെ വ്യവസ്ഥകള്‍ക്ക്‌ കീഴടങ്ങി എന്തിനുവേണ്ടി ആ പാര്‍ട്ടിയിലേക്ക്‌ തിരിച്ചുപോയി?
കോണ്‍ഗ്രസ്‌ ജനങ്ങളുടെ മനസ്സില്‍ നിന്ന്‌ അപ്രത്യക്ഷമായോ? കഴിഞ്ഞ രണ്ടു മാസമായി ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഗൂഗിള്‍ സംവാദത്തിലൂടെയും ഞാന്‍ ചര്‍ച്ചകളും മറ്റും നടത്താറുണ്ട്‌. സമ്പദ്‌ വ്യവസ്ഥ, അഴിമതി, നരേന്ദ്രമോദിയും ഉറച്ച സര്‍ക്കാരും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച്‌ എന്നോട്‌ ചോദിക്കാറുണ്ട്‌. ആം ആദ്മി പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടാറുണ്ട്‌. രസകരമെന്നു പറയട്ടെ, ഈ ചര്‍ച്ചകളിലോ സംവാദങ്ങളിലോ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെക്കുറിച്ച്‌ ഒരു ചോദ്യം പോലും ചോദിക്കാറില്ലായിരുന്നു. കോണ്‍ഗ്രസ്‌ പാര്‍ട്ടി ജനമദ്ധ്യത്തില്‍ നിന്ന്‌ അപ്രത്യക്ഷമാകുകയാണോ?
അരുണ്‍ ജെയ്റ്റ്ലി (പ്രതിപക്ഷ നേതാവ്‌, രാജ്യസഭ)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.