വികസനത്തിന്‌ ജനവിധി തേടി

Sunday 21 September 2014 10:07 am IST

കോട്ടയം: വികസനത്തിന്‌ ജനവിധി തേടിയാണ്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഡ്വ: നോബിള്‍ മാത്യു കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ജന മനഃസാക്ഷിക്ക്‌ മുന്നിലെത്തുന്നത്‌. മണ്ഡലത്തിലെ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന പ്രധാനപ്രശ്നങ്ങള്‍ക്ക്‌ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്‌. പരത്തിപ്പറയാതെ ചുരുങ്ങിയ വാക്കുകളില്‍ സമഗ്രവും വ്യക്തവുമായ മറുപടികള്‍. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം ചെല്ലുന്നിടത്തെല്ലാം അദ്ദേഹത്തിന്‌ മുതല്‍ക്കൂട്ടാകുന്നു. നാട്ടിന്‍പുറങ്ങളില്‍പോലും ചിരപരിചിതരെപ്പോലെ നാട്ടുകാരോടൊത്ത്‌ സ്ഥാനാര്‍ത്ഥിയുടെ പര്യടനം. മണ്ഡല പര്യടനത്തിന്റെ ഒന്നാം ദിവസത്തെ കാഴ്ചകള്‍ ഇതൊക്കെയാണ്‌.
കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ ജീവനാഡികളായ റബ്ബര്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസമേകുന്ന വാക്കുകള്‍ ദേശീയ ജനാധിപത്യ സഖ്യം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ കോട്ടയത്തുനിന്നും അതിന്റെ ഭാഗമാകാന്‍ കഴിയുന്ന താന്‍ മൂന്നുമാസത്തിനുള്ളില്‍ കിലോയ്ക്ക്‌ 200 രൂപയായി വില ഉയര്‍ത്താന്‍ പരിശ്രമിക്കും. ടയര്‍ ലോബികളും കേന്ദ്ര സംസ്ഥാന ഭരണകര്‍ത്താക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക്‌ വിരാമമിടും.
റബ്ബറിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കും. മണ്ഡലത്തിലെ മലയോര മേഖലയുടെ സുസ്ഥിര വികസനത്തിന്‌ ഉതകുന്ന പദ്ധതികളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജനങ്ങള്‍ക്കു മുന്നില്‍ വെയ്ക്കുന്നു. ശബരി റെയില്‍വേയുടെ സാക്ഷാത്കാരം സംസ്ഥാന ദേശീയ പാതകളുടെ നവീകരണം തുടങ്ങി മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ വികസനത്തിന്റെ നായകനായ നരേന്ദ്രമോദിനേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്‌ ആകുമെന്ന്‌ ഓര്‍മ്മിപ്പിച്ചുമാണ്‌ നോബിള്‍ മാത്യുവിന്റെ ചെറു പ്രസംഗങ്ങള്‍.
ശനിയാഴ്ച പുതുപ്പള്ളി മണ്ഡലത്തിലെ കൂരോപ്പടയില്‍നിന്നുമാണ്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പര്യടനം ആരംഭിച്ചത്‌. രാവിലെ 9 മണിയോടെ കൂരോപ്പട അമ്പലപ്പടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ്‌ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. സഹോദരി ഗീതമ്മ മാത്യുവില്‍നിന്നും അനുഗ്രഹം തേടിയശേഷമാണ്‌ നോബിള്‍ മാത്യു പര്യടനം ആരംഭിച്ചത്‌. സഹോദരിക്കൊപ്പം ഭാര്യ ടെസ്സി നോബിളും മകനും മകളും സഹോദരീഭര്‍ത്താവും അടുത്ത സുഹൃത്തുക്കളും മണ്ഡലത്തിലുടനീളം സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ട്‌. സ്വീകരണ സ്ഥലങ്ങളില്‍ കുടുംബാംഗങ്ങളും വോട്ടുതേടുന്നു.
കൂരോപ്പട അമ്പലപ്പടിയില്‍നിന്നും ആരംഭിച്ച പര്യടനം വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം ളാക്കാട്ടുര്‍ എംജിഎം സ്കൂള്‍ ജംഗ്ഷനിലെത്തിയപ്പോഴെക്കും പെയിലറ്റ്‌ വാഹനത്തിലെത്തിയ ബിജെപി നേതാക്കള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയുടെ നേര്‍ചിത്രവും വാജ്പേയ്‌ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വിവരിച്ച്‌ കളമൊരുക്കിയിരുന്നു. സ്വീകരണത്തിനുശേഷം വീണ്ടും സ്ഥാനാര്‍ത്ഥിയുടെ ഹ്രസ്വമായ മറുപടി പ്രസംഗം. കുറ്റപ്പെടുത്തലുകള്‍ക്കോ വ്യക്തിഹത്യകള്‍ക്കോ മുതിരാതെ രാഷ്ട്രത്തിന്റെ വികസന സങ്കല്‍പങ്ങള്‍ നടപ്പാക്കാന്‍ ഇച്ഛാശക്തിയുള്ളനേതാവിനൊപ്പം അണിചേരാനുള്ള ആഹ്വാനം മാത്രം. വീണ്ടും അടുത്ത സ്വീകരണ സ്ഥലത്തേക്ക്‌. കത്തിക്കാളുന്ന ഉച്ചവെയിലിനെ കുളിര്‍മഴയാക്കി സ്ഥാനാര്‍ത്ഥിയും സംഘവും പര്യടനം തുടര്‍ന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കൂരോപ്പട പഞ്ചായത്തില്‍നിന്നും പാമ്പാടി പഞ്ചായത്തിലേക്ക്‌. ഉച്ചക്ക്‌ മൂന്നുമണിയോടെ ഉച്ചഭക്ഷണം. സമയം ഏറെ വൈകിയതുകൊണ്ട്‌ വിശ്രമമില്ലാതെ മീനടം പഞ്ചായത്തിലേക്ക്‌ പ്രയാണം തുടര്‍ന്നു. വാകത്താനം പഞ്ചായത്തിലെ സ്വീകരണ ചടങ്ങുകള്‍ക്കൂടി കഴിഞ്ഞതോടെ പകലോന്‍ പടിഞ്ഞാറ്‌ ചാഞ്ഞു വിശ്രമമില്ലാതെ ക്ഷീണമേതും അറിയാതെ സ്ഥാനാര്‍ത്ഥിയും സംഘവും നേതാക്കളും പുതുപ്പള്ളി പഞ്ചായത്തിലേക്ക്‌ രഥമോടിച്ചു. രാത്രി വൈകി പുതുപ്പള്ളി കവലയില്‍ സമാപനം. അവിടെ ഗുജറാത്തിലെ ജ്യോഷ്ഠസഹോദര സ്ഥാനീയനായ നരേന്ദ്രമോദിയുടെ വികസന സങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന്‌ അണിചേരാന്‍ ആഹ്വാനം. ഒരു ദിവസത്തെ പ്രയാണത്തിന്‌ അറുതിവരുത്തി വീണ്ടും പുലര്‍ച്ചെ ജനങ്ങളുടെ ഇടയിലേക്കിറങ്ങാനുള്ള തീരുമാനവുമായി രാത്രി വൈകി മടക്കം.
കെ.ജി. മധുപ്രകാശ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.