ജനകീയ പ്രതിപക്ഷ നേതാവ്‌

Friday 28 March 2014 9:31 pm IST

അനീതിക്കെതിരെ അക്ഷമനായ പോരാളിയെന്നാണ്‌ സൈബര്‍ ലോകത്ത്‌ കെ.സുരേന്ദ്രനെന്ന രാഷ്ട്രീയ നേതാവിന്റെ വിശേഷണം. കെ.സുരേന്ദ്രന്‍ എന്നത്‌ ഇന്ന്‌ ഒരു രാഷ്ട്രീയ നേതാവിന്റെ പേര്‌ മാത്രമല്ല. ഇടത്‌ വലത്‌ മുന്നണികളുടെ ഒത്തുകളിയില്‍ രാഷ്ട്രീയം തുടര്‍ച്ചയായി അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ ആദര്‍ശ ധീരതയുടെ പ്രതീകമാകുന്നു സുരേന്ദ്രന്‍. സോളാര്‍ കുംഭകോണവും ടി.പി വധവും ഉള്‍പ്പെടെ സമീപകാല ഉദാഹരണങ്ങള്‍ അനവധി. കേരളത്തിന്റെ ജനകീയ പ്രതിപക്ഷനേതാവെന്ന വിശേഷണമാണ്‌ പലരും സുരേന്ദ്രന്‌ നല്‍കുന്നത്‌.
വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെ തുടങ്ങി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയിലെത്തിയ സുരേന്ദ്രനെ പൊതുസമൂഹത്തിന്‌ മുന്നില്‍ പ്രിയങ്കരനാക്കുന്നത്‌ വിട്ടുവീഴ്ചയില്ലാത്ത സമരപോരാട്ടമാണ്‌. താത്കാലിക ലാഭത്തിന്‌ വേണ്ടി ബലികഴിക്കേണ്ടതല്ല ആദര്‍ശമെന്ന്‌ വിപ്ലവപ്രസ്ഥാനങ്ങളിലെ അണികള്‍ പോലും തിരിച്ചറിയുന്നത്‌ സുരേന്ദ്രനിലൂടെയാണ്‌.
യുവമോര്‍ച്ചയുടെ സാരഥ്യം ഏറ്റെടുത്തതോടെയാണ്‌ കെ.സുരേന്ദ്രന്റെ പോരാട്ട വീര്യം കേരളം തിരിച്ചറിഞ്ഞു തുടങ്ങിയത്‌. ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെ സംസ്ഥാനമൊട്ടാകെ യുവമോര്‍ച്ച സുരേന്ദ്രന്റെ നേതൃത്വത്തില്‍ സമരപരമ്പരകള്‍ നടത്തി. കോവളം കൊട്ടാരത്തിന്റെ ഭൂമി കയ്യേറിയത്‌ ഒഴിപ്പിക്കുന്നതിന്‌ സുരേന്ദ്രന്‍ തെളിച്ച പ്രക്ഷോഭ ജ്വാല പിന്നീട്‌ കേരളമാകെ പടര്‍ന്നു. വിവിധ രാഷ്ട്രീയ സംഘടനകള്‍ വിഷയമേറ്റെടുക്കുകയും കൊഴിഞ്ഞുപോവുകയും ചെയ്തപ്പോഴും സുരേന്ദ്രനും യുവമോര്‍ച്ചയും അവസാനം വരെ പൊരുതി. സമരത്തിനിടെ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി ഏറെക്കാലം ആശുപത്രിയിലായെങ്കിലും സുരേന്ദ്രന്റെ സമരവീര്യത്തെ തടഞ്ഞുനിര്‍ത്താന്‍ ഭരണാധികാരികള്‍ക്കായില്ല. കോഴിക്കോട്‌ ലീഗ്‌ നേതാവ്‌ അബ്ദുള്‍ വഹാബിന്റെ ഭൂമി കയ്യേറ്റം പുറത്തെത്തിച്ചതും സുരേന്ദ്രന്‍ നയിച്ച നിരന്തര സമരമാണ്‌. വിപ്ലവ സംഘടനകള്‍ പോലും മൗനം പാലിച്ചിടത്തേക്ക്‌ ഇടിമുഴക്കമായി സുരേന്ദ്രന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച കടന്നുചെന്നതിന്‌ ഉദാഹരണങ്ങള്‍ നിരവധി.
ടി.പി.വധം, സോളാര്‍കേസ്‌, ചക്കിട്ടപ്പാറ ഖാനനം തുടങ്ങിയ ഇടത്‌ വലത്‌ മുന്നണികള്‍ ഒത്തുകളിച്ച വിഷയങ്ങളില്‍ സുരേന്ദ്രന്റെ ഇടപെടലുകള്‍ ഏറ്റവുമൊടുവില്‍ നാം കണ്ടു. രാഷ്ട്രീയ ധാര്‍മ്മികതയെ പടിക്ക്‌ പുറത്താക്കി അണികളെ വഞ്ചിച്ച്‌ ഭരണ പ്രതിപക്ഷങ്ങള്‍ രഹസ്യധാരണയുണ്ടാക്കുന്നത്‌ സുരേന്ദ്രന്‍ തുറന്ന്‌ കാട്ടി. മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഒത്താശയോടെ നടന്ന കോടികളുടെ സോളാര്‍ കുംഭകോണ കേസ്‌ സുരേന്ദ്രന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ തുടക്കത്തിലേ അവസാനിക്കുമായിരുന്നു. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും സൂക്ഷിക്കണമെന്ന്‌ ആദ്യം വിളിച്ചുപറഞ്ഞത്‌ സുരേന്ദ്രനാണ്‌. മുഖ്യധാരാ മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യത്തോട്‌ മുഖം തിരിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ പങ്കും സുരേന്ദ്രന്‍ ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞു. സരിതയുടെ മൊഴി അട്ടിമറിച്ചത്‌ തെളിവുകള്‍ സഹിതം പുറത്തെത്തി. സുരേന്ദ്രന്റെ ആരോപണങ്ങള്‍ മുഴുവന്‍ ശരിയെന്ന്‌ മണിക്കൂറുകള്‍ക്കകം രാഷ്ട്രീയ കേരളത്തിന്‌ ബോധ്യപ്പെട്ടു. സരിതമാരുടെ സാരി ഞൊറികള്‍ക്കിടയില്‍ കിടന്ന്‌ കേരളത്തിലെ ഇടതു വലതു നേതാക്കന്മാര്‍ അശ്ലീലം പറയുമ്പോള്‍ പകല്‍ മാന്യന്മാരുടെ തനിനിറം പുറത്ത്‌ കൊണ്ടു വന്ന്‌ അവരുടെ ഉറക്കം കെടുത്തുന്നു ഇന്ന്‌ സുരേന്ദ്രന്റെ വാക്കുകള്‍.
ചക്കിട്ടപ്പാറ ഖാനനത്തിലേയും ടി.പി വധത്തിലേയും ഒത്തുകളി പൊതുസമൂഹത്തിനുമുന്നില്‍ അനാവൃതമാക്കിയത്‌ സുരേന്ദ്രനാണ്‌. സ്വര്‍ണ്ണക്കള്ളക്കടത്തുകാരന്‍ ഫയാസിന്‌ സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ വിശ്വസിക്കാത്തവര്‍ക്ക്‌ മുമ്പില്‍ പിന്നീട്‌ അതിന്റെ തെളിവുകള്‍ നിരന്നു.
മതഭീകരവാദത്തെ വെല്ലുവിളിച്ച്‌ നാറാത്തേക്കും ഗ്രീന്‍വാലിയിലേക്കും സുരേന്ദ്രന്‍ നയിച്ച മാര്‍ച്ച്‌ വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയം കളിക്കുന്ന മുന്നണികള്‍ക്കുള്ള താക്കീത്‌ കൂടിയായി. കാസര്‍കോട്ട്‌ മുസ്ലിംലീഗ്‌ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ പ്രവര്‍ത്തനം തുറന്നെതിര്‍ക്കപ്പെടുന്നത്‌ സുരേന്ദ്രന്റെ സാന്നിധ്യം മൂലമാണ്‌. ഭാഷാന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടപ്പോഴും സുരേന്ദ്രന്‍ രംഗത്തെത്തി.
രാഷ്ട്രീയ കേരളത്തെ ഒന്നാകെ നാണം കെടുത്തി ഇടതുപക്ഷത്തിന്റെ ഒത്തുകളി സമരങ്ങള്‍ അപഹാസ്യമായി അവസാനിക്കുമ്പോഴും പോരാട്ടം തുടര്‍ന്ന്‌ സുരേന്ദ്രന്‍ മുന്‍നിരയിലുണ്ട്‌. രാഷ്ട്രീയ സദാചാരത്തിനും ധാര്‍മ്മികതക്കും തരിമ്പും വിലകല്‍പ്പിക്കാതെ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നാകുന്ന കേരളത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന യഥാര്‍ത്ഥ പ്രതിപക്ഷ നേതാവാണ്‌ സുരേന്ദ്രന്‍ - കേരള രാഷ്ട്രീയം ആഗ്രഹിക്കുന്ന തന്റേടമുള്ള യഥാര്‍ത്ഥ പോരാളി.
കെ. സുജിത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.