പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു - പി.സി ജോര്‍ജ്

Wednesday 14 September 2011 4:46 pm IST

തിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി നടപടികളില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം നടത്തണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. വിജിലന്‍സ് ജഡ്ജിക്കെതിരേ രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ്‌ കോടതി ജഡ്ജിക്കെതിരെ രാഷ്‌ട്രപതിക്ക്‌ പരാതി അയച്ചത്‌ പൗരനെന്ന നിലയില്‍ തന്നെയാണ്. താന്‍ പരാതി അയച്ചത്‌ ചില മഠയന്മാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ പറയുന്ന വി.എസ്‌ അച്യുതാനന്ദന്‍ അദ്ദേഹത്തെ ഉപദേശിക്കുന്ന മഠയന്മാരുടെ മണ്ടത്തരം തിരിച്ചറിയണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. താന്‍ നടത്തിയതു ഭരണഘടനാ ലംഘനമാണെന്ന് പറഞ്ഞവര്‍ അതില്‍ നിന്നു പിന്‍മാറി. കീഴ്‌വഴക്കമില്ല എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നതെന്നും വി.ഡി. സതീശന്റെ പേരു സൂചിപ്പിക്കാതെ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്. കീഴ്‌വഴക്കങ്ങള്‍ ഉണ്ടാകുന്നത്‌ എങ്ങിനെയാണെന്ന്‌ വി ഡി സതീശനും കൂട്ടരും പഠിക്കണമെന്നും ജോര്‍ജ്ജ്‌ പറഞ്ഞു. പാമോയില്‍ കേസില്‍ വിജിലന്‍സ്‌ ജഡ്ജിക്കെതിരെ പരാതി നല്‍കിയത്‌ തെറ്റായ കീഴ്‌വഴക്കമാണെന്ന സതീശന്റെ പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി കാര്‍ത്തികേയനെതിരെ അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ കോടതിക്കു മുമ്പാകെ ഒരു പെറ്റീഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ഉത്തരവിട്ടപ്പോള്‍ ഒരു പെറ്റീഷനും കോടതിക്ക്‌ മുമ്പാകെ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസുകാരനായ കാര്‍ത്തികേയനെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ടപ്പോള്‍ കോണ്‍ഗ്രസുകാരനായ സതീശന്‍ എവിടെപ്പോയെന്നും ജോര്‍ജ്ജ്‌ ചോദിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ചീഫ്‌ വിപ്പിന്‌ പ്രതിപക്ഷ നേതാവിനേക്കാള്‍ മുകളിലാണ്‌ സ്ഥാനം. താന്‍ ഈ സ്ഥാനത്തിന്‌ വേണ്ടി വാശി പിടിച്ചിട്ടില്ല. താന്‍ അനര്‍ഹമായി ആനുകൂല്യം പറ്റുന്നില്ല. താന്‍ അര്‍ഹമായി ആനുകൂല്യം പറ്റുന്നുവെന്ന്‌ ആരോപിക്കുന്ന വി.എസ്‌, പ്രതിപക്ഷ നേതാവ്‌ എന്ന നിലയില്‍ ഇന്നുവരെ അദ്ദേഹം കൈപ്പറ്റിയ മുഴുവന്‍ ആനുകൂല്യവും അര്‍ഹതപ്പെട്ടതാണോ എന്ന്‌ പരിശോധിക്കേണ്ടിവരും. നിയമസഭാ സമാജികര്‍ക്ക്‌ നല്‍കിയിരിക്കുന്ന ഹാന്‍ഡ്‌ ബുക്കില്‍ ചീഫ്‌ വിപ്പിന്റെ അധികാരത്തെയും അവകാശത്തെയും കുറിച്ച്‌ പറയുന്നുണ്ട്‌. മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും പോലെ ചീഫ്‌ വിപ്പിന്‌ ഔദ്യോഗിക വസതിക്ക്‌ അവകാശമുണ്ട്‌. തനിക്ക്‌ വസതി അനുവദിച്ചതാണെന്നും സ്‌പീക്കറുടെ അനുമതിയോടെ താന്‍ അത്‌ വേണ്ടെന്നു വച്ചാണ്‌ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ താമസം തുടരുന്നത്‌. സര്‍ക്കാരിന്റെ പണം അനാവശ്യമായി പാഴാക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഈ നടപടി. അല്ലാതെ, പ്രതിപക്ഷ നേതാവിനെപ്പോലെ ഇഷ്‌ടപ്പെട്ട വീടിനു വേണ്ടി താന്‍ വാശി പിടിച്ചിട്ടില്ലെന്നും പി.സി.ജോര്‍ജ്ജ്‌ പറഞ്ഞു. പി ജെ ജോസഫുമായി തനിക്ക്‌ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും ജോര്‍ജ്ജ്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.