രൂപയുടെ മൂല്യം ഏറ്റവും താഴ്‌ന്ന നിലയില്‍

Wednesday 14 September 2011 5:12 pm IST

മുംബൈ: യു.എസ്‌ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. രൂപയുടെ മൂല്യം 34 പൈസ കുറഞ്ഞ്‌ ഡോളറിന്‌ 47.93 രൂപ എന്ന നിരക്കിലെത്തി. 2009 സെപ്റ്റംബറിന് ശേഷം രണ്ടു വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ശക്‌തമായ തിരിച്ചടിയാണ്‌ രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്‌. ഇന്നലെ 37 പൈസ കുറഞ്ഞ രൂപ 47.59 എന്ന നിരക്കില്‍ എത്തിയിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ ഓഹരി വിപണികളെ ബാധിച്ചിട്ടുണ്ട്‌. സ്വര്‍ണവിലയിലും ആഭ്യന്തര വിപണിയില്‍ മുന്നേറ്റ, പ്രകടമാണ്‌. വിദേശ നാണ്യ വിനിമയ രംഗത്ത് ഡോളറിന് ഡിമാന്‍ഡ് ഉയര്‍ന്നതാണ് നിലവിലെ വിലിയിടിവിന് കാരണം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കടബാധ്യതയില്‍ നിന്ന് കരകയറാനായേക്കില്ലെന്ന അനുമാനത്തെ തുടര്‍ന്ന് ഡോളറിന് ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. പണപ്പെരുപ്പം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വരാനിരിക്കുന്നതും രൂപയുടെ വിലയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍.ബി.ഐ നിരക്കുകള്‍ ഇനിയും വര്‍ധിപ്പിച്ചേക്കുമെന്ന് കരുതുന്നു.