ഗ്യാസ്‌ ടാങ്കര്‍ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു

Saturday 29 March 2014 9:44 pm IST

കോഴിക്കോട്‌: പാചകവാതകം നിറച്ച ടാങ്കര്‍ ലോറി ഗുഡ്സ്‌ ഓട്ടോയ്ക്ക്‌ മുകളിലേയ്ക്ക്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. ഇന്നലെ വൈകിട്ട്‌ നാല്‌ മണിയോടെ കോര്‍പ്പറേഷന്‍ പരിധിയില്‍ വെസ്തില്‍ ചുങ്കത്താണ്‌ അപടകം. ഗുഡ്സ്‌ ഓട്ടോ ഡ്രൈവര്‍ തടങ്ങാട്ട്‌ വയല്‍ രവി (65) ആണ്‌ മരിച്ചത്‌.
അമിത വേഗതയില്‍ വന്ന ടാങ്കര്‍ ലോറി റോഡരികില്‍ സാധനങ്ങള്‍ ഇറക്കുകയായിരുന്ന ഓട്ടോയ്ക്ക്‌ മുകളില്‍ മറിയുകയായിരുന്നു.
ടാങ്കറില്‍ നിന്ന്‌ വാതക ചോര്‍ച്ച ഉണ്ടായ സാഹചര്യത്തില്‍ അപകടം നടന്ന സ്ഥലത്തിന്‌ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന്‌ ജനങ്ങളെ പോലീസ്‌ ഒഴിവാക്കി. ടാങ്കറിന്റെ ചോര്‍ച്ചയുണ്ടായ ഭാഗം മണ്ണില്‍ പൂഴ്‌ന്ന നിലയിലായതിനാല്‍ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു. ഇതു വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.
അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ്‌ സംഘം മുന്‍കരുതലെന്ന നിലയില്‍ വെള്ളം ചീറ്റി ടാങ്കര്‍ തണുപ്പിച്ച്‌ നിര്‍ത്താനുള്ള ശ്രമമാണ്‌ ആദ്യം നടത്തിയത്‌. ഐഒസിയുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ജില്ലാ കലക്ടര്‍ സിഎ.ലത, പോലീസ്‌ മേധാവി എന്‍. ശങ്കര്‍റെഡ്ഡി എന്നിവരും സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്ത്‌ സുരക്ഷാ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി.
സ്വകാര്യടാങ്കര്‍ ലോറി ഡ്രൈവര്‍ നിത്യാനന്ദനെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. രണ്ട്‌ ഡ്രൈവര്‍മാര്‍ ടാങ്കര്‍ ലോറിയില്‍ വേണമെന്നാണ്‌ നിയമമെങ്കിലും അപകടം നടന്ന ലോറിയില്‍ ഡ്രൈവറുടെ സാഹയിമാത്രമാണ്‌ ഉണ്ടായിരുന്നത്‌. മറിഞ്ഞടാങ്കറില്‍ നിന്ന്‌ മറ്റൊരു വണ്ടിയിലേക്ക്‌ ഐഒസി അധികൃതരുടെ നേതൃത്വത്തില്‍ ഇന്ധനം മാറ്റി നിറച്ചു.
നഗരപ്രദേശത്തുണ്ടായ ടാങ്കര്‍ ലോറി അപകടം ജനങ്ങളെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തി. കണ്ണൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ ഉണ്ടായ ടാങ്കര്‍ ലോറി അപകട ദുരന്തങ്ങളില്‍ നിന്ന്‌ ബന്ധപ്പെട്ടവര്‍ പാഠം പഠിച്ചില്ലെന്നതിന്റെ തെളിവാണ്‌ ഇന്നലെ കോഴിക്കോട്ടുണ്ടായ അപകടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.